ബറേലി: രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികളോട് മനുഷ്യത്വരഹിതമായി പെരുമാറി യു.പി സര്‍ക്കാര്‍. നാട്ടില്‍ തിരിച്ചെത്തിയ തൊഴിലാളികളെ ഒരുമിച്ചിരുത്തി അണുനാശിനി സ്പ്രേചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
ലക്നൗവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെ ബറേലിയില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിട്ടുള്ളത്. പ്രത്യേക ബസ്സില്‍ നാട്ടിലേക്ക് തിരിച്ചെത്തിയ സംഘത്തെയാണ് ഒന്നിച്ചിരുത്തി അണുമുക്തമാക്കാനെന്ന പേരില്‍ ദേഹമാസകലം അണുനാശിനി സ്പ്രേ ചെയ്തത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഉദ്യോഗസ്ഥര്‍ രംഗത്തെത്തി. കുടിയേറ്റക്കാരെ ക്ലോറിനും വെള്ളവും കലര്‍ത്തി തളിക്കുകയാണ് ചെയ്തതെന്നും രാസലായിനികള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നും കണ്ണടച്ച് സൂക്ഷിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിരുന്നുവെന്നുമാണ് കോവിഡ് പ്രതിരോധ നടപടികളുടെ ചുമതലയുള്ള ഉദ്യോഗസ്ഥന് അശോക് ഗൗതം പറഞ്ഞത്. മനുഷ്യത്വരഹിതമായി പെരുമാറണമെന്ന് തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. എല്ലാവരേയും ശുചീകരിക്കേണ്ടത് പ്രധാനമായിരുന്നു, ധാരാളം ആളുകള്‍ തിരിച്ചെത്തിയതിനാല്‍ വലിയ തിരക്കുണ്ടായിരുന്നു, അതിനാല്‍ ഞങ്ങള്‍ക്ക് മികച്ചത് എന്ന് തോന്നിയതാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. യുപിയിലെ സര്‍ക്കാരിനോട് താന്‍ അഭ്യര്‍ത്ഥിക്കുന്നു… ഈ പ്രതിസന്ധിക്കെതിരെ നമ്മള് എല്ലാവരും ഒരുമിച്ച് പോരാടുകയാണ്. ഇത്തരം മനുഷ്യത്വരഹിതമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് പ്രിയങ്ക പറഞ്ഞു. തൊഴിലാളികള്‍ ഇതിനകം തന്നെ വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ട്. അവരുടെ മീതെ രാസവസ്തുക്കള്‍ തളിക്കരുത്. ഇത് അവരെ സംരക്ഷിക്കില്ല മറിച്ച് അത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പ്രിയങ്ക പറഞ്ഞു.
കൊവിഡ്19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിന് പിന്നാലെ തൊഴില്‍ നഷ്ടമായ ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികളാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് മടങ്ങുന്നത്.
അതേ സമയം സംഭവം വിവാദമായതോടെ തടിയൂരാനായി ബറേലി ജില്ലാ ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചില ഉദ്യോഗസ്ഥര്‍ പരിധി കടന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ജില്ലാ മജിസ്ട്രേറ്റ് നിതീഷ് കുമാര്‍ പറഞ്ഞു. അടച്ചു പൂട്ടല്‍ പ്രഖ്യാപിച്ചതിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ബറേലിയില്‍ മാത്രം 25000 തൊഴിലാളികള്‍ തിരിച്ചെത്തിയതായാണ് അനൗദ്യോഗിക കണക്കെന്ന് ജില്ലാ ഭരണകൂടം പറയുന്നു.