ഇന്ന് ലോക വനിതാ ദിനം: മണ്ണറിഞ്ഞൊരു പെണ്‍മനസ്സ്

ഡോ. വനജ പാടത്ത് ഞാറു നടുന്ന സ്ത്രീകള്‍ക്കൊപ്പം

കണ്ണൂരിന്റെ അഭിമാനമായി ഡോ.വനജ

കണ്ണൂര്‍: ‘വെറുതെ ക്ലാസെടുത്തിട്ടൊന്നും കാര്യമില്ല, കൈപ്പാടിനു പറ്റിയ പുതിയ നെല്‍വിത്താണ് ഞങ്ങള്‍ക്കാവശ്യം’. ഒരു കര്‍ഷകന്‍ എഴുന്നേറ്റു നിന്ന് പറഞ്ഞപ്പോള്‍ ഓരോ മണ്ണിനും യോജിച്ച പലതരം നെല്‍വിത്തുകളെക്കുറിച്ച് ക്ലാസെടുത്തുകൊണ്ടിരുന്ന ശാസ്ത്രജ്ഞ ഒന്ന് അമ്പരന്നു. എങ്കിലും വിമര്‍ശനം ഉള്‍ക്കൊണ്ട് കൈപ്പാടിനു യോജിച്ച നെല്‍വിത്ത് കണ്ടെത്താമെന്ന വാക്കുനല്‍കി മടങ്ങി. ആ ചോദ്യമായിരുന്നു ഡോ.വനജയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. സ്വന്തം പരീക്ഷണങ്ങള്‍ക്കും പരിശ്രമത്തിനുമൊടുവില്‍ ഏഴോം ഒന്ന്, ഏഴോം രണ്ട്, ഏഴോം മൂന്ന്, ഏഴോം നാല്, ജൈവ എന്നിങ്ങനെ അഞ്ചിനം വിത്തുകള്‍ വികസിപ്പിച്ചെടുത്തു കര്‍ഷകരുടെ സ്വപ്നങ്ങള്‍ക്ക് പുതുനിറം നല്‍കി. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ വര്‍ഷത്തെ വിദ്യാഭ്യാസ ശാസ്ത്ര-സാങ്കേതിക മേഖലയില്‍ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്ന പുരസ്‌കാരം ഡോ.വനജയെ തേടിയെത്തുമ്പോള്‍ കൈപ്പാട് വികസനത്തിലൂടെ കാര്‍ഷിക മേഖലയില്‍ നടത്തിയ വലിയൊരു ഗവേഷണ ജീവിതം കൂടിയാണ് ആദരിക്കപ്പെടുന്നത്.
നിലവില്‍ പിലിക്കോട് ഉത്തരമേഖലാ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് ബ്രീഡിങ് ആന്റ് ജനറ്റിക് വിഭാഗം മേധാവിയായ ഡോ.വനജയാണ് കര്‍ഷകര്‍ക്ക് ആദ്യമായി നെല്‍വിത്തുകളുടെ അതിജീവനശേഷി വികസിപ്പിക്കാവുന്ന കാര്യമാണെന്ന പാഠം പകര്‍ന്നു നല്‍കിയത്. കൃഷിശാസ്ത്രത്തില്‍ പിഎച്ച്ഡി കഴിഞ്ഞ് പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഡോ. വനജയെ പതിനൊന്നു വര്‍ഷം മുമ്പ് ജോലി ചെയ്ത കണ്ണൂരിലെ ഏഴോം പഞ്ചായത്തില്‍ ക്ലാസെടുക്കാന്‍ വിളിച്ചത്. ക്ലാസിനിടയില്‍ ഗോവിന്ദന്‍ എന്ന കര്‍ഷകന്‍ ചോദിച്ച ചോദ്യം ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കി. കൈപ്പാടിനു യോജിച്ച നെല്‍വിത്ത് വേണമെന്ന ആവശ്യം പരിഹരിക്കാമെന്ന് ഉറപ്പു നല്‍കിയത് യാതൊരു മുന്‍വിധിയുമില്ലാതെയിരുന്നു. പക്ഷേ പിന്നീടുള്ള ചിന്ത ആ വാക്ക് എങ്ങനെ പാലിക്കാമെന്നതായി. കൈപ്പാടിന്റെ മണ്ണിനും