2020 എക്‌സ്‌പോ: അമേരിക്കന്‍ പവലിയന്‍ നിര്‍മാണം തുടങ്ങി

ദുബൈ: 2020 എക്‌സ്‌പോ സൈറ്റിലെ അമേരിക്കന്‍ പവലിന്റെ നിര്‍മാണം തുടങ്ങി. യുഎഇയിലെ അമേരിക്കന്‍ അംബാസഡര്‍ ജോണ്‍ റകോല്‍ട്ട, സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കൗണ്‍സിലര്‍ ഉള്‍റിച്ച് ബ്രെച്ച്ബൂഹി എന്നിവര്‍ നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യുഎസ് എംബസി വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സമൂഹത്തിന്റെ വിജയത്തിന് പിന്നില്‍ സ്വാതന്ത്ര്യവും വിമോചനവും എത്രത്തോളം സ്വാധീനം ചെലുത്തുന്നുവെന്നത് യുഎസ് പവലിയനില്‍ പ്രതിഫലിക്കുമെന്ന് റകോല്‍ട്ട വ്യക്തമാക്കി. മാത്രമല്ല അമേരിക്കന്‍ സംരംഭകരുടെ പുതിയ കണ്ടെത്തലുകളും മറ്റും ഇവിടെ പ്രദര്‍ശിപ്പിക്കും. എക്‌സ്‌പോയിലെത്തുന്ന മില്യന്‍ കണക്കിനാളുകള്‍ക്ക് അമേരിക്കന്‍ പവലിയന്‍ സന്ദര്‍ശിക്കാനാവും. മിഡില്‍ ഈസ്റ്റില്‍ ആദ്യമായി നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയില്‍ അമേരിക്കയുടെ പതാക പാറിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് ബ്രെച്ച്ബൂഹി പറഞ്ഞു. പെപ്‌സികോ ആണ് യുഎസ് പവലിന്റെ പ്രധാന സ്‌പോണ്‍സര്‍. പവലിയനിലേക്കുള്ള മറ്റു ഒരുക്കങ്ങളും നടക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.