ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കുനേരെ സംഘ്പരിവാര്‍ ശക്തികള്‍ അഴിച്ചുവിട്ട വര്‍ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 45 ആയി. കലാപ ബാധിത പ്രദേശങ്ങളില്‍ രണ്ടിടത്തുനിന്നായി മൂന്നു മൃതദേഹങ്ങള്‍കൂടി ഇന്നലെ കണ്ടെടുത്തതോടെയാണ് മരണ സംഖ്യ ഉയര്‍ന്നത്. ഗോകുല്‍പുരിയിലെ കനാലില്‍നിന്ന് ഒരു മൃതദേഹവും ബഗീരഥിയിലെ കനാനില്‍നിന്ന് രണ്ട് മൃതദേഹങ്ങളുമാണ് ലഭിച്ചതെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി ഇവ ജി.ടി.ബി ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. 200ലധികം പേരാണ് കലാപവുമായി ബന്ധപ്പെട്ട് പരിക്കേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം ഡല്‍ഹി കലാപത്തിന്റെ മുറിവുകള്‍ ഉണങ്ങും മുമ്പെ കേന്ദ്രഭരണത്തിന്റെ തണലില്‍ സംഘ്പരിവാര്‍ ശക്തികള്‍ വീണ്ടും പ്രകോപന ശ്രമങ്ങള്‍ തുടങ്ങി. കൊല്‍ക്കത്തയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത റാലിയിലാണ് ഗോലിമാരോ (വെടിവെച്ച് കൊല്ലുക) വിളികള്‍ ഉയര്‍ന്നത്. പശ്ചിമബംഗാളില്‍നിന്നുള്ള സി.പി.എം നേതാവ് മുഹമ്മദ് സലീം ആണ് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സഹിതം ഇക്കാര്യം ട്വീറ്റു ചെയ്തത്. ഗോലിമാരോ മുദ്രാവാക്യം കൊല്‍ക്കത്തയിലും മുഴങ്ങുന്നു. അമിത് ഷാ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത് എന്ന കമന്റോടെയായിരുന്നു ട്വീറ്റ്. ഗോഡ്സേയുടെ അനുയായികളെ ഗോലിമാരോ വിളികള്‍ ഉദ്ദീപിപ്പിക്കുന്നുണ്ടാവാമെന്നും എന്നാല്‍ ബംഗാള്‍ സ്വാമി വിവേകാനന്ദന്റേയും ഖാസി നസറുല്‍ ഇസ്്ലാമിന്റേയും രവീന്ദ്ര നാഥാ ടാഗോറിന്റേയും മണ്ണാണെന്ന കാര്യം ഓര്‍ക്കണമെന്നും മുഹമ്മദ് സലീം പറഞ്ഞു.
ഡല്‍ഹി മോഡല്‍ കലാപം കൊല്‍ക്കത്തയിലും സംഘ്പരിവാര്‍ ആസൂത്രണം ചെയ്യുന്നതിന്റെ തെളിവാണ് അമിത് ഷായുടെ റാലിയില്‍ ഉയര്‍ന്ന ഗോലിമാരോ വിളികളെന്ന് കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് അദിര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. പ്രകോപന ശ്രമങ്ങളുണ്ടായിട്ടും നടപടിയെടുക്കാത്ത കൊല്‍ക്കത്ത പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ മനോജ് ചക്രവര്‍ത്തി രംഗത്തെത്തി. റാലിക്കിടെ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നുഴഞ്ഞുകയറ്റക്കാരുടെ സംരക്ഷകയായി പ്രവര്‍ത്തിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘടിപ്പിച്ച പ്രകടനത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ കാലത്താണ് അമിത് ഷാ ഡല്‍ഹിയില്‍ എത്തിയത്. വിമാനത്താവളത്തില്‍ ഗോബാക് വിളികളുമായാണ് പ്രതിപക്ഷ പ്രവര്‍ത്തകര്‍ അമിത് ഷായെ വരവേറ്റത്. രജര്ഹതില് അമിത് ഷാ പങ്കെടുത്ത നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ പുതിയ കെട്ടിട ഉദ്ഘാടന വേദിയിലും പ്രതിഷേധം അരങ്ങേറി. കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്പ്പറേഷന് ആസ്ഥാനത്തേക്കും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തിയിരുന്നു.