മരണം 11,000 കടന്നു; രോഗബാധിതര്‍ രണ്ടേമുക്കാല്‍ ലക്ഷം; ഉല്ലാസ കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചു; മൂന്നാം ദിവസവും വുഹാനില്‍ പുതിയ കേസുകളില്ല
റോം: കോവിഡ് 19 രോഗം ലോക വ്യാപകമായി പടര്‍ന്നു പിടിക്കുന്നത് തുടരുന്നു. ചൈനയിലെ വുഹാനില്‍ നിന്നും തുടങ്ങിയ മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇനിയും ലോക രാജ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഏറ്റവും കൂടുതല്‍ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത ചൈനയെ മറികടന്നാണ് ഇറ്റലിയില്‍ മരണ സംഖ്യ വീണ്ടും ഉയരുന്നത്. ഒരു ദിവസം മാത്രം 627 പേര് കൂടി മരിച്ചതോടെ ഇറ്റലിയിലെ മരണ സംഖ്യ 4032 ആയി. ലോകത്താകെ രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു.
ലോകത്ത് കോവിഡ് ബാധിച്ചുള്ള മരണ സംഖ്യ 11,370 ആയി ഉയര്‍ന്നു. ഇറ്റലിക്കു പുറമേ ഏറ്റവും കൂടുതല്‍ പേര് രോഗം ബാധിച്ച് മരിച്ചത് സ്പെയ്നിലും ഇറാനിലുമാണ്. സ്പെയിനില്‍ 262 പേരും ഇറാനില്‍ 149 പേരും ഇന്നലെ മാത്രം മരിച്ചു.
ബ്രിട്ടനില്‍ മരണ നിരക്ക് ഉയര്‍ന്നതിനെ തുടര്‍ന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജ്യത്ത് കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ഉത്തരവിട്ടു. വെള്ളിയാഴ്ച്ച അര്‍ധരാത്രി മുതല്‍ പബ്ബുകളും റസ്റ്റോറന്റുകളും അടച്ചിടാന്‍ അദ്ദേഹം നിര്‍ദേശം നല്കി. മെക്സിക്കോ, കാനഡ തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കുള്ള റോഡ് ഗതാഗതങ്ങള്‍ക്ക് യു,എസും കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി.
മരണ സംഖ്യ യൂറോപ്പില്‍ മാത്രം 5,000 കവിഞ്ഞു. ഇറ്റലി, സ്പെയിന്, ജര്‍മ്മനി എന്നിവിടങ്ങളിലാണ് അണുബാധകള്‍ കുത്തനെ ഉയര്‍ന്നിരിക്കുന്നത്. പേര്‍ഷ്യന്‍ പുതുവത്സരാഘോഷങ്ങള്‍ മഹാദുരന്തത്തെ തുടര്‍ന്ന് ഇത്തവണ ഉണ്ടായിരുന്നില്ല. ഇറാനില്‍ മരണ സംഖ്യ 1400 ല്‍ കൂടുതലാണ്. സ്പെയിനില്‍ ഇത് ആയിരം കവിഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്താകമാനം 2,35,000 ആളുകള്‍ക്കാണ് കോവിഡ് ബാധിച്ചത്. മരണം റിപ്പോര്‍ട്ട് ചെയ്തത് പതിനായിരവുമാണ്. അമേരിക്കന്‍ ഐക്യനാടുകളിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി ശേഖരിച്ച കണക്കുകള്‍ പ്രകാരം 166 രാജ്യങ്ങളില്‍ ഇതിനകം 2,60,000 ത്തിലധികം രോഗബാധിതരായിട്ടുണ്ട്. 11,300 ലധികം പേര് മരിച്ചതായും പറയുന്നു. ഇത് 12,000 ഇന്നലെ തന്നെ കവിയുമെന്നും പറയുന്നു. 87,000 പേര് സുഖം പ്രാപിച്ചതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ കൂടുതല്‍ കടുത്ത നിയന്ത്രണങ്ങളുമായി പ്രതിരോധ പ്രവര്ത്തനങ്ങള്ഊര്ജ്ജിതമാക്കി. ഉസ്ബെക്കിസ്താനില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഹോട്ടലുകളും അടച്ചു പൂട്ടി. വലിയ രീതിയിലുള്ള വിവാഹ പാര്‍ട്ടികളും കുടുംബ ചടങ്ങളും നിരോധിച്ചതായും സര്‍ക്കാര്‍ അറിയിച്ചു. ഇതുവരെ രാജ്യത്ത് 33 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊറോണ വൈറസ് കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത തുര്‍ക്ക്മെനിസ്താന്റെ തലസ്ഥാനമായ അഷ്ഗബാത്തിയില് യാത്രാ നിരോധനം ഏര്‍പ്പെടുത്തി. ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയും നടക്കുന്നുണ്ട്.
ഒറ്റ ദിവസം കൊണ്ട് 12 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കിര്‍ഗിസ്