യുഎഇയില്‍ പൊതു പാര്‍ക്കുകളും ബീച്ചുകളും അടച്ചിടും

റെസ്റ്റോറന്റുകള്‍ക്ക് നിയന്ത്രണം

ദുബൈ: കോവിഡ് 19 ഭീതിപ്പെടുത്തും വിധം പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ പൊതു പാര്‍ക്കുകള്‍ ബീച്ചുകള്‍ മറ്റു വിനോദ കേന്ദ്രങ്ങള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടാന്‍ ആരോഗ്യ പ്രതിരോധ മന്ത്രാലയവും നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് അഥോറിറ്റി തീരുമാനിച്ചു. കൂടാതെ റെസ്റ്റോറന്റുകള്‍ക്കും കഫെകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തും. സൗകര്യമില്ലാത്ത റെസ്റ്റോറന്റുകളില്‍ ഭക്ഷണം വിളമ്പാന്‍ നിയന്ത്രണം ഉണ്ടാവും. സീറ്റിംഗ് ശേഷിയുടെ 20 ശതമാനം ആളുകളെ മാത്രമേ അകത്ത് ഇരിക്കാന്‍ അനുവദിക്കൂ. ഉപഭോക്താക്കള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലത്തില്‍ ഇരുത്തണം. ഈ കാലയളവില്‍ റെസ്റ്റോറന്റുകളില്‍ നിന്നും കഫേകളില്‍ നിന്നും ഹോം ഡെലിവറി സംവിധാനം തുടരാവുന്നതാണ്. കുറഞ്ഞ ആളുകള്‍ക്ക് മാത്രമായി ഭക്ഷണം നല്‍കാനും അനുമതിയുണ്ട്. റെസ്‌റ്റോറന്റുകള്‍ ശുചിത്വം കര്‍ശനമായി പാലിക്കേണ്ടതുണ്ട്. കൂടാതെ ദുബൈയില്‍ എല്ലാ റീട്ടെയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കുള്ളില്‍ എത്തുന്ന ഉപഭോക്താക്കള്‍ തമ്മില്‍ 1.5 മീറ്റര്‍ അകലം പാലിക്കണം. കാഷ് കൗണ്ടറുകളിലും റിസപ്ഷന്‍ ഏരിയകളിലും ഈ നിബന്ധനകള്‍ പാലിക്കണമെന്ന് ദുബൈ എക്കോണമിയുടെ അറിയിപ്പില്‍ പറയുന്നു. ഞായറാഴ്ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.