ദുബൈയില്‍ മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു

    ദുബൈ: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ദുബൈ മെട്രോ ഗ്രീന്‍ ലൈനില്‍ മൂന്ന് സ്‌റ്റേഷനുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിട്ടു. ഗ്രീന്‍ മെട്രോ സര്‍വീസ് തുടരും. അല്‍റാസ്, പാംദേര, ബനിയാസ് സ്‌ക്വയര്‍ സ്റ്റേഷനുകളില്‍ ട്രെയിന്‍ നിര്‍ത്തുകയോ ആളുകളെ കയറ്റുകയോ ഇല്ല. ഈ സ്‌റ്റേഷനുകള്‍ പൂര്‍ണമായും അണുവിമുക്തമാക്കിയതിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് മാത്രമെ യാത്രക്കാര്‍ക്ക് തുറന്നു കൊടുക്കുകയുള്ളൂ. അല്‍റാസ്, നായിഫ് ഏരിയയിലേക്കുള്ള മറ്റു ഗതാഗതവും താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കോവിഡ്-19 കരുതലിന്റെ ഭാഗമായി ഈ പ്രദേശത്തെ അല്‍മുസല്ല, അല്‍ഖലീജ്, ബനിയാസ് സ്ട്രീറ്റുകളില്‍ വാഹനഗതാഗതത്തിനും കാല്‍നടയാത്രക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍റാസിലേക്കുള്ള എല്ലാ ബസ് റൂട്ടുകളും മാറ്റിയിട്ടുണ്ട്. ഈ മേഖലയില്‍ താമസിക്കുന്നവര്‍ക്ക്് അവശ്യസാധനങ്ങള്‍ ദുബൈ ഹെല്‍ത്ത് അതോറിറ്റി എത്തിച്ചു നല്‍കുമെന്നും അറിയിപ്പുണ്ട്.