ദുബൈ: കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് ഞായറാഴ്ച വരെ സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി. വ്യാഴാഴ്ച രാത്രി 8 മുതല്‍ ഞായറാഴ്ച രാവിലെ 6 മണിവരെ എല്ലാവരും സമ്പൂര്‍ണമായി താമസയിടങ്ങളില്‍ കഴിയാനാണ് നിര്‍ദേശം. ഈ സമയം രാജ്യം മുഴുവന്‍ സ്റ്റെറിലൈസേഷന്‍ നടപ്പാക്കും. ഈ സമയങ്ങളില്‍ ഭക്ഷണം, മരുന്ന് വാങ്ങാന്‍ മാത്രം പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. ഊര്‍ജം, ടെലികമ്യൂണിക്കേഷന്‍സ്, പബ്ലിക് മീഡിയ, ഹെല്‍ത്ത്, സെക്യൂരിറ്റി, പൊലീസ് എന്നീ എമര്‍ജന്‍സി വിഭാഗങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. യുഎഇ ഹെല്‍ത്ത് വിഭാഗം ഔദ്യോഗിക വക്താവ് ഡോ.ഫരീദ അല്‍ഹൊസാനി വ്യാഴാഴ്ച വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിലക്കുള്ള കാലയളവില്‍ പുറത്ത് കാണുന്ന വ്യക്തികളുടെ ഐഡിയും മറ്റും വിശദമായ പരിശോധനക്ക് വിധേയമാക്കും. നിയമലംഘകര്‍ക്ക് കനത്ത പിഴയോ ജയില്‍ വാസമോ നേരിടേണ്ടിവരുമെന്നും ഡോ.ഫരീദ പറഞ്ഞു. ദേശീയ അണുവിമുക്ത പരിപാടിയുമായി സഹകരിക്കാത്തവര്‍ കനത്ത ശിക്ഷക്ക് വിധേയരാവേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ബ്രിഗേഡിയര്‍ അബ്ദുല്‍അസീസ് അബ്ദുല്ല അല്അഹമ്മദും ചൂണ്ടിക്കാട്ടി. പൊതുസമൂഹം അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. പൊതുഗതാഗത സംവിധാനം പൂര്‍ണമായും നിര്‍ത്തലാക്കും. ദുബൈ മെട്രോ, ട്രാം, ടാക്സി, ബസ്സുകള്‍ തുടങ്ങിയവ അണുവിമുക്തമാക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെയും ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ് ദേശീയ അണുവിമുക്ത യജ്ഞം നടപ്പാക്കുന്നത്. യജ്ഞം നടപ്പാക്കുന്ന സമയങ്ങളില്‍ എല്ലാ പൊതുഗതാഗതം സമ്പൂര്‍ണമായും നിര്‍ത്തലാക്കും. കൂടുംബ കൂട്ടായ്മകളും കൂടിച്ചേരലുകളും വിലക്കിയിട്ടുണ്ട്.