ദുബൈ: ദേശീയ അണുവിമുക്തമാക്കല്‍ യജ്ഞത്തിനിടയില്‍ രാജ്യമെമ്പാടും അവശ്യ യാത്രകള്‍ അനുവദിക്കുന്ന എല്ലാ പെര്‍മിറ്റുകളും റദ്ദാക്കിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനങ്ങളുടെ പ്രതിബദ്ധതയ്ക്കും രാത്രി 8 നും രാവിലെ 6 നും ഇടയില്‍ അണുവിമുക്തമാക്കല്‍ സമയത്ത് ഗതാഗതം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണ് യുഎഇ ആഭ്യന്തര മന്ത്രാലയം എല്ലാ രാത്രി യാത്രാനുമതികളും വാഹനങ്ങള്‍ക്കുള്ള അപേക്ഷകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചത്.
തീരുമാനത്തില്‍ ‘താജാവല്‍’ സേവനം ഉള്‍പ്പെടെ പ്രാദേശിക, ഫെഡറല്‍ തലങ്ങളിലെ പെര്‍മിറ്റുകള്‍ ഉള്‍പ്പെടുന്നു. കോവിഡ്-19 ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള എല്ലാ പ്രതിരോധ, മുന്‍കരുതല്‍ നടപടികളും അവലോകനം ചെയ്യാനും വിലയിരുത്താനും അപ്ഡേറ്റ് ചെയ്യാനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ തീരുമാനം. ദേശീയ അണുവിമുക്തമാക്കല്‍ പരിപാടിയുടെ സമയമത്രയും വീടുകളില്‍ തന്നെ കഴിയണമെന്നും ഭക്ഷണം, മരുന്ന്, ആരോഗ്യ ആവശ്യങ്ങള്‍ എന്നിവ വാങ്ങുന്നതിനോ ഊര്‍ജ്ജം, ആശയവിനിമയം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങിയ സുപ്രധാന മേഖലകള്‍ക്കായി പ്രവര്‍ത്തിക്കാനോ അല്ലാതെ പുറത്തുപോകരുതെന്ന് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സുരക്ഷ, പൊലീസ്, സൈനിക, തപാല്‍, ഷിപ്പിംഗ്, ഫാര്‍മസികള്‍, ജലവും ഭക്ഷണവും, സിവില്‍ ഏവിയേഷന്‍, വിമാനത്താവളങ്ങള്‍, പാസ്പോര്‍ട്ടുകള്‍, സാമ്പത്തിക, ബാങ്കിംഗ്, സര്‍ക്കാര്‍ മാധ്യമങ്ങള്‍, ഗ്യാസ് സ്റ്റേഷനുകളും നിര്‍മ്മാണ പദ്ധതികളും ഉള്‍പ്പെടുന്ന സേവന മേഖലകള്‍ക്ക് മാത്രമാണ് അനുമതി.