കോറോണയ്ക്കെതിരെ ബഹ്‌റൈനിന്റെ പ്രതിരോധം മാതൃകാപരം : അഭിനന്ദനവുമായി ലോകാരോഗ്യ സംഘടന

46

മനാമ: കോറൊണ വൈറസിനെതിരായി ബഹ്‌റൈന്‍ നടത്തുന്ന പോരാട്ടങ്ങളെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന(വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍). കോവിഡ്-19നെതിരായി ബഹ്‌റൈന്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മറ്റുള്ള രാജ്യങ്ങള്‍ക്ക് മാതൃകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയെന്ന ഭരണാധികാരി ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയുടെ ഉത്തരവ് പാലിക്കുകയാണ് തങ്ങള്‍ ചെയ്തിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ നല്ല വാക്കുകള്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നുവെന്നും ഹെല്‍ത്ത് സൂപ്രീം കൗണ്‍സില്‍ തലവന്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍-ഖലീഫ വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന നിര്‍ദേശിച്ച മുന്‍കരുതല്‍ നടപടികള്‍ ശക്തമായി പാലിക്കുമെന്ന് നേരത്തെ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ബഹ്‌റൈനില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ശാന്തമാണ്. കഴിഞ്ഞ ദിവസം ആദ്യത്തെ കൊറോണ രോഗി സുഖം പ്രാപിച്ചിരുന്നു. നിരീക്ഷണത്തിലുണ്ടായിരുന്ന 8 ബഹ്‌റൈനി സ്വദേശികള്‍ ആശുപത്രി വിടുകയും ചെയ്തിട്ടുണ്ട്.

ഫെബ്രുവരി മാസം ഇറാനില്‍ നിന്നെത്തിയ എല്ലാവരെയും വൈദ്യപരിശോധന നടത്തിവരികയാണ്. 444 എന്ന ആരോഗ്യമന്ത്രാലയത്തിന്റെ നമ്പറില്‍ വിളിച്ച് വൈദ്യ പരിശോധന തേടാനും സൗകര്യമൊരുക്കിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 4452 ലേറെ പേരെയാണ് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നത്