പടരാതെ കാക്കാന്‍

14
കോട്ടയം റെയില്‍വേ സ്‌റ്റേഷനിലെ ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌ക്‌

പരിശോധിച്ചോളൂ; കാത്തുനില്‍ക്കാന്‍ തയ്യാറാണ്

കോട്ടയം: ട്രെയിന്‍ ഇറങ്ങിയാല്‍ എത്രയും വേഗം പുറത്തെത്താന്‍ പരക്കം പാഞ്ഞിരുന്നവര്‍ ഇപ്പോള്‍ ക്ഷമയോടെ ക്യൂ നില്‍ക്കുകയാണ്. അല്‍പ്പം വൈകിയാലും ആരോഗ്യത്തിന് ഭീഷണിയില്ലെന്ന് ഉറപ്പിക്കാനുള്ള കാത്തു നില്‍പ്പ്.
ഇന്‍ഫ്രാ റെഡ് തെര്‍മോമീറ്റര്‍ നെറ്റിക്കു നേരെ പിടിക്കുന്നതിനു മുന്‍പുതന്നെ എന്തായി ? എന്ന് ആകാംക്ഷയോടെ ആരോഗ്യ പ്രവര്‍ത്തകരോട് ചോദിക്കുന്നവരുണ്ട്. കുഴപ്പമില്ലെന്ന മറുപടി കേള്‍ക്കുമ്പോള്‍ ആശ്വാസം നിറഞ്ഞ പുഞ്ചിരിയുമായി പുറത്തേക്ക്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്നവര്‍ക്കും ശരീരോഷ്മാവ് കൂടുതലുള്ളവര്‍ക്കും വീട്ടില്‍ പോയി ജനസമ്പര്‍ക്കമില്ലാതെ കഴിയാന്‍ നിര്‍ദേശം നല്‍കും.
കൊറോണ പ്രതിരോധ ജാഗ്രതയുടെ ഭാഗമായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പിന്റെ ഹെല്‍പ്പ് ഡസ്‌കില്‍ രാത്രിയും പകലും ഇതാണ് സ്ഥിതി. പരിശോധനക്ക് വിധേയരാകുന്ന എല്ലാവരുടെയും വിവരങ്ങള്‍ ഇവിടെ കൃത്യമായി രേഖപ്പെടുത്തും. ഹോം ക്വാറന്റയിന്‍ നിര്‍ദേശം എല്ലാവരും പാലിക്കുന്നുണ്ട്  എന്ന് ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനമുണ്ട്.
പോലീസും ആരോഗ്യ വകുപ്പിലെ ജീവനക്കാരുമടങ്ങുന്ന നാലു ടീമുകളാണ് നാലു ഷിഫ്റ്റുകളിലായി ഇവിടെ പ്രവര്‍ത്തിക്കുന്നത്.  സ്‌കൂള്‍ ഹെല്‍ത്ത് നഴ്‌സുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. വയോമിത്രം പദ്ധതിയിലെ ഡോക്ടറുടെ സേവനവും ഹെല്‍പ്പ് ഡെസ്‌കില്‍ ലഭ്യമാണ്.
ദൂരയാത്ര കഴിഞ്ഞു വരുന്നവരുടെ ശരീരോഷ്മാവ്, പൂര്‍ണ്ണ  മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയാണ് രേഖപ്പെടുത്തുന്നത്.   പനി, തുമ്മല്‍, ജലദോഷം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെ ഡോക്ടര്‍ പരിശോധിച്ച് ആവശ്യമെങ്കില്‍ വിശദ പരിശോധനക്കായി ജനറല്‍ ആശുപത്രിയിലേക്ക് അയക്കും. ഇതിന് ആംബുലന്‍സും സജ്ജീകരിച്ചിട്ടുണ്ട്.
കൊറോണ പ്രതിരോധത്തിന് സ്വീകരിക്കേണ്ട   മുന്‍കരുതലുകളെക്കുറിച്ചും  പാലിക്കേണ്ട  ശീലങ്ങളെക്കുറിച്ചും ഹെല്‍പ്പ് ഡസ്‌കില്‍നിന്നു  നല്‍കുന്ന നിര്‍ദേശങ്ങള്‍ ഭൂരിഭാഗം യാത്രക്കാരും ശ്രദ്ധയോടെ കേള്‍ക്കും. സംശയങ്ങള്‍ ഉന്നയിക്കുന്നവരും ഏറെയുണ്ട്.  ഇവിടെനിന്നു നല്‍കുന്ന ലഘുലേഖ വാങ്ങി കൈവശം സൂക്ഷിച്ചാണ് പുറത്തേക്ക് പോകുക.
സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും രോഗപ്രതിരോധ നടപടികള്‍ക്ക് റെയില്‍വേ പൂര്‍ണ്ണ പിന്തുണ നല്‍കുന്നുണ്ട്. ബ്രേക്ക് ദ ചെയിന്‍ കാമ്പയിനിന്റെ ഭാഗമായി  കൈ കഴുകുന്നതിന് സ്‌റ്റേഷനില്‍ സജ്ജീകരിച്ചിട്ടുള്ള സംവിധാനങ്ങള്‍ നിരവധി യാത്രക്കാര്‍ ഉപയോഗിക്കുന്നു. പ്ലാറ്റ്‌ഫോമിലും കൈ കഴുകുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് സ്‌റ്റേഷന്‍ മാനേജര്‍ ബാബു തോമസ് പറഞ്ഞു.