യുഎഇയിലുള്ളവരുടെ ശ്രദ്ധയിലേക്ക്: ജുമുഅക്ക് പകരം ളുഹ്ര്‍ നമസ്‌കാരം

യുഎഇയിലുള്ളവരുടെ ശ്രദ്ധയിലേക്ക്:
ജുമുഅക്ക് പകരം ളുഹ്ര്‍ നമസ്‌കാരം
ദുബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാര്‍ച്ച് 16-ാം തീയതി മുതല്‍ നാലാഴ്ചക്കാലത്തേക്ക് യുഎഇയിലെ മസ്ജിദുകളെല്ലാം അടച്ചിടാന്‍ മതകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുകയാണല്ലോ. പള്ളികളോടനുബന്ധിച്ചുള്ള ശൗചാലയങ്ങളും കുടിവെള്ള സംവിധാനങ്ങളും തല്‍ക്കാലത്തേക്ക് ഉപയോഗിക്കാതിരിക്കാനും ഉത്തരവുണ്ട്. ഓരോര്‍ത്തരും സ്വന്തം വീട്ടിലാണ് നമസ്‌കാരങ്ങള്‍ നിര്‍വഹിക്കേണ്ടത്. പള്ളികളുടെ ബാല്‍കണികളിലോ ഇടവഴികളോ ഒറ്റക്കായോ കൂട്ടമായോ നമസ്‌കരിക്കുന്നത് കുറ്റകരമാണ്. ജനാസ നമസ്‌കാരം പോലും ഖബര്‍സ്താനിലാണ് നിര്‍വഹിക്കേണ്ടത്. അതുതന്നെ, കുടുബക്കാരും ബന്ധക്കാരും മാത്രം. ബാങ്ക് വിളിക്കും. ബാങ്കില്‍ വീട്ടില്‍ നിന്ന് നമസ്‌കരിക്കാനുള്ള ആഹ്വാനങ്ങളുള്ള വാചകങ്ങളും കേള്‍ക്കാം.
ജുമുഅ നമസ്‌കാരവുമില്ല. ഖുതുബയുമില്ല. പകരം, ആ സമയത്ത് നാലു റക്അത്ത് ളുഹ്ര്‍ നമസ്‌കാരം നിര്‍വഹിക്കണം. വെള്ളിയാഴ്ച ദിവസത്തെ പ്രത്യേകതകളെല്ലാം നിലനില്‍ക്കുന്നതിനാല്‍ മറ്റു സുന്നത്തുകള്‍ ചെയ്യാനാകും. വീട്ടിലോ മറ്റോ കൂട്ടമായി ജുമുഅ നിര്‍വഹിക്കുന്നത് നിയമപരമായും മതപരമായും കുറ്റകരമാണ്. ആ നമസ്‌കാരത്തിന് സാധുതയുമില്ല. കാരണം, മത കാര്യ വകുപ്പ് പ്രാമാണികമായി തന്നെയാണ് ഈ അടിയന്തിര ഘട്ടത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്.
ഭരണകൂടത്തിന്റെ അറിയിപ്പുകള്‍ അക്ഷരംപ്രതി അനുസരിക്കല്‍ ഓരോ വ്യക്തിയുടെയും ബാധ്യതയാണെന്നും അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതും അടിസ്ഥാനമില്ലാതെ ഭീതിജനകമായ വ്യാജ വാര്‍ത്തകള്‍ പങ്കു വെക്കുന്നതും ശിക്ഷാര്‍ഹമാണെന്നും ഇസ്‌ലാമിക കാര്യ-ഔഖാഫ് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കി. അറിയിപ്പുകള്‍ക്കായി ഔദ്യോഗിക മാധ്യമങ്ങള്‍ മാത്രം അവലംബിക്കേണ്ടതാണ്.
-മന്‍സൂര്‍ ഹുദവി കളനാട്