കൊറോണ: ദുബൈ എയര്‍പോര്‍ട്ടില്‍ തെര്‍മല്‍ സ്‌ക്രീനിംഗ് ശക്തമാക്കി

    ദുബൈ: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ തെല്‍മല്‍ സ്‌ക്രീനിംഗും മറ്റു പരിശോധനകളും ശക്തമാക്കി. വിദേശ രാജ്യങ്ങളില്‍ നിന്നും പ്രത്യേകിച്ച് കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവരെയാണ് സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കുന്നത്. എല്ലാ പരിശോധനകള്‍ക്കുമായി 30 മിനിറ്റ് സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ വിമാനം ഇറങ്ങിയ ഉടന്‍ തന്നെ ഓട്ടോമാറ്റിക് തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. ആര്‍ക്കെങ്കിലും ശരീര ഊഷ്മാവ് കൂടുതലായി രേഖപ്പെടുത്തിയാല്‍ അവരെ മാനുവല്‍ ടെസ്റ്റ് നടത്തും. സംശയം തോന്നുവരെ ഉടന്‍ തന്നെ എയര്‍പോര്‍ട്ടില്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുള്ള ആംബുലന്‍സില്‍ കയറ്റി ആസ്പത്രിയിലേക്ക് മാറ്റുന്നു. മറ്റു യാത്രക്കാരെ വെയ്റ്റിംഗ് ഹാളിലേക്ക് മാറ്റി വിശദമായ പരിശോധനക്ക് വിധേയമാക്കും. കൊറോണ ബാധിത രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ അവരുടെ രക്തവും മറ്റും ലാബില്‍ പരിശോധിക്കും. നൂറോളം യാത്രക്കാര്‍ക്ക് അരമണിക്കൂറിനകം പരിശോധന നടത്താനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്. ഒടുവില്‍ എമിഗ്രേഷനില്‍ ഇവര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. രോഗലക്ഷണമുള്ളവരെ ഉടന്‍ തന്നെ ആസ്പത്രിയിലേക്ക് മാറ്റും. മറ്റുള്ള യാത്രക്കാര്‍ക്ക് പുറത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കും. പുറത്തേക്ക് വരുന്ന യാത്രക്കാരെ ഒരിക്കല്‍ കൂടി തെര്‍മല്‍ സ്‌ക്രീനിംഗിന് വിധേയമാക്കും. പരമാവധി സൂക്ഷ്മത പാലിച്ചുള്ള പരിശോധനയാണ് ദുബൈ എയര്‍പോര്‍ട്ടില്‍ ഒരുക്കിയിട്ടുള്ളത്.