തദ്ദേശസ്ഥാപനങ്ങള്‍ എല്ലാ ഒരുക്കങ്ങളും നടത്തണം: രമേശ് ചെന്നിത്തല

38
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി ഏ.സി മൊയ്തിന്‍ എന്നിവര്‍

ഒന്നിച്ചുനിന്നാല്‍ നേരിടാന്‍ കഴിയാത്തതൊന്നുമില്ല

തിരുവനന്തപുരം: കോവിഡ് 19 അഥവാ കൊറോണ എന്ന മഹാമാരിയുമായുള്ള യുദ്ധമുഖത്താണ് നമ്മള്‍ ഇപ്പോഴുള്ളതെന്നും ഒരുമിച്ചു നിന്നാല്‍ നേരിടാന്‍ കഴിയാത്ത ഒന്നുമില്ലെന്നും തദ്ദേശ സ്ഥാപനങ്ങള്‍ എല്ലാ ഒരുക്കങ്ങളും നടത്തണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ശുചിത്വവും,  സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുകയും  ചെയ്യുക എന്നതാണ് നമുക്ക് ചെയ്യാന്‍ സാധിക്കുന്ന പ്രതിരോധ തന്ത്രം.
മറ്റ് രാജ്യങ്ങളുടെ അനുഭവങ്ങള്‍ വെച്ച് നോക്കുമ്പോഴും, ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുമ്പോഴും, 10 മുതല്‍ 15 ദിവസത്തിനകം നമ്മള്‍ അടുത്ത ഒരു ഫേസിലേക്ക് എത്താന്‍ സാധ്യത ഉണ്ട്. അത് കമ്മ്യൂണിറ്റി ട്രാന്‍സ്മിഷന്‍ ഫേസ് ആണ്. ഇവിടെ ഉറവിടം അറിയാന്‍ സാധ്യമല്ല. ഒരു ദിവസം കൊണ്ട് തന്നെ രോഗികളുടെ എണ്ണം ഇരട്ടിക്കാം. ഇറ്റലിയില്‍ അങ്ങനെ ആണ് സംഭവിച്ചത്. അത് കൊണ്ട് അത് മുന്‍കൂട്ടികണ്ട്  നേരിടാന്‍ നമ്മള്‍ സര്‍വ്വസജ്ജരായിരിക്കണം. നമുക്ക് ഇങ്ങനെ ഒന്നും വരില്ല എന്ന മിഥ്യാധാരണ കളയുക ആണ് ഏറ്റവും ആദ്യം ചെയ്യണ്ടത്. ശുഭാപ്തി വിശ്വാസം നിലനിര്‍ത്തുമ്പോഴും, എന്തിനെയും നേരിടാന്‍ നമ്മള്‍ സജ്ജരായിരിക്കണം എന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തി.
പഞ്ചായത്ത് തലത്തിലും, ബ്ലോക്ക് തലത്തിലും, ജില്ലാ തലത്തിലും നമ്മള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ധാരണ വേണം. അതിനുള്ള തയ്യാറെടുപ്പുകള്‍ വേണം. ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ പാരാമെഡിക്കല്‍ രംഗത്ത് നിന്നുള്ളവര്‍, ഈ മേഖലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ എല്ലാവരേയും നമ്മള്‍ മാപ്പ് ചെയ്യണം. എമര്‍ജന്‍സി ഘട്ടത്തില്‍ അവരെ ഉപയോഗപ്പെടുത്താനുള്ള സംവിധാനം ഒരുക്കണം. ഒരു ദ്രുതകര്‍മ്മ സേനയായി അവരെ നമുക്ക് ഉപയോഗിക്കാന്‍ സാധിക്കണം. ഏറ്റവും പ്രധാനം, എങ്ങനെ രോഗം പിടിക്കാതെ ഈ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാം എന്നുള്ള പരിശീലനം ആണ്. അത് ആരോഗ്യ വകുപ്പിന്റെ സഹായത്തോടെ ചെയ്യാന്‍ സാധിക്കണം.
