യുഎഇ പൗരന്മാരെ തിരിച്ചു വിളിച്ചു

ദുബൈ: ലോകത്ത് കോവിഡ്-19 പടരുന്ന സാഹചര്യത്തില്‍ വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്ന പൗരന്മാരെ യുഎഇ തിരിച്ചു വിളിച്ചു. ഇമാറാത്തികള്‍ ഏതെങ്കിലും രാജ്യത്ത് ഏതുതരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ എംബസിയുമായി ബന്ധപ്പെടാന്‍ വിദേശകാര്യ-രാജ്യാന്തര സഹകരണ മന്ത്രാലയം അറിയിച്ചു. പൗരന്മാര്‍ക്ക് യുഎഇയിലേക്ക് സുരക്ഷിതമായി എത്താനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും വ്യക്തമാക്കി. മിക്കവാറും രാജ്യങ്ങളില്‍ വിമാനസര്‍വീസുകളും മറ്റും റദ്ദാക്കി കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് യുഎഇ തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് തിരിച്ചുവിളിക്കുന്നത്. പുറം നാടുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും ചികിത്സാവശ്യാര്‍ത്ഥം പോയവര്‍ക്കും എംബസിയുമായി ബന്ധപ്പെടാന്‍ പ്രത്യേകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതോടൊപ്പം ഈ സ്മയത്ത് വിദേശങ്ങളിലേക്കുള്ള യാത്രകളില്‍ നിന്നും ഇമാറാത്തികള്‍ മാറി നില്‍ക്കണമെന്നും അറിയിച്ചിട്ടുണ്ട്.