സയ്യിദ് എസ്.എം.കെ തങ്ങള്‍ തിരക്കിലാണ്. എഴുപതിന്റെ നിറവിലും യുവത്വത്തിന്റെ പ്രസരിപ്പോടെ ഓടി നടക്കുകയാണ് അദ്ദേഹം. ഒരു പുരുഷായുസ് മുഴുവനും സമുദായത്തിനും സമൂഹത്തിനും വേണ്ടി കര്‍മ നിരതമാക്കി ഏറ്റെടുക്കുന്ന സ്ഥാനമാനങ്ങളോട് നൂറ് ശതമാനവും കൂറ് പുലര്‍ത്തുന്ന തങ്ങള്‍, പുതിയ തലമുറക്ക് ഒരു പാഠ പുസ്തകമാണ്.
സയ്യിദ് അബൂബക്കര്‍ ആറ്റക്കോയ തങ്ങളുടെയും സയ്യിദത്ത് ശരീഫ മുത്തു ബീവിയുടെയും മകനായി 1949ല്‍ പൊന്നാനി താലൂക്കിലെ തണ്ണീര്‍ക്കോട് കൂനംമൂച്ചിയിലാണ് ജനനം. അക്കാലത്ത് തന്നെ അഫ്സലുല്‍ ഉലമ ബിരുദം കരസ്ഥമാക്കി അധ്യാപക ജോലിയില്‍ പ്രവേശിച്ചുവെങ്കിലും പ്രവാസത്തോടുള്ള കൗതുകം ആ ജോലിയില്‍ നിന്നും രാജി വെക്കാന്‍ കാരണമായി. കടല്‍ കടന്നു. ബഹ്റൈനില്‍ ഒരു വ്യാഴവട്ടവും പിന്നീട് ദുബൈയില്‍ 15 വര്‍ഷവുമായി നീണ്ട മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസം.
രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന പച്ചയോടുള്ള സ്നേഹം സേവന രംഗത്ത് സജീവമാക്കി. ചന്ദ്രിക റീഡേഴ്സ് ഫോറം മുതല്‍ ഇന്ന് ലോകമാകെ പടര്‍ന്നു പന്തലിച്ച കെഎംസിസി എന്ന തണല്‍ മരത്തിന്റെ രൂപീകരണത്തില്‍ വരെ പ്രധാന പങ്ക് വഹിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഓര്‍മകളിലെ സുവര്‍ണ കാലമായാണ് അക്കാലത്തെ തങ്ങള്‍ ഓര്‍ത്തെടുക്കുന്നത്. ലോകത്തിലെ മുഴുവന്‍ കെഎംസിസി പ്രവര്‍ത്തനങ്ങള്‍ക്കും മാതൃകയാണ് ദുബൈ കെഎംസിസി. ആ മഹാ സംരംഭത്തിന് തുടക്കക്കാരനാവാന്‍ ഭാഗ്യം ലഭിച്ചവരില്‍ ഒരാളാവാന്‍ കഴിഞ്ഞത് ജീവിത സൗഭാഗ്യമായി തങ്ങള്‍ കരുതുന്നു. ദേര അബ്രക്ക് സമീപം സി.പി ബാവ ഹാജിയുടെ ഓഫീസിലും പിന്നീട് സബ്ഖയിലെ അബ്ബാസ് ഹാജിയുടെ വൈറ്റ് ഹൗസ് ഓഫീസിലുമായി നടന്ന സംഘടനാ പ്രവര്‍ത്തനങ്ങളുടെ മനോഹാരിത ഓര്‍ത്തെടുക്കുകയാണ് തങ്ങള്‍. ഇല്ലായ്മകളുടെ കാലത്തും ലീഗിനെ സ്നേഹിച്ച സാധാരണക്കാരുടെ നൊമ്പരങ്ങളിലൂടെ ഓര്‍മകള്‍ പായിച്ചു അദ്ദേഹം. പ്രസംഗ പരിശീലനവും സാഹിത്യ സമാജങ്ങളുമുള്പ്പെടെ രാത്രികളെ സജീവാക്കിയിരുന്ന കാലം. ഇന്നത്തെ പോലെ വാര്‍ത്താ മാധ്യമങ്ങള്‍ സുലഭമല്ലാത്ത സമയം. ദിന പത്രങ്ങള്‍ ആഴ്ചയിലും മാസത്തിലും ലഭിച്ചിരുന്ന കാലത്തും ചന്ദ്രിക പത്രം ലഭിക്കാനും വായിക്കാനും കാത്തിരുന്ന് ചെലവഴിച്ച കാലം ഇന്നും തങ്ങളുടെ ഓര്‍മകളില്‍ ഒളി മങ്ങാതെയുണ്ട്.
അക്കാലത്ത് ചന്ദ്രികയിലേക്ക് വാര്‍ത്ത എഴുതുന്നതിലും അയക്കുന്നതിലും കൃത്യമായി ഫോളോ അപ് ചെയ്യുന്നതിലും ജാഗ്രത പുലര്‍ത്തിയിരുന്ന തങ്ങളെ തന്നെയായിരുന്നു വാര്‍ത്ത അയക്കാനായി എല്ലാവരും ആശ്രയിച്ചിരുന്നത്. ഇന്ത്യന്‍ എംബസിയുമായി സഹകരിച്ച് കെഎംസിസി നടത്തി വരുന്ന പാസ്പോര്‍ട്ട് സെല്ലിന് തുടക്കക്കാരായവരുടെ കൂട്ടത്തിലും തങ്ങളുടെ കൈകളുണ്ട്. അന്ന് വിദേശ കാര്യ മന്ത്രിയായിരുന്ന പി.എം സഈദ് സാഹിബിനെ കണ്ടതും നിവേദനം നല്കിയതും അതിവിദൂരമല്ലാത്ത സമയം തന്നെ ആ സ്വപ്നം യാഥാര്‍ത്ഥ്യമായതും നിറഞ്ഞ ചാരിതാര്‍ത്ഥ്യത്തോടെ തങ്ങള്‍ ഓര്‍ത്തെടുത്തു.
