യുഎഇയില്‍ അസ്ഥിര കാലാവസ്ഥ മഴക്കൊപ്പം ക്ലൗഡ് സീഡിംഗും

ദുബൈ: അസ്ഥിര കാലാവസ്ഥ രേഖപ്പെടുത്തിയ യുഎഇയില്‍ വെള്ളിയാഴ്ച രാത്രി മുതല്‍ പലയിടത്തും പരക്കെ മഴ പെയ്തു. ഇടിമിന്നലോടെയുള്ള മഴയാണ് ലഭിച്ചത്. അതിനിടെ അനുകൂല സാഹചര്യം മുതലെടുത്ത് കൂടുതല്‍ മഴ ലഭിക്കാനായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ക്ലൗഡ് സീഡിംഗും നടത്തി. ഇക്കാരണത്താല്‍ രാജ്യത്ത് വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗത്ത് രൂപപ്പെട്ട മഴമേഘമാണ് ഇപ്പോഴത്തെ മഴക്ക് കാരണമായത്. ഇത് വടക്കോട്ടും കിഴക്കോട്ടും നീങ്ങിയത് ക്ലൗഡ് സീഡിംഗിന് കാരണമായി. അനുകൂല കാലാവസ്ഥയില്‍ ബുധനാഴ്ച മുതല്‍ ക്ലൗഡ് സീഡിംഗ് തുടങ്ങിയിരുന്നു. ക്ലൗഡ് സീഡിംഗിന്റെ ഫലമായുള്ള മഴ ഇനിയും ലഭിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ മഴ രാജ്യത്തിന് ഗുണകരമാകുമെന്നാണ് വിലയിരുത്തല്‍ കൊറോണയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ മുനിസിപ്പാലിറ്റികള്‍ ശുചീകരണ പ്രവൃത്തിയിലാണ്. പ്രത്യേക ലായനി ഉപയോഗിച്ചുള്ള ശുചീകരണ പ്രക്രിയക്ക് മഴ ഗുണകരമാവും. മഴ വെള്ളം കൂടി ലഭ്യമാകുന്നതോടെ റോഡുകള്‍ കൂടുതല്‍ വൃത്തിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്നലെയും രാജ്യവ്യാപകമായി മഴ പെയ്തു.