24 മണിക്കൂറിനകം 2,000ത്തിലധികം മരണം
അബുദാബി: കോവിഡ്-19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യുഎഇയില്‍ ആരോഗ്യ സുരക്ഷ കൂടുതല്‍ ശക്തമാക്കി. കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യ-ആഭ്യന്തര മന്ത്രാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളത്. ലോക രാജ്യങ്ങളില്‍ കൊറോണ വൈറസ് കൂടുതല്‍ മരണം വിതക്കുകയും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന പശ്ചാത്തിലത്തിലാണ് അധികൃതര്‍ കണിശമായ നിര്‍ദേശങ്ങളും നിബന്ധനകളും നല്‍കിയിട്ടുള്ളത്.
യുഎഇയിലേക്ക് വരികയും പോവുകയും ചെയ്യുന്ന മുഴുവന്‍ യാത്രാ-വിമാന സര്‍വീസുകളും റദ്ദാക്കുന്നതായി ദേശീയ അടിയന്തിര ദുരന്ത നിവാരണ വിഭാഗവും വ്യോമ യാന വിഭാഗവും അറിയിപ്പില്‍ വ്യക്തമാക്കി. അടുത്ത 48 മണിക്കൂറിനകം പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് ഇതുസംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുള്ളത്. കാര്‍ഗോ വിമാനങ്ങളെയും മറ്റു അടിയന്തിര വിമാനങ്ങളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ പഠിക്കുന്ന സ്വദേശി വിദ്യാര്‍ത്ഥികള്‍ 48 മണിക്കൂറിനകം യുഎഇയില്‍ തിരിച്ചെത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതത് രാജ്യങ്ങളിലെ യുഎഇ എംബസിയുമായി ബന്ധപ്പെട്ട് യാത്രാ കാര്യങ്ങള്‍ ക്രമീകരിക്കണം.
പൊതുജനങ്ങള്‍ സാമൂഹിക അകലം പാലിക്കുകയാണ് കൊറോണ വൈറസ് പടരരാതിരിക്കാനുള്ള ഏറ്റവും വലിയ പോംവഴിയെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനായി നിരവധി നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്നും യാത്രകള്‍ ക്രമീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. ഷാര്‍ജ, അജ്മാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇന്നലെ പൊലീസ് പട്രോള്‍ വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും പൊതുജനങ്ങളെ പറഞ്ഞു വിട്ടു. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയ വരും കൂട്ടം കൂടി നില്‍ക്കുന്നവരും താമസ സ്ഥലങ്ങളിലേക്ക് മടങ്ങണമെന്ന് പൊലീസ് മൈക്കിലൂടെ അനൗണ്‍സ് ചെയ്യുകയായിരുന്നു. പൊതുഗതാഗതം പരമാവധി ഒഴിവാക്കുകയും റെസ്റ്റോറന്റുകളില്‍ ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യേണ്ടതാണ്.
24 മണിക്കൂറിനകം 2,000 മരണങ്ങളാണ് വിവിധ രാജ്യങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതു വരെ രേഖപ്പെടുത്തിയ മരണങ്ങളില്‍ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയതും ഇതായിരുന്നു. 17,000 പേരെയാണ് ഇതിനകം കൊറോണ വൈറസ് കൊന്നൊടുക്കിയത്. ആധുനിക വൈദ്യശാസ്ത്രം കൊറോണ വൈറസിനു മുന്നില്‍ നിസ്സഹായകരമായി മാറുന്ന കാഴ്ചയാണ് ലോകം കണ്ടു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നു നൂറ്റാണ്ടുകളുടെ ആദ്യ പാദത്തില്‍ പകര്‍ച്ച വ്യാധികള്‍ മൂലം കോടിയിലേറെ ജനങ്ങളുടെ ജീവന്‍ അപഹരിക്കപ്പെട്ടിട്ടുണ്ടെന്നുള്ള ചില റിപ്പോര്‍ട്ടുകളും ഇതിനിടെ പ്രചരിച്ചു കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ആവര്‍ത്തനമാണ് 2020ലും നടക്കുന്നതെന്ന സന്ദേശം ലോകജനതയെ കൂടുതല്‍ ആശങ്കയിലാക്കിമാറ്റുകയാണ്.
എല്ലാ കെട്ടുറപ്പുമുണ്ടെന്ന് കരുതുന്ന അമേരിക്കയിലാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഏറ്റവും വേഗത്തില്‍ കൊറോണ വൈറസ് പടര്‍ന്നതെന്നത് ശ്രദ്ധേയമാണ്. രണ്ടാഴ്ച മുന്‍പ് ഏറെ ആശങ്ക പരത്തിയ ഇറാനില്‍ ഇതു വരെ 23,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെങ്കില്‍ അമേരിക്കയില്‍ ഇതിന്റെ ഇരട്ടിയോളമായി മാറിയിരിക്കുകയാണ്. ഇവിടെ 42,000 പേരെയാണ് ഇതിനകം രോഗം പിടികൂടിയിട്ടുള്ളത്. 500ല്‍ പരം പേര്‍ക്ക് ജീവഹാനിയുമുണ്ടായി. ഇറ്റലിയില്‍ രോഗബാധിതരുടെ എണ്ണം 65,000ത്തിലേക്ക് കടക്കുകയാണ്. മരണ സംഖ്യ 6,200നടുത്തെത്തി നില്‍ക്കുന്നു. സ്‌പെയിനില്‍ 33,500 പേര്‍ രോഗബാധിതരാവുകയും 2,200ലധികം പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്.
ചൈനയില്‍ മാത്രമാണ് രോഗം നിയന്ത്രണാധീനമായിട്ടുള്ളത്. ഇറ്റലി, സ്‌പെയിന്‍, ജര്‍മനി, അമേരിക്ക എന്നീ രാജ്യങ്ങളില്‍ വന്‍ ദുരന്തം വിതച്ചു കൊണ്ടാണ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര കണക്കനുസരിച്ച് 24 മണിക്കൂറിനകം അര ലക്ഷത്തോളം പേരിലാണ് രോഗം പടര്‍ന്നത്. രോഗബാധിതരുടെ എണ്ണം 3.75 ലക്ഷത്തിലേക്ക് കടന്നു കഴിഞ്ഞു. അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനകം 1.1 ലക്ഷം പേര്‍ മാത്രമാണ് രോഗത്തില്‍ നിന്നും സുഖം പ്രാപിച്ചിട്ടുള്ളത്. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം പന്ത്രണ്ടായിരത്തോളമാണ്. എന്നാല്‍, ഓരോ ദിവസത്തെയും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം റിപ്പോര്‍ട്ട് ചെയ്യുന്നതിനെക്കാള്‍ അധികം മരണം നടന്നു കൊണ്ടിരിക്കുന്നുണ്ട് എന്നത് ആരോഗ്യ പ്രവര്‍ത്തകരെ പോലും ഞെട്ടിപ്പിക്കുകയാണ്.