ദുബൈ: കോവിഡ്-19 രോഗബാധയെ തുടര്‍ന്ന് ആഗോള തലത്തില്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ യുഎഇയിലെ എയര്‍ലൈന്‍ കമ്പനികള്‍ ടിക്കറ്റുകള്‍ റദ്ദാക്കാനും മാറ്റിനല്‍കാനും സൗകര്യമൊരുക്കുന്നു. എമിറേറ്റ്‌സ്, ഇത്തിഹാദ്, എയര്‍അറേബ്യ, ഫ്‌ളൈ ദുബൈ കമ്പനികളാണ് യാത്രക്കാര്‍ക്ക് ടിക്കറ്റുകള്‍ റദ്ദാക്കാനും ബുക്കിംഗ് തിയ്യതി മാറ്റാനുമുള്ള അവസരമൊരുക്കിയിട്ടുള്ളത്. ഇവര്‍ക്ക് ബുക്കിംഗ് ഫീസ് നല്‍കേണ്ടതില്ല. മാര്‍ച്ച് 7മുതല്‍ 31 വരെയാണ് ഇതിനുള്ള അവസരമുള്ളത്. യാത്രക്കാര്‍ക്ക് ഏത് ദിവസത്തേക്കും ടിക്കറ്റ് മാറ്റിയെടുക്കാവുന്നതാണ്. ഇതിന് പെനാല്‍ട്ടി നല്‍കേണ്ടതില്ല. അതേസമയം ടിക്കറ്റ് നിരക്ക് ബാധകമാണ്. എമിറേറ്റിന്റെ എല്ലാ ഡെസ്റ്റിനേഷനുകളിലേക്കും ഈ സൗകര്യമുണ്ട്. യുഎഇയിലെ സ്‌കൂളുകള്‍ നേരത്തെ അടച്ചതിനാല്‍ വൈറസിന്റെ വ്യാപനം കുറഞ്ഞിട്ടുണ്ട്. ഇത്തിഹാദ് എയര്‍ലൈന്‍ ചൈന, ഹോങ്കോങ്, ജപ്പാന്‍, ബഹ്്‌റൈന്‍, ഇറാന്‍ എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് നിര്‍ത്തലാക്കിയിട്ടുണ്ട്. മാത്രമല്ല യുഎഇയിലുള്ളവര്‍ പരമാവധി വിദേശയാത്രകള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ലോകമാസകലം കോറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്. അതില്‍ 6000 പേര്‍ മിഡില്‍ ഈസ്റ്റിലാണ്. മരണസംഖ്യ ഔദ്യോഗികമായി ഇതുവരെ 3400 ആണ്. ഇത്തരത്തില്‍ നിരവധി വിമാനക്കമ്പനികള്‍ ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യാനും മാറ്റിയെടുക്കാനും കഴിയും.