റിയാദ്: കോറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ റിയാദിലും പരിസര പ്രദേശങ്ങളിലുമായി പൊലീസ് കസ്റ്റഡിയിലും ഡീപോര്‍ട്ടേഷന്‍ സെന്ററി(തര്‍ഹീല്‍)ലും കഴിയുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ഇതിനാവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ റിയാദ് കെഎംസിസി തയ്യാറാണെന്നും സെന്‍ട്രല്‍ കമ്മിറ്റി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നിയമപരമായ രേഖകളുടെ അഭാവം നിമിത്തം പിടിയിലായ നിരവധി പേര്‍ റിയാദിലെ തര്‍ഹീലില്‍ കഴിയുന്നുണ്ട്. 200ലധികം ഇന്ത്യക്കാര്‍ നിലവില്‍ ഡീപോര്‍ട്ടേഷന്‍ സെന്ററിലുണ്ടെന്നാണ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിംഗ് വളണ്ടിയര്‍മാരുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇതേത്തുടര്‍ന്ന് തര്‍ഹീല്‍ മേധാവികളുമായി ഇവര്‍ ചര്‍ച്ച നടത്തുകയും സാധ്യമായ സഹായങ്ങള്‍ നല്‍കാമെന്ന് അവര്‍ ഉറപ്പ് നല്‍കുകയും ചെയ്തു. വിഷയം ഇന്ത്യന്‍ എംബസി അധികൃതരുടെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്.
തൊഴില്‍ പരിശോധനക്കിടെ പിടിക്കപ്പെട്ട് റിയാദ് തര്‍ഹീലില്‍ കഴിയുന്ന ഇന്ത്യക്കാരില്‍ പലര്‍ക്കും എംബസിയില്‍ നിന്നും എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള രേഖകള്‍ ലഭിച്ചിരുന്നു. എന്നാല്‍, ഇവരെ നാട്ടിലേക്ക് കയറ്റി വിടാനിരിക്കെയാണ് കൊറോണ വൈറസ് നിമിത്തം സഊദി അറേബ്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി വെക്കുന്നത്. ഇതോടെ, ഇവരുടെ യാത്ര അനിശ്ചിതത്വത്തിലായി. നിലവിലെ സാഹചര്യം മാറി വരുന്നത് വരെ ഒരുപക്ഷേ ഇവര്‍ ജയിലില്‍ കഴിയേണ്ടി വരും. അതല്ലെങ്കില്‍, പ്രത്യേക വിമാനം അനുവദിക്കേണ്ടി വരും. എന്നാല്‍, ഈ പ്രത്യേക സാഹചര്യത്തില്‍ ജയിലില്‍ കഴിയുന്നവര്‍ക്ക് താല്‍ക്കാലികമായി ജാമ്യം ലഭിക്കുന്നതിനാണ് ഇതു വഴി അവസരമൊരുങ്ങുക. ജലിയില്‍ കഴിയുന്നവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ പ്രസ്തുത വിവരം 050 8517210 എന്ന നമ്പറില്‍ അറിയിക്കുകയാണെങ്കില്‍ റിയാദ് കെഎംസിസിയുടെ വെല്‍ഫെയര്‍ വിംഗ് അവര്‍ക്ക് ജാമ്യം ലഭിക്കാനാവശ്യമായ സഹായം നല്‍കാന്‍ തയ്യാറാണെന്ന് റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് സി.പി മുസ്തഫയും വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂരും അറിയിച്ചു.