കാലാവസ്ഥയക്കും യോജിച്ച വിത്തിനം കണ്ടെത്താനുള്ള പരീക്ഷണങ്ങള്‍ തുടങ്ങി. കര്‍ഷകരിലേക്കും കൃഷിഭൂമിയിലേക്കും ഇറങ്ങിച്ചെന്നായിരുന്നു പരീക്ഷണങ്ങള്‍. സാധാരണ നെല്ലിനങ്ങള്‍ വികസിപ്പിക്കുന്നതില്‍നിന്ന് വ്യത്യസ്തമായി ജൈവപ്രജനന രീതി പിന്തുടര്‍ന്നു. കര്‍ഷകരുടെ പങ്കാളിത്തം ഉറപ്പാക്കി ഏഴോത്തെ പാടങ്ങള്‍ തന്നെ ഗവേഷണശാലയാക്കി. നാടന്‍ ഇനങ്ങളുടെ ജനിതക വൈവിധ്യങ്ങള്‍ പഠിച്ച് പ്രജനനത്തില്‍ പ്രയോഗിച്ചു. എട്ടു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ 2010 ല്‍ അത്യുല്‍പ്പാദനശേഷിയുള്ള രണ്ട് വിത്തിനങ്ങള്‍ വികസിപ്പിച്ചെടുത്തു. അതിനു ഏഴോം-1, ഏഴോം-2 എന്നിങ്ങനെ പേരിട്ടു. ഒരു ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത ആദ്യ നെല്ലിനവും അതായിരുന്നു.
കൈപ്പാടിനു യോജിച്ച വിത്തിനങ്ങള്‍ കണ്ടെത്തി കര്‍ഷകരുടെ പ്രശ്നം പരിഹരിച്ചെങ്കിലും വെല്ലുവിളികള്‍ അവിടെ തീര്‍ന്നില്ല. പറമ്പില്‍ പണിയെടുക്കാന്‍ ആളില്ലാത്തത് വലിയൊരു പ്രശ്നമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടി. കൈപ്പാടിന്റെ സമഗ്രവികസനത്തിനായി ഭക്ഷ്യസുരക്ഷാസേന എന്ന ആശയം മുന്നോട്ടു വന്നത് ഈ സമയത്താണ്. ഇതുവഴി ഭൗമസൂചികാ പദവിക്കുവേണ്ടിയുള്ള ശ്രമങ്ങള്‍ തുടങ്ങി. കൈപ്പാട് അരിക്ക് ഭൗമസൂചികാ പദവി നേടിക്കൊടുത്തതോടെ അരിയുടെ ഉല്‍പ്പാദനവും വിപണനവും ബ്രാന്‍ഡ് നാമത്തില്‍ തുടങ്ങി. വനജയുടെ നേതൃത്വത്തില്‍ നാടന്‍ നെല്ലിനങ്ങളുടെ സംരക്ഷണത്തിനായി പദ്ധതിയുണ്ടാക്കി. പൈതൃക നെല്‍വിത്ത് ഗ്രാമം പദ്ധതി ആരംഭിച്ചു.
2004 ല്‍ കേരള ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന്റെ യുവശാസ്ത്രജ്ഞയ്ക്കുള്ള പുരസ്‌കാരവും, 2012ല്‍ മികച്ച കൃഷിശാസ്ത്രജ്ഞയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ കൃഷിവിജ്ഞാന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ഏഴ് ശാസ്ത്ര പുസ്തകങ്ങളും 65 ഗവേഷണ പ്രബന്ധങ്ങളും 58 ലേഖനങ്ങളും രണ്ട് ഡോക്യുമെന്ററികളും രചിച്ചു. പയ്യന്നൂര്‍ വെള്ളൂരിലെ പി.പി ഭാസ്‌കരന്റെയും ടി.സരോജിനിയുടെയും മകളാണ് വനജ. ഭര്‍ത്താവ്: അമേരിക്കയില്‍ എഞ്ചിനീയറായ ചെല്ലട്ടോന്‍ ബാലകൃഷ്ണന്‍. മക്കള്‍: ജിതിന്‍ (ഗവേഷക വിദ്യാര്‍ത്ഥി യു.എസ്.എ), ഋഷികേശ് (വിദ്യാര്‍ത്ഥി, ചെന്നൈ).