ഭയം വിതച്ച് കൊറോണ

കൊവിഡ് 19 ഭീതിയെത്തുടര്‍ന്ന് രാജസ്ഥാനിലെ ജുനഗഡ് കോട്ടയിലെത്തിയ വിദേശ വിനോദ സഞ്ചാരികളെ തെര്‍മല്‍ സ്‌ക്രീനിംഗ് നടത്തുന്ന ആരോഗ്യപ്രവര്‍ത്തകര്‍

തമിഴ്‌നാട്ടില്‍ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മൂന്നുപേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചു. മറ്റൊരാള്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. രോഗവ്യാപനം തടയുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന്  മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരുമായി സമീപ ദിവസങ്ങളില്‍ സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ആരോഗ്യ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
ഇതു പ്രകാരം ആദ്യത്തെയാള്‍ 105 പേരുമായും രണ്ടാമത്തെയാള്‍ 168 പേരുമായും മൂന്നാമത്തെയാള്‍ 64പേരുമായും ഇക്കാലയളവില്‍ സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ഇവരെയെല്ലാം സ്വന്തം വീടുകളില്‍ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടര്‍ പരിശോധനകളുടെ ഭാഗമായി ഇവരുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
വൈറസ് ബാധയുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഇവ പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം തമിഴ്‌നാട്ടില്‍ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യ വകുപ്പ് സെക്രട്ടറി ബീലാ രാജേഷ് പറഞ്ഞു. വിദേശത്തുനിന്ന് എത്തി രോഗ ലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ടായിരുന്നയാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളുടെ പട്ടിക തയ്യാറാക്കി വരികയാണെന്നും രോഗം വ്യാപിക്കുന്നത് തടയാന്‍ എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് സെക്രട്ടറി അറിയിച്ചു. 1086 പേരാണ് സംസ്ഥാനത്ത് ക്വാറന്റൈനിലുള്ളത്. രോഗ ലക്ഷണങ്ങളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും സ്‌കൂളുകള്‍, കോളജുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് നേരത്തെതന്നെ ആരോഗ്യ വകുപ്പ് ബോധവല്‍ക്കരണം തുടങ്ങിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുടെ സഹായം തേടണമെന്നും ബീലാ രാജേഷ് കൂട്ടിച്ചേര്‍ത്തു.