അവധിക്കാലം: ഗള്‍ഫ് നാടുകളിലെത്താന്‍ കാത്തിരുന്ന കുരുന്നുകള്‍ക്ക് നിരാശ

334

അബുദാബി: സ്‌കൂള്‍ അവധിക്കാലം ആഹ്‌ളാദകരമാക്കാന്‍ ഗള്‍ഫ് നാടുകളില്‍ എത്താന്‍ കാത്തിരുന്ന പ്രവാസി കുടുംബിനികളും കുരുന്നുകളും യാത്രാ കാര്യത്തില്‍ ഉറപ്പ് വരുത്താനാവാതെ നിരാശയിലേക്ക് നീങ്ങുന്നു. ഈ മാസം അവസാനത്തോടെയും അടുത്ത മാസം ആദ്യത്തിലുമായി ഗള്‍ഫ് നാടുകളിലെത്താനുള്ള തയാറെടുപ്പുമായി കഴിഞ്ഞ നൂറുകണക്കിന് കുടുംബങ്ങളാണ് കടുത്ത നിരാശയിലേക്ക് നീങ്ങുന്നത്. കൊറോണ വൈറസ് ബാധയുടെ പ്രതിരോധവും മുന്‍കരുതലുമെന്ന നിലക്ക് ആഗോള തലത്തില്‍ യാത്രാ നിബന്ധനകള്‍ ഉണ്ടായേക്കുമെന്ന ആശങ്കയാണ് യാത്രക്കൊരുങ്ങുന്നവരെ നിരാശയിലേക്ക് നയിക്കുന്നത്.
കേരളത്തില്‍ ഈ മാസം അവസാനത്തില്‍ പരീക്ഷ അവസാനിക്കുന്നതോടെ ഗള്‍ഫിലേക്ക് വരുന്നതിനുള്ള ഒരുക്കങ്ങളാണ് നിരവധി പ്രവാസി കുടുംബങ്ങള്‍ നടത്തിക്കൊണ്ടിരുന്നത്. ഗള്‍ഫിലുള്ള പിതാക്കന്മാര്‍ ഇതിനായി വിമാന ടിക്കറ്റുകള്‍ നേരത്തെ എടുത്തു വെക്കുകയും വിസക്കുളള തയാറെടുപ്പുകള്‍ ചെയ്യുകയും ചെയ്തിരുന്നു. മാത്രമല്ല, മുന്‍കൂര്‍ തുക നല്‍കി താമസ സൗകര്യങ്ങളും ഒരുക്കിയവര്‍ ഏറെയാണ്. പൊതുവെ അവധിക്കാലം ആഗതമാകുന്നതോടെ താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ക്ക് അമിതമായി വാടക വര്‍ധിക്കുമെന്നതിനാലാണ് മുന്‍കൂട്ടിത്തന്നെ പലരും അഡ്വാന്‍സ് നല്‍കി താമസ സൗകര്യം ഉറപ്പ് വരുത്തിയത്. എന്നാല്‍, വിവിധ രാജ്യങ്ങളിലെ ആരോഗ്യ സ്ഥിതിഗതികളും അധികൃതരുടെ മുന്നറിയിപ്പുകളും അടുത്ത ആഴ്ചകളില്‍ ഏത് വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുകയെന്നതില്‍ പൊതുവെ ആശങ്ക നിലനില്‍ക്കുകയാണ്.
അതുകൊണ്ടുതന്നെ, വിദേശ യാത്രയുടെ കാര്യത്തില്‍ ആര്‍ക്കും വ്യക്തത കൈവരിക്കാനാവാത്ത അവസ്ഥയാണുള്ളത്.പല കുടുംബങ്ങളും വര്‍ഷങ്ങളായി കാത്തുവെച്ച മോഹം സഫലമാകുമെന്ന് കരുതി കാത്തിരിക്കുന്ന അവസാന ഘട്ടത്തിലാണ് പ്രതീക്ഷകള്‍ താളം തെറ്റുന്നത്. കുട്ടികളാണ് ഇക്കാര്യത്തില്‍ ഏറെ നിരാശരാകുന്നത്. കുടും ബങ്ങളുടെ യാത്ര അവതാളത്തിലാകുന്നതോടെ വ്യോമ ഗതാഗത മേഖലയിലും ഗള്‍ഫ് നാടുകളിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ ഇടത്തരക്കാര്‍ക്കിടയിലും കനത്ത പ്രത്യാഘാതമുണ്ടാകുമെന്നതില്‍ സംശയമില്ല. സന്ദര്‍ശക വിസക്കാരെ പ്രതീക്ഷിച്ച് താല്‍ക്കാലിക താമസ സൗകര്യങ്ങള്‍ ഒരുക്കി ആവശ്യക്കാരെ കാത്തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയായി മാറും.
ഒരു മാസം മുതല്‍ മൂന്നു മാസം വരെയുള്ള കാലയളവിലേക്ക് മുഴുവന്‍ സൗകര്യങ്ങളോടു കൂടിയ മുറികള്‍ നല്‍കുന്നവര്‍ക്കാണ് കനത്ത തിരിച്ചടിയായി മാറുക. ഫ്‌ളാറ്റുകള്‍, വില്ലകളിലെ മുറികള്‍ എന്നിവയാണ് സന്ദര്‍ശക വിസയിലെത്തുന്ന കുടുംബങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്. അടുത്ത മാസം ഒന്നു മുതല്‍ മുറിയെടുക്കാമെന്നുള്ള ധാരണയോടെയാണ് മുന്‍കൂര്‍ തുക നല്‍കിയിരിക്കുന്നത്.
അതിനിടെ, ഇന്ത്യയില്‍ നിന്ന് കുവൈത്തിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിയെന്ന വാര്‍ത്തയും കൂടുതല്‍ ആശങ്കാകുലരാക്കിയിട്ടുണ്ട്. അതേസമയം, കുടുംബത്തിന് വരാന്‍ കഴിഞ്ഞില്ലെങ്കിലും ആരോഗ്യത്തോടെ കഴിയാനും ജോലിയില്‍ തുടരാനും കഴിഞ്ഞാല്‍ മതിയെന്ന പ്രാര്‍ത്ഥനയുമായി കഴിയുന്നവരും ഏറെയാണ്.
ഗള്‍ഫ് രാജ്യങ്ങള്‍ കൊറോണ വൈറസ് ബാധക്കെതിരെയുള്ള മുന്‍കരുതലുകള്‍ വളരെ സൂക്ഷ്മതയോടെ നടത്തിക്കൊണ്ടിരിക്കുകയാണ്. രോഗ ബാധിതരായ ആരും തന്നെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് പ്രവേശിക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ പരിശോധനക്കായി വന്‍ സജ്ജീകരണങ്ങളാണ് നടത്തിയിട്ടുള്ളത്. സംശയം തോന്നുന്നവരെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുകയും ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യും.