15 പേര്‍ക്ക് പുതുതായി വൈറസ് ബാധ; 2 ചൈനീസ് പൗരന്മാര്‍ രോഗ മുക്തരായി

19

ദുബൈ: യുഎഇയില്‍ 15 പേര്‍ക്ക് പുതുതായി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി യുഎഇ ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ, യുഎഇയില്‍ കോവിഡ് 19 ബാധിച്ചവരുടെ ആകെ എണ്ണം 45 ആയി. അതേസമയം, രാജ്യത്ത് 38ഉം 10ഉം വയസുള്ള രണ്ടു ചൈനീസ് കൊറോണ ബാധിതരുടെ അസുഖം ഭേദപ്പെട്ടതായി മന്ത്രാലയം വെളിപ്പെടുത്തി. നാലംഗ കുടംബത്തില്‍ പെട്ട ഇവരിലാണ് ആദ്യം കോവിഡ് 19 കണ്ടെത്തിയിരുന്നത്. ഇവരെല്ലാം ഇപ്പോള്‍ കൊറോണ മുക്തരായി പൂര്‍ണ ആരോഗ്യമുള്ളവരായി മാറിയെന്നും മന്ത്രാലയം വ്യക്തമാക്കി.
യുഎഇയില്‍ നടപ്പാക്കിയ മുന്‍കൂട്ടിയുള്ള നിരീക്ഷണവും റിപ്പോര്‍ട്ടിംഗും മുഖേനയാണ് പുതുതായി വൈറസ് ബാധിതരെ കണ്ടെത്തിയത്. തായ്‌ലാന്റ്, മൊറോക്കോ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നും ഓരോരുത്തര്‍ക്കും; സഊദി അറേബ്യ, എത്യോപ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു പേര്‍ക്കു വീതവും മൂന്നു ഇമാറാത്തികള്‍ക്കുമാണ് പുതുതായി രോഗം കണ്ടെത്തിയത്. യുഎഇ ടൂര്‍ സൈക്‌ളിംഗ് മല്‍സരത്തില്‍ പങ്കെടുത്ത രോഗികളുമായി അടുത്തിടപഴകിയ മറ്റു രണ്ടു പേര്‍ക്ക് നേരത്തെ തന്നെ ബാധ കണ്ടെത്തിയിരുന്നു.
വളരെ സൂക്ഷ്മവും കണിശവുമായ പരിശോധനകളിലൂടെയും നിരീക്ഷണങ്ങളിലൂടെയുമാണ് പുതിയ രോഗികളെ കണ്ടെത്താനായതെന്ന് മന്ത്രാലയം പറഞ്ഞു. അഞ്ചു പേരെയാണ് ഇതുമായി ബന്ധപ്പെട്ട് പരിശോധിച്ച് വൈറസ് ബാധയില്ലെന്ന് ഉറപ്പു വരുത്തിയത്.
കോവിഡ് 19 ക്വാറന്റൈന്‍ ചെയ്ത് സുഖപ്പെട്ടവരുടെ എണ്ണം 7 ആണ്. ഈ വൈറസ് ബാധയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ രാജ്യാന്തര ചട്ടങ്ങളും വ്യവസ്ഥകളും സസൂക്ഷ്മം പാലിച്ചാണ് യുഎഇ ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം മുന്നോട്ടു പോകുന്നതെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.