റസാഖ് ഒരുമനയൂര്‍
അബുദാബി: തിരക്കില്ലാത്ത വാരാന്ത്യമാണ് ഇന്നലെ കടുന്നപോയത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ പൊതുയിടങ്ങളിലും മാളുകളിലും അനുഭവപ്പെടുന്ന തിരക്കും ആഘോഷവും ഇന്നലെ എവിടെയും ദൃശ്യമായിരുന്നില്ല. സ്വദേശികളും വിദേശികളും പരമാവധി വീടുകളില്‍തന്നെ ഒതുങ്ങിക്കൂടുന്ന അവസ്ഥയാണ് പൊതുവെ അനുഭവപ്പെട്ടത്. പാര്‍ക്കുകളും ബീച്ചുകളും മറ്റുവിനോദ കേന്ദ്രങ്ങളും ആളൊഴിഞ്ഞ പ്രതീതിയായിരുന്നു.
കൊറോണ വൈറസിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ മുമ്പൊരിക്കലുമില്ലാത്ത ജാഗ്രതയും മുന്‍കരുതലുമാണ് പൊതുസമൂഹം സ്വീകരിച്ചിട്ടുള്ളത്. ആഹ്ലാദഭരിതമാകുന്ന വാരാന്ത്യം പൊതുവെ മൂകമായാണ് അനുഭവപ്പെട്ടത്. വളരെ അത്യാവശ്യ കാര്യങ്ങള്‍ക്കുമാത്രമാണ് ജനങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ എത്തിയത്.അതുകൊണ്ടുതന്നെ വാണിജ്യസ്ഥാപനങ്ങളില്‍ പതിവുതിരക്കും വേണ്ടത്ര ഇടപാടുകളും നടന്നില്ല. വെള്ളിയാഴ്ച ജുമു അ ഖുതുബയും നമസ്‌കാരവും വളരെ പെട്ടെന്നുതന്നെ പൂര്‍ത്തിയാക്കുകയും വിശ്വാസികള്‍ വളരെവേഗം പിരിയുകയും ചെയ്തു. അതേസമയം മനമുരുകിയുള്ള പ്രാര്‍ത്ഥനയുമായാണ് ഓരോ വിശ്വാസിയും കഴിയുന്നത്. കഴിഞ്ഞ രണ്ടാഴ്ചയോളമായി ശുചീകരണ പ്രക്രിയകളിലും സര്‍വ്വരും സദാജാഗരൂകരാണ്. താമസസ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും വളരെ സൂക്ഷ്മതയോടെയാണ് ശുചിത്വം ഉറപ്പ് വരുത്തിയത്. ശുചിത്വ നിര്‍വ്വഹണത്തിനാവശ്യമായ ഗുണമേന്മയുള്ള ലായനികളും അനുബന്ധ വസ്തുക്കളും ലഭ്യമാക്കുന്നതിലും പൊതുസമൂഹം കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നുണ്ട്. കുറഞ്ഞവിലക്ക് ലഭിക്കുന്ന ലായനികള്‍ പലതും വേണ്ടത്ര അണുനിര്‍മാര്‍ജ്ജന ശേഷിയുള്ളതല്ലെന്ന അഭിപ്രായവും ഉയരുന്നുണ്ട്. മാത്രമല്ല കൊറോണ പോലെയുള്ള സാംക്രമിക രോഗാണുക്കളെ നശിപ്പിക്കാന്‍ 70ശമതാനം വരെ ആള്‍ക്കഹോള്‍ ചേര്‍ത്ത ലായനികള്‍ ആവശ്യമാണെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ശുചിത്വത്തിന്റെ കാര്യത്തില്‍ പ്രവാസി മലയാളികള്‍ എന്നും കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നവരാണെങ്കിലും കൊറോണയുടെ ആഗമനത്തോടെ ജാഗ്രത പതിന്മടങ്ങായി വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം ലേബര്‍ ക്യാമ്പുകളിലും തൊഴിലാളികള്‍ ഒത്തുകൂടുന്ന മറ്റു സ്ഥലങ്ങളിലും കൂടുതല്‍ ജാഗ്രത അനിവാര്യമാണ്. തൊഴിലിടങ്ങളില്‍ ധരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളും കാലുറകളുമെല്ലാം വിവിധ രോഗങ്ങള്‍ക്ക് കാരണമായിത്തീരും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള തൊഴിലാളി പാര്‍പ്പിടങ്ങളാണ് അബുദാബിയിലുള്ളതെങ്കിലും മറ്റുപല സ്ഥലങ്ങളിലും ഇനിയും ഇക്കാര്യത്തില്‍ വേണ്ടത്ര മാറ്റമുണ്ടായിട്ടില്ല. ശുചിത്വത്തിന്റെ കാര്യത്തില്‍ സ്വയം ജാഗ്രത കാണിക്കുകയണെങ്കില്‍ തന്റെയും പൊതുസമൂഹത്തിന്റെയും ആരോഗ്യസുരക്ഷ ഉറപ്പ് വരുത്താനും ഒരുപരിധി വരെ പകര്‍ച്ചവ്യാധികള്‍ തടയാനും കഴിയും.