അബുദാബി: യുഎഇയില്‍ 45 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ, യുഎഇയില്‍ രോഗബാധിതരുടെ എണ്ണം 198 ആയി ഉയര്‍ന്നു. ഇന്ത്യ, പാകിസ്താന്‍, യുകെ, കനഡ, ഫിലിപ്പീന്‍സ്, ഇറാഖ്, ഈജിപ്ത്, കുവൈത്ത്, ഇറ്റലി, പെറു, എത്യോപ്യ, ലബനാന്‍, സൊമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ഹുസ്‌നി വ്യക്തമാക്കി.
രോഗം കൂടുതല്‍ പേരിലേക്ക് പടരുന്നത് തടയാന്‍ ശക്തമായ നടപടികളാണ് യുഎഇ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്.
രോഗ ബാധിതരില്‍ 7 ഇന്ത്യക്കാരും
അബുദാബി: ഇന്നലെ യുഎഇയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവരില്‍ ഏഴു ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ഇന്നലെ പുറത്തു വന്ന കണക്കില്‍ ഏഴു സ്വദേശികളും രോഗബാധിതരിലുണ്ട്.
41 പേര്‍ക്ക് സുഖപ്പെട്ടു
യുഎഇയില്‍ കോവിഡ് 19 ബാധിതരായവരില്‍ 41 പേര്‍ക്ക് ഇതിനകം രോഗം സുഖപ്പെട്ടതായി ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ഹുസ്‌നി വ്യക്തമാക്കി. ശക്തമായ നിരീക്ഷണത്തിനും ചികിത്സക്കും വിധേയമായവര്‍ക്കാ ണ് രോഗം സുഖപ്പെട്ടത്.
അതേസമയം, രോഗത്തിന്റെ ഗൗരവവും സാഹചര്യവും മനസ്സിലാക്കാതെ മറ്റുള്ളവരുമായി ഇടപഴകുകയും നിര്‍ദേശങ്ങള്‍ പാലിക്കാതിരിക്കുകയും ചെയ്തവര്‍ രോഗം മറ്റുള്ളവരിലേക്ക് കൂടി പകര്‍ത്തുന്ന അവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ഒരാളില്‍ നിന്ന് പകര്‍ന്നത് 17 പേര്‍ക്ക്
മാരകമായ കൊറോണ വൈറസിനെ കുറിച്ച് ലോകം അതീവ ജാഗ്രത പുലര്‍ത്തുമ്പോഴും ചിലരുടെ നിസ്സംഗത നിരവധി പേരിലേക്ക് രോഗം പടരുന്നതിന് കാരണമാകുന്നു. ഇന്നലെ യുഎഇയില്‍ രോഗബാധിതരായ 45 പേരില്‍ 17പേര്‍ക്ക് ഒരാളില്‍ നിന്ന് പടര്‍ന്നു പിടിച്ചതായിരുന്നു. വിദേശ യാത്ര കഴിഞ്ഞെത്തിയ ഇയാള്‍ അധികൃതരുടെ നിര്‍ദേശങ്ങ ള്‍ മാനിക്കാതെ കുടുംബവും സുഹൃത്തുക്കളുമായി ഇടപഴകുകയും സാധാരണ ജീവിതം നയിക്കുകയും ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് 17 പേരിലേക്ക് രോഗം പടര്‍ന്നു കയറിയത്.