മധ്യപ്രദേശ്: സുപ്രീംകോടതിയില്‍ ബി.ജെ.പിക്ക് തിരിച്ചടി

255
ബംഗളൂരുവിലെ റിസോര്‍ട്ടിലുള്ള എം.എല്‍.എമാരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മധ്യപ്രദേശിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ഠനെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍

വിമത എം.എല്‍.എമാരെ പിടിച്ചുവെക്കാന്‍ പാടില്ല

മധ്യപ്രദേശിലെ 16 വിമത കോണ്‍ഗ്രസ് എം.എല്‍.എമാരെ ജഡ്ജിമാരുടെ ചേംബറില്‍ ഹാജരാക്കാമെന്ന ബി.ജെ.പിനിര്‍ദേശം സുപ്രീംകോടതി തള്ളി. നിയമസഭയില്‍ എം.എല്‍. എമാര്‍ ഹാജരാവുകയോ, പോകാതിരിക്കുകയോ ചെയ്യാം എന്നാല്‍ അവരെ പിടിച്ചു വെക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
നിയമസഭാ സാമാജികര്‍ക്ക് ആരോടാണ് വിശ്വാസമെന്ന കാര്യത്തില്‍ കോടതി അവരെ തടയുന്നില്ലെന്നും എന്നാല്‍ 16 വിമത എം.എല്‍.എമാര്‍ക്കും സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള അവകാശം ഉറപ്പു വരുത്തുമെന്നും ജസ്റ്റിസുമാരായ ഡി. വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവിരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വിമത എം. എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് പറഞ്ഞ കോടതി വിമതരെ ചേംബറില്‍ ഹാജരാക്കാമെന്ന ബി.ജെ.പിയുടെ വാദം തള്ളുകയും ചെയ്തു.
വിമത എം.എല്‍.എമാരുടെ അടുത്തേക്ക് രജിസ്ട്രാര്‍ ജനറലിനെ അയക്കണമെന്ന ബി. ജെ.പിയുടെ ആവശ്യവും കോടതി തള്ളി. ഹര്‍ജിയില്‍ ഇന്ന് 10.30 ന് വീണ്ടും വാദം കേള്‍ക്കും. ഭരണഘടനാ കോടതി എന്ന നിലയില്‍ തങ്ങള്‍ തങ്ങളുടെ കടമ നിര്‍വഹിക്കും. മധ്യപ്രദേശില്‍ കുതിരക്കച്ചവടം തടയുന്നതിനാണ് പ്രഥമ പരിഗണനയെന്നും കോടതി പറഞ്ഞു. ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ വിശ്വാസ വോട്ട് തേടാന്‍ ആവശ്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് കോടതിയില്‍ പറഞ്ഞു. കേസ് ഭരണഘടനാ ബെഞ്ചിന് വിടണമെന്നും അത് വരെ ഉത്തരവിറക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. രാജിവെച്ച എം.എല്‍.എമാരുടെ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നത് വരെ വിശ്വാസ വോട്ടെടുപ്പ് നീട്ടിവെക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കമല്‍ നാഥ് അത് വരെ മുഖ്യമന്ത്രിയായി ഇരിക്കുന്നത് കൊണ്ട് ആകാശം ഇടിഞ്ഞ് വീഴില്ലെന്നും കോണ്‍ഗ്രസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദാവേ കോടതിയില്‍ പറഞ്ഞു. സര്‍ക്കാറിന് ഭൂരിപക്ഷമില്ലെന്ന് ഗവര്‍ണര്‍ ഏകപക്ഷീയമായാണ് പ്രഖ്യാപിക്കുന്നത് ഇത് ഭരണഘടനാ വിരുദ്ധമാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. എന്നാല്‍ വിശ്വാസ വോട്ടെടുപ്പ് വൈകിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ബി.ജെ.പിക്ക് വേണ്ടി ഹാജരായ മുകുള്‍ റോഹത്ഗി വാദിച്ചു. ആവശ്യമെങ്കില്‍ എം.എല്‍.എമാരെ ഹാജരാക്കാമെന്നും അദ്ദേഹം പറഞ്ഞു.