യുഎഇ ഏറെ മെച്ചപ്പെട്ട നിലയില്‍; ലോകം കോവിഡ്-19 നെ അതിജീവിക്കും: ശൈഖ് മുഹമ്മദ് ബിന്‍ സായിദ്

    അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ ഖസര്‍ അല്‍ ബഹര്‍ മജ്‌ലിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുന്നു

    ദുബൈ: കൊറോണ വൈറസ് അടക്കമുള്ള വര്‍ത്തമാനകാല ലോകം നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുമെന്ന് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഡെപ്യുട്ടി സുപ്രീം കമാന്ററുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്്‌യാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. നമ്മളിന്ന് വളരെ പ്രയാസകരമായ സമയത്തിലൂടെ കടന്നുപോവുകയാണ്. ലോകം മുഴുവന്‍ കോവിഡ് 19ന്റെ വെല്ലുവിളി നേരിടുന്നു. കഠിനമായ ഈ സമയം കടന്നുപോവുക തന്നെ ചെയ്യും. മുന്‍പത്തേതിലും ശക്തമായ നിലയിലേക്ക് നമ്മള്‍ തിരിച്ചുവരും-ലോകം അത്യധികം ആശങ്കയോടെ നില്‍ക്കുന്ന വേളയിലാണ് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ പ്രതീക്ഷാനിര്‍ഭരമായ ഈ വാക്കുകള്‍. പുതിയ സാമൂഹ്യ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഖസര്‍ അല്‍ ബഹര്‍ മജ്‌ലിസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിമാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ചിരുന്നു. ”കോവിഡ്-19 ബാധിച്ച മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ യുഎഇ ജനത ഭാഗ്യവാന്മാരാണ്. ഇതര രാജ്യങ്ങളില്‍ നിന്നും ഏറെ മെച്ചപ്പെട്ട നിലയാണ് യുഎഇയിലേത്. കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ പ്രവര്‍ത്തിക്കുവാന്‍ നമുക്കു വളരെ യോഗ്യരായ ആരോഗ്യവിദഗ്ധരുണ്ട് എന്നതാണ് ഇതിന് ഒരു കാരണം. തുടക്കം മുതല്‍ തന്നെ നമ്മള്‍ സ്വീകരിച്ച സുരക്ഷാ മുന്‍കരുതലുകള്‍ ഏറെ സഹായകമായി. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി യുഎഇ സ്വീകരിച്ച സുരക്ഷാ നടപടികള്‍ നമുക്ക് വൈകാതെ കാണാനാകും. വൈറസ് വ്യാപകമാകാതിരിക്കാന്‍ ശക്തമായ നടപടികളാണ് നമ്മള്‍ സ്വീകരിച്ചത്”- അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരുടെ എണ്ണത്തിലും യുഎഇ മറ്റു രാജ്യങ്ങളില്‍ നിന്നു വളരെ കുറവേ രേഖപ്പെടുത്തിയിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ വികസിത രാജ്യങ്ങളില്‍ നിന്നു അവരുടെ പ്രവൃത്തിപരിചയം മനസിലാക്കിയാണ് യുഎഇ കോവിഡ്-19 നെതിരെ പ്രതിരോധ നപടികള്‍ സ്വീകരിച്ചത്. ഇപ്പോഴും അവരുമായി നിരന്തരം ബന്ധപ്പെട്ടാണ് പ്രവര്‍ത്തനം. വെല്ലുവിളി നേരിടുന്നതില്‍ ഗള്‍ഫിലെ തന്നെ ഏറ്റവും വിജയകരമായ രാജ്യമായി നമ്മള്‍. ഭക്ഷണത്തിനും മരുന്നിനും പ്രയാസം നേരിടുന്ന രാജ്യങ്ങളിലേയ്ക്കുള്ള സഹായം യുഎഇ സ്വദേശികളുടെയും പ്രവാസികളുടെയും സഹകരണത്തോടെ തുടരും-ശൈഖ് മുഹമ്മദ് പറഞ്ഞു. നമ്മുടെ പാരമ്പര്യം നമുക്ക് വളരെ പ്രിയപ്പെട്ടതാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമായി ചിന്തിച്ച് മുന്നോട്ടുപോകണമെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തിനും സമൂഹത്തിനും ദോഷകരമാകുന്ന യാതൊന്നും പ്രവര്‍ത്തിക്കരുതെന്നും പ്രായമുള്ള രക്ഷിതാക്കളുടെയും കുടുംബത്തിന്റെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ശൈഖ് മുഹമ്മദ് സ്വദേശികളോടും വിദേശികളോടും ആഹ്വാനം ചെയ്തു.