ഒരു പക്ഷെ രോഗികളുടെ എണ്ണം കൂടുകയാണെങ്കില്‍, രോഗ തീവ്രത ഇല്ലാത്തവരേ നമുക്ക് ആശുപത്രികള്‍ക്ക് പുറത്ത ക്വാറന്റൈന്‍  ചെയ്യണ്ടി വന്നേക്കാം. അപ്പോള്‍  അവരെ പാര്‍പ്പിക്കാന്‍ പറ്റിയ ഹോസ്റ്റലുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവ മനസ്സിലാക്കി വൃത്തിയാക്കി വെയ്ക്കണം. സ്‌കൂളുകള്‍, ഓഡിറ്റോറിയങ്ങള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, ഗസ്റ്റ് ഹൗസുകള്‍ എന്നിവ താല്‍ക്കാലിക ഐസൊലേഷന്‍ സെന്ററുകള്‍ ആക്കേണ്ടി വന്നാല്‍ ആ സമയത്ത് തിരക്കി ഇറങ്ങേണ്ടിവരരുത്. ഇവയുടെ എല്ലാം മാനേജുമെന്റുകളുമായി സംസാരിച്ചു തയാറെടുപ്പ് നടത്തണം. ജലവിതരണം,  മാലിന്യനിര്‍മാര്‍ജനം തുടങ്ങിയ കാര്യങ്ങളില്‍ ഉണ്ടാകാന്‍ ഇടയുള്ള  തടസങ്ങള്‍ കാലേകൂട്ടി ഒഴിവാക്കണം.ഇതില്‍ എല്ലാത്തിലും ഉപരി, ഓരോ വീടുകളിലും, ഓരൊ പൗരനിലും അവര്‍ ചെയ്യണ്ട കാര്യങ്ങളെ കുറിച്ചും, ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളെ കുറിച്ചും ഉള്ള അവബോധം എത്തിക്കണം. സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങിന്റെ പ്രാധാന്യം ഒരോ വ്യക്തിയിലും എത്തിക്കാന്‍ സാധിക്കണം.
ഒരുമിച്ച് നിന്നാല്‍ നമ്മള്‍ക്ക് നേരിടാന്‍ കഴിയാത്ത ഒന്നും തന്നെ ഇല്ല. ഔദ്യോഗിക സന്ദേശങ്ങളും മുന്‍കരുതലും കൈമാറാന്‍ സഞ്ചരിക്കുന്ന മൈക്ക് അനൗണ്‍സ്‌മെന്റ് മുതല്‍ വാട്‌സ്ആപ് ഗ്രൂപ്പ് വരെ തയാറാക്കണം. അതേ സമയം അനാവശ്യഭീതി പരത്താതെ ജനങ്ങളെ കൂടുതല്‍ ജാഗ്രതയുള്ളവരാക്കി മാറ്റാന്‍ അവരോട് അടുത്ത് നില്‍ക്കുന്ന നിങ്ങള്‍ക്കാണ് നന്നായി കഴിയുക. ഈ മുന്നറിയിപ്പുകള്‍ നെല്ലിക്ക പോലെയാണ്, ആദ്യം കയ്ക്കും. പക്ഷെ പിന്നീട് മധുരിക്കും. നിപ്പയുടെയും പ്രളയത്തിന്റെയും സമയത്ത് എല്ലാവരും ഒരുമിച്ച് നിന്നതുപോലെ ഇപ്പോഴും എല്ലാ വ്യത്യാസങ്ങളും മാറ്റി നിര്‍ത്തി ഒരുമിച്ച് നില്‍ക്കണമെന്നും ഒരുമയോടെ നമുക്ക് അതിജീവിക്കണമെന്നും പ്രതിപക്ഷ നേതാവ് ഓര്‍മ്മപ്പെടുത്തി.