ചൈനയില്‍ നിന്നും അറബ് പൗരന്മാരെ ഒഴിപ്പിച്ച നടപടിയെ പ്രകീര്‍ത്തിച്ചു

ചൈനയില്‍ നിന്നും ഒഴിപ്പിച്ച വിവിധ അറബ് രാജ്യങ്ങളില്‍ നിന്നുള്ളവരെ അബുദാബി വിമാനത്താവളത്തില്‍ ഇറക്കിയപ്പോള്‍

ദുബൈ: യുഎഇയുടെ മനുഷ്യത്വപരമായ പ്രവര്‍ത്തിയില്‍ പ്രകീര്‍ത്തിച്ച് വിവിധ അറബ് രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ സന്ദേശമയച്ചു. ചൈനയിലെ വുഹാന്‍ സിറ്റിയില്‍ കുടുങ്ങിയ 217 അറബ് വംശജരെ യുഎഇ പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ കഴിഞ്ഞ ദിവസം അബുദാബിയിലെത്തിച്ചിരുന്നു. ലോകം ഭീതിയോടെ നില്‍ക്കുന്ന വേളയില്‍ അതൊന്നും വകവെക്കാതെ മനുഷ്യത്വം മാത്രം മുന്നില്‍ കണ്ടാണ് യുഎഇ ഇത്തരമൊരു മാനവികമായ നടപടി സ്വീകരിച്ചത്. യുഎഇയുമായി സൗഹാര്‍ദ്ദമുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരെയാണ് അബുദാബിയിലെത്തിച്ച് സുരക്ഷിതമായ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്നത്. ഇതിനായി അബുദാബി ഹ്യൂമാനിറ്റേറിയന്‍ സിറ്റിയില്‍ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്. 14 ദിവസത്തെ മാറ്റിതാമസിപ്പിക്കലിന് ശേഷം ആര്‍ക്കും രോഗമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം അതാത് രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതി നല്‍കും. അതുവരെ ഇവര്‍ക്ക് ആവശ്യമായ എല്ലാ ചികിത്സാസൗകര്യങ്ങളും ഇവിടെ നല്‍കും. ഇവിടെ താമസിപ്പിക്കാനായി കൊണ്ടുവന്നവരുടെ വ്യക്തിപരവും ആരോഗ്യപരവുമായ എല്ലാ കാര്യങ്ങളും പുറത്തുപോവാതെ കരുതും. യുഎഇയുടെ മനുഷ്യത്വപരമായ ഈ നടപടിയെ വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാര്‍ പ്രകീര്‍ത്തിച്ചു. ഇതിന് മുന്‍കൈയെടുത്ത യുഎഇ ഭരണനേതൃത്വത്തിന് യുഎഇയിലെ ഈജിപ്ത് അംബാസഡര്‍ ഷരീഫ് ബദവി കൃതജ്ഞത രേഖപ്പെടുത്തി.