കുവൈത്ത് സിറ്റി: ലോക വ്യാപകമായി പടര്‍ന്നു പിടിച്ച കൊറോണ വൈറസ് ബാധ നേരിടുന്നതിന് രാജ്യത്തെ മുഴുവന്‍ സ്വദേശികളും വിദേശികളും ഒറ്റക്കെട്ടായി നില കൊള്ളണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ ജാബിര്‍ അല്‍സബാഹ് ആഹ്വാനം ചെയ്തു. രോഗം പടരുന്നത് തടയാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പുറപ്പെടുവിച്ച നിയമങ്ങളും മാര്‍ഗ നിര്‍ദേശങ്ങളും എല്ലാവരും പാലിക്കണമെന്നും അമീര്‍ അഭ്യര്‍ത്ഥിച്ചു. കെറോണ വൈറസ് ബാധ പടരുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്ത് ടെലിവിഷനിലൂടെ സംസാരിക്കുകയായിരുന്നു അമീര്‍. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ വകുപ്പുകളെയും മറ്റു ഏജന്‍സികളെയും ഏകോപിപ്പിക്കുന്ന പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ അമീര്‍ പ്രശംസിച്ചു. കൊറോണയെ നേരിടുന്നതിന് ആരോഗ്യ വകുപ്പും മറ്റു ഏജന്‍സികളും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സ്വദേശികളും വിദേശികളുമായ മുഴുവന്‍ പേരെയും അഭിനന്ദിക്കുന്നതായി അമീര്‍ പറഞ്ഞു. കൊറോണ വൈറസിനെതിരെയുള്ള നിര്‍ണായക പോരാട്ടത്തിലാണ് നാം. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങളോട് ഗൗരവമായ പ്രതിബദ്ധത പുലര്‍ത്താന്‍ അമീര്‍ ആവശ്യപ്പെട്ടു. ഒത്തുചേരലുകള്‍ അണുബാധ പടരാനുള്ള സാധ്യതകളും പകര്‍ച്ചവ്യാധിയുടെ വ്യാപനത്തിന് ഊര്‍ജം പകരുന്നതിനും പുറമെ, രാജ്യം നടത്തുന്ന പ്രതിരോധ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും അമീര്‍ ഉദ്‌ബോധിപ്പിച്ചു. കൊറോണ വൈറസ് ബാധ മൂലമുണ്ടാകുന്ന പ്രതിസന്ധിയെ കുറിച്ച് ജനങ്ങള്‍ക്കുണ്ടാകുന്ന ഉത്കണ്ഠയും വികാരങ്ങളും അമീര്‍ മനസ്സിലാക്കുന്നതായും പല പ്രതിസന്ധികളും അപകടങ്ങളും വെല്ലുവിളികളും അതിജീവിച്ച ചരിത്രമാണ് കുവൈത്തിന്റേതെന്നും അമീര്‍ പറഞ്ഞു. ദൈവ സഹായത്താല്‍ ഈ പ്രതിസന്ധിയും നാം മറികടക്കുകയും വിജയിക്കുകയും ചെയ്യുമെന്ന് അമീര്‍ പ്രത്യാശ പ്രകടിപ്പിച്ചു. നമ്മുടെ പ്രിയപ്പെട്ട കുവൈത്തില്‍ നിന്നും ഈ ലോകത്ത് നിന്നു തന്നെയും ഈ മഹാമാരി ഇല്ലായ്മ ചെയ്യാനും ഈ രാജ്യത്തെയും ജനങ്ങളെയും സര്‍വ വിപത്തില്‍ നിന്നും കാത്തുരക്ഷിക്കണമെന്നും സര്‍വ ശക്തനോട് അമീര്‍ പ്രാര്‍ത്ഥിച്ചു.