തടഞ്ഞില്ലെങ്കില്‍ മരണം ദശലക്ഷങ്ങളാകുമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍

91

സാന്‍ഫ്രാന്‍സിസ്‌കോ: ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കോറോണ ബാധിച്ചവര്‍ രണ്ട് ലക്ഷം കവിഞ്ഞ സാഹചര്യത്തില്‍ വൈറസ് വ്യാപനം തടഞ്ഞില്ലെങ്കില്‍ മരണം ദശലക്ഷങ്ങളാകുമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറാസ് പറഞ്ഞു.
കൊറോണ വൈറസ് വ്യാപിക്കുന്നത് എത്രയും വേഗത്തില്‍ രാജ്യങ്ങള്‍ കൂട്ടമായ ശ്രമത്തിലൂടെ തടഞ്ഞില്ലെങ്കില്‍ മരണം ദശലക്ഷങ്ങളാകുമെന്ന് യു.എന്‍ സെക്രട്ടറി ജനറലിന്റെ മുന്നറിയിപ്പ്. വൈറസ് കാട്ടുതീ പോലെ പടര്‍ന്നാല്‍, ലോകത്തിന്റെ പല ഭാഗങ്ങളിലുമായി ദശലക്ഷക്കണക്കിന് പേരാണ് മരിക്കുക’ എന്നായിരുന്നു ഗുട്ടെറാസിന്റെ മുന്നറിയിപ്പ്.ലോകാരോഗ്യ സംഘടനയുടെ മാര്‍ച്ച് 20വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 2.09 ലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 16556 പേര്‍ അവസാന ഒരു ദിവസം കൊണ്ട് കോവിഡ് സ്ഥിരീകരിച്ചവരാണ്. ലോകത്താകെ 8778 പേര്‍ മരിച്ചു. മാര്‍ച്ച് 19ന് ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ച കോവിഡ് 19 റിപ്പോര്‍ട്ട് 59 ല്‍ മറ്റൊരു ആശങ്കാജനകമായ കാര്യം കൂടി ഓര്‍മ്മിപ്പിക്കുന്നുണ്ട്. ലോകത്തെ കോവിഡ് 19 ബാധിതരുടെ സംഖ്യ രണ്ട് ലക്ഷത്തിലേറെയായി. ഇതില്‍ ആദ്യ ലക്ഷത്തിലെത്താന്‍ മൂന്ന് മാസമെടുത്തു. എന്നാല്‍ വെറും 12 ദിവസം കൊണ്ടാണ് ഒരു ലക്ഷം രണ്ട് ലക്ഷമായി ഉയര്‍ന്നത്. യു.എന്‍ ആസ്ഥാനത്ത് നിന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് യു.എന്‍ സെക്രട്ടറി ജനറല്‍ ആശങ്ക തുറന്നു പ്രകടിപ്പിച്ചത്. ലോകം ഒരു വൈറസുമായി യുദ്ധത്തിലാണെന്ന് പറഞ്ഞ അദ്ദേഹം കൊറോണയെ രാജ്യങ്ങള്‍ക്ക് ഒറ്റക്ക് നേരിടാവുന്ന ഘട്ടം കഴിയുകയാണെന്ന സൂചനയാണ് നല്‍കിയത്. ചെറിയ രാജ്യങ്ങളേയും ദരിദ്ര രാജ്യങ്ങളേയും മറ്റു രാജ്യങ്ങള്‍ പിന്തുണക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആവശ്യപ്പെട്ടു. ഇതൊരു അസാധാരണ സാഹചര്യമാണെന്നും തോളോട് തോള്‍ ചേര്‍ന്ന് രാഷ്ട്രീയ ഇച്ഛാശക്തിയോടെയും നടപടികളിലൂടെയും മാത്രമേ നമുക്ക് മുന്നോട്ട് പോകാനാവൂ എന്നും ഗുട്ടെറാസ് ഓര്‍മ്മിപ്പിച്ചു.