അബുദാബി: ഷോപ്പിംഗ് മാളുകളില്‍ എത്തുന്നവരെ പരിശോധിക്കാന്‍ മാളുകളില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്നു. അബുദാബി വിനോദ സഞ്ചാര വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് മാളുകളുടെ പ്രവേശന കവാടത്തില്‍ പുതിയ തെര്‍മോ കാമറാ സംവിധാനം ഒരുക്കുന്നത്.
നിശ്ചിത ശരീര താപത്തിലധികമുള്ളവര് കടന്നു പോകുമ്പോള്‍ അറിയിക്കുന്ന രീതിയാണ് ഇതിലൂടെ സംവിധാനിക്കുന്നത്. കൊറോണ വൈറസ് പടരുന്നത് തടയാന്‍ വേ ണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇവ ഘടിപ്പിക്കുന്നത്. ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാളുകളിലെ പ്രധാന ഭാഗങ്ങളിലെല്ലാം അണുവിമുക്ത ലായനികള്‍ പ്രയോഗിക്കുന്നുണ്ട്.
തലസ്ഥാന നഗരിയിലെ പ്രധാന വാണിജ്യ സമുച്ചയങ്ങളിലൊന്നായ മുശ്രിഫ് മാളിലെ ലുലു ഹൈപര്‍ മാര്‍ക്കറ്റിലെ മുഴുവന്‍ കൗണ്ടറുകളിലും അണുവിമുക്ത ലായനി ഘടിപ്പിച്ചതായി മാള്‍ മാനേജര്‍ അരവിന്ദ് രവി മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു. കൂടാതെ, ഓരോ മണിക്കൂറിലും ട്രോളികളുടെ ഹാന്റിലുകള്‍ പ്രത്യേക ലായനികള്‍ ഉപയോഗിച്ച് ശുചിത്വം ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആഡംബര കപ്പല്‍ യാത്രികര്‍ക്ക്
വിലക്ക്; പാര്‍ക്കുകള്‍ അടച്ചിടുന്നു
അബുദാബി: അണുബാധ പ്രതിരോധം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി അല്‍ ഐനിലെ പാര്‍ക്കുകള്‍ അടച്ചിടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അതിനിടെ, യുഎഇയിലേക്കുള്ള ആഡംബര കപ്പല്‍ യാത്രികര്‍ക്ക് താല്‍ക്കാലികമായി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുഎഇയില്‍ കൊറോണ ബാധിത
ഇന്ത്യക്കാരുടെ എണ്ണം മൂന്നായി
അബുദാബി: യുഎഇയില്‍ കൊറോണ ബാധിച്ച ഇന്ത്യക്കാരുടെ എണ്ണം മൂന്നായി. നേരത്തെ, ഒരാള്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. ഇന്നലെ യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 15 പേരില്‍ രണ്ടു പേര് ഇന്ത്യക്കാരാണ്. രണ്ടു ശ്രീലങ്കക്കാരും ഇന്നലെ രോഗബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടു ബംഗ്ളാദേശ് പൗരന്മാരും നേരത്തെ രോഗബാധിതരായിട്ടുണ്ട്.