പോയ കാലത്ത് ഈ പ്രസ്ഥാനത്തിന് നിഴലായി നേതൃത്വം നല്കിയ ചിലരെല്ലാം കാലയവനികയില്‍ മറഞ്ഞു പോയി.
മര്‍ഹൂം അബ്ബാസ് ഹാജി, മലപ്പുറം അബ്ദുള്ള സാഹിബ് തുടങ്ങിയ നിരവധി നേതാക്കളോട് ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞു. സി.പി ബാവ ഹാജി, അയിലക്കാട് മുഹമ്മദ് ഹാജി, യഹ്യ തളങ്കര, ഇബ്രാഹിം എളേറ്റില്‍, എ.പി കരീം, ചെമ്മുക്കന്‍ യാഹുമോന്‍, പാലക്കാട് ജില്ലയില്‍ നിന്നും ബീരാവുണ്ണി തൃത്താല, ഈസ ദാരിമി, ബഷീര്‍ അലനല്ലൂര്‍, മുഹമ്മദ് പട്ടാമ്പി തുടങ്ങിയ നിര നീണ്ട് കിടക്കുന്നു.
പാലക്കാട് ജില്ലയില്‍ മുസ്ലിം ലീഗ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള തൃത്താല മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റിയുടെ പ്രസിഡണ്ടാണ് തങ്ങളിപ്പോള്‍. നൂറുകണക്കിന് വീടുകളുള്ള തണ്ണീര്‍ക്കോട് മഹല്ലിനെ കഴിഞ്ഞ ഒരു പതിറ്റാണ്ടായി നയിക്കുന്നതും ആ കരങ്ങള്‍ തന്നെയാണ്. പ്രശ്നങ്ങള്‍ തങ്ങള്ക്കിഷ്ടമാണ്. പരിഹാരം തങ്ങളില്‍ ഉണ്ടെന്നത് തന്നെയാണ് അതിന് കാരണം.
പാര്‍ട്ടി പരിപാടിക്ക് കൊടി കെട്ടാനും ജാഥ വിളിച്ചു മുന്നില്‍ നടക്കാനും തേരാളിയായി തങ്ങള്‍ ഉണ്ടാകും. വലുപ്പ-ചെറുപ്പ ഭേദമില്ലാതെ എല്ലാവരോടും ഒരു പോലെ പെരുമാറുന്ന പ്രകൃതം. പൂര്‍വിക മാതൃക പിന്‍പറ്റണമെന്ന് സദാ പറയുക മാത്രമല്ല, അതെങ്ങനെയാവണമെന്ന് പ്രവൃത്തി പഥത്തില്‍ കാണിച്ചു തരിക കൂടി ചെയ്യുന്നുണ്ട് അദ്ദേഹം.
കാലം നല്കിയ നിയോഗങ്ങളെ അര്‍പ്പണ ബോധത്തോടെ ഏറ്റെടുത്ത് ചെയ്തു തീര്‍ക്കാന്‍ ഇനിയുമേറെ ബാക്കിയുണ്ടെന്ന് തന്നോട് തന്നെ പറഞ്ഞു കൊണ്ട് തങ്ങളിപ്പോഴും ഓടുകയാണ്, ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക്, തിരക്കുകളിലൂടെ ജീവിച്ച്.
സയ്യിദത് ത്വാഹാ ബീവിയാണ് ഭാര്യ. ആയുര്‍വേദ-യൂനാനി-പാരമ്പര്യ ചികിത്സയില്‍ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കുടുംബമാണ് തങ്ങളുടേത്. മൂത്ത മകന് സയ്യിദ് ആബിദ് ഹുസൈന് തങ്ങളും ഭാര്യ ത്വാഹാ ബീവിയും ആ പാരമ്പര്യത്തിന്റെ കണ്ണിയെ ഇന്നും നിലനിര്‍ത്തി പോരുന്നു. സക്കീര്‍ ഹുസൈന് തങ്ങള്‍, ജാഫര്‍ സാദിഖ് തങ്ങള്‍ (ഇരുവരും ദുബൈ), അഫ്സത്ത് ബീവി, ബുഷ്റ ബീവി എന്നിവരാണ് മറ്റു മക്കള്‍.
പാലക്കാട് ജില്ലയില്‍ ആയുര്‍വേദത്തിന് പേര് കേട്ട തൃത്താലയിലെ കൂറ്റനാട്ട് പുതുതായി നിര്‍മിക്കാന്‍ പോകുന്ന വലിയൊരു ബഹുമുഖ പദ്ധതിയുടെ പ്രചാരണാര്‍ത്ഥം യുഎഇയിലെത്തിയതാണ് തങ്ങളിപ്പോള്‍. തൃശൂര്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിയും വാഗ്മിയുമായ അഡ്വ. മുഹമ്മദ് ഗസ്സാലിയും ബ്രിട്ടന് കെഎംസിസി സ്ഥാപകരില്‍ പ്രമുഖനായ കെ.വി.കെ മൊയ്തുവും പ്രവാസി ലീഗ് നേതാവ് കെ.ടി സുലൈമാനും അദ്ദേഹത്തോടൊപ്പമുണ്ട്.
-ടി.എം.എ സിദ്ദിഖ്