സ്വപ്നങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് സ്വര്‍ണം നല്‍കി സുമംഗലികളാക്കാന്‍ ഷാനവാസ് ഖാന്‍

ഷാനവാസ് ഖാന്‍

അബുദാബി: സ്വപ്നം കാണാന്‍ പോലും കഴിയാതെ ജീവിതത്തിന്റെ ദുരിതാഗ്‌നിയില്‍ വെന്തുരുകിക്കഴിയുന്ന പാവപ്പെട്ട പെണ്‍കുട്ടികള്‍ക്ക് സ്വര്‍ണവും പണവും മിന്നുന്ന ഉടയാടകളും നല്‍കി പുതിയ ജീവിതത്തിലേക്ക് നയിക്കാന്‍ അവസാന വട്ട തയാറെടുപ്പ് നടത്തുകയാണ് പ്രവാസി വ്യവസായി ഷാനവാസ് ഖാന്‍.
അബുദാബി മുസഫ ഷാബിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലൈലാക് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഈ പുണ്യകര്‍മത്തിലൂടെ തന്റെ സ്വപ്നം കൂടി സഫലമാക്കുകയാണ്.ഈ മാസം 29ന് നടക്കുന്ന തന്റെ ഗൃഹ പ്രവേശം തന്റെ മാത്രമല്ല പാവപ്പെട്ടവരുടെയും സ്വപ്ന സാഫല്യമായിരിക്കണമെന്ന ആഗ്രഹമാണ് ഷാനവാസ് ഖാന്‍ പൂര്‍ത്തീകരിക്കുന്നത്. 29ന് പുതിയ വീട്ടിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായിത്തന്നെ സ്വപ്നം സഫലമാക്കുകയാണ് ഇദ്ദേഹം. 28ന് ശനിയാഴ്ച വൈകീട്ട് തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ആമ്പല്ലൂര്‍ ചന്തവിള ജുമുഅത്ത് പള്ളിയങ്കണത്തിലാണ് ആറ് നിര്‍ധന യുവതികള്‍ സുമംഗലികളാവുക.
അഞ്ചു പവന്‍ വീതം സ്വര്‍ണവും ഓരോ ലക്ഷം രൂപയും കല്യാണ പുടവയും ഓരോ പെണ്‍കുട്ടികള്‍ക്കും വിവാഹ സമ്മാനമായി നല്‍കും. കൂടാതെ, മുവായിരത്തിലധികം പേര്‍ക്ക് വിഭവ സമൃദ്ധമായ സദ്യയും ഒരുക്കുന്നുണ്ട്. മത-സാമൂഹിക-സാംസ്‌കാ രിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് ഷാനവാസ് ടാന്‍ മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. താന്‍ പിച്ചവെച്ച അന്തരീക്ഷവും പ്രവാസ ലോകത്തെ അനുഭവങ്ങളും ഓര്‍ത്തെടുത്താണ് ഷാനവാസ് ഖാന്‍ ജീവിതത്തിലെ ഏറ്റവും സുകൃതമായ നിമിഷങ്ങള്‍ക്ക് നിമിത്തമാവാന്‍ തയാറെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം കഴക്കൂട്ടം ആമ്പല്ലൂരില്‍ നിന്നും സാധാരണ പ്രവാസിയായി അറബി വീട്ടിലേക്ക് ജോലിക്കു വന്ന താന്‍ പിന്നിട്ട വഴികളും നേരിടേണ്ടി വന്ന പ്രയാസങ്ങളും ഓര്‍ത്തെടുത്തു തന്നെയാണ് സദ്കര്‍മത്തിന്റെ മറ്റൊരു പാത വെട്ടിത്തെളിയിക്കുന്നത്. അറബി വീട്ടില്‍ നിന്നും മുനിസിപ്പാലിറ്റിയില്‍ ജോലിയില്‍ പ്രവേശിച്ച ഷാനവാസ് പിന്നീട് റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് പ്രവേശിക്കുകയായിരുന്നു. ഇന്ന് നാലായിരത്തിലധികം ഇടപാടുകാരുള്ള വാസസ്ഥല കൊടുക്കല്‍-വാങ്ങല്‍ പ്രക്രിയയുടെ ഉടമയായി മാറിയിരിക്കുകയാണ്. ഇടക്കാലത്ത് പരാജയത്തിന്റെ കയ്പുനീര്‍ കുടിക്കേണ്ടി വന്നുവെങ്കിലും ഇന്ന് ജഗന്നിയന്താവിന്റെ അനുഗ്രഹത്തിന്റെ വിജയ ഗാഥയുമായി മുന്നേറുകയാണ്.
നന്ദി സൂചകമായി വിവിധ മതസ്ഥരായ യുവതികളെ സുമംഗലികളാക്കുമ്പോള്‍ അവരുടെ നിമിഷങ്ങള്‍ ഏറ്റവും സന്തോഷകരമായിരിക്കണമെന്ന നിര്‍ബന്ധവും ഇദ്ദേഹത്തിനുണ്ട്. പ്‌ളാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ കൂരകളില്‍ നിന്നും വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വധൂവരന്മാരുടെ പ്രഥമ ദിനം കൂടൂതല്‍ സന്തോഷകരമാക്കി മാറ്റുകയെന്ന ദൗത്യവും നിര്‍വഹിക്കുന്നുണ്ട്. അതിനായി നക്ഷത്ര ഹോട്ടലില്‍ ഇവര്‍ക്കായി മുറികളൊരുക്കിക്കൊടുക്കുകയാണ്.