സുപ്രീംകോടതിയിലും യു.പി സര്‍ക്കാരിന് തിരിച്ചടി

109

പ്രക്ഷോഭകരുടെ പോസ്റ്ററുകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പേരുവിവരങ്ങളും പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് വീണ്ടും തിരിച്ചടി. സമരക്കാരുടെ ഫോട്ടോ പതിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരായാണ് യോഗി സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
ഒരു നിയമവും നിങ്ങളെ തുണക്കാനില്ലെന്ന് ഹര്‍ജി പരിഗണിച്ച സുപ്രീകോടതിയുടെ അവധിക്കാല ബെഞ്ച് നിരീക്ഷിച്ചു. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരുവിവരങ്ങള്‍ അച്ചടിച്ച പോസ്റ്ററുകള്‍ നീക്കാനുള്ള അലഹബാദ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേയില്ല. അലഹബാദ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള യുപി സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ഉത്തരവ് സ്‌റ്റേ ചെയ്തില്ല. യുപി സര്‍ക്കാരിന്റെ അപ്പീല്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിടുകയും ചെയ്തു. അറസ്റ്റിലായവരുടെ ചിത്രവും വിലാസവും ഉള്‍പ്പെടുത്തി ബോര്‍ഡുകള്‍ സ്ഥാപിച്ചത് നിയമവിരുദ്ധ നടപടിയാണെന്നും ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും സര്‍ക്കാറിന്റെ ഈ നടപടിയെ നിയമപരമായി ന്യായീകരിക്കാനാവില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.
ലക്‌നൗവിലെ പ്രധാന കവലകളില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് യു.പി സര്‍ക്കാര്‍ നല്‍കിയ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശം.
ജസ്റ്റിസ് യു.യു ലളിത്, അനിരുദ്ധബോസ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് അലഹബാദ് ഹൈക്കോടതിയുടെ വിധി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിച്ചു. പ്രശ്‌നം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി കേസ് മൂന്നംഗ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ ഡിസംബറില്‍ ഉത്തര്‍പ്രദേശില്‍ നടന്ന പ്രതിഷേധത്തിനിടെ അക്രമമുണ്ടാക്കി എന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തവരുടെ ഫോട്ടോയും പേരുവിവരങ്ങളുമാണ് ലക്‌നോവിലെ പ്രധാനകവലകളില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ആക്ടിവിസ്റ്റും രാഷ്ട്രീയപ്രവര്‍ത്തകയുമായ സദാഫ് ജാഫര്‍, അഭിഭാഷകനായ മുഹമ്മദ് ഷോയിബ്, നാടകപ്രവര്‍ത്തകനായ ദീപക് കബീര്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ദരാപുരി എന്നിവരുടെ ഫോട്ടോയും വിവരങ്ങളുമാണ് ബോര്‍ഡിലുള്ളത്.
ഇവര്‍ ജാമ്യത്തിലിറങ്ങിയവരാണ്. പൊതുമുതല്‍ നശിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും അല്ലാത്തപക്ഷം സ്വത്ത് കണ്ടുകെട്ടുമെന്നും ബോര്‍ഡില്‍ എഴുതിയിട്ടുണ്ട്. കുറ്റാരോപിതര്‍ക്ക് വ്യക്തിപരമായി അറിയിപ്പ് നല്‍കിയതിന് പുറമേയാണ് സര്‍ക്കാര്‍ പൊതുനിരത്തില്‍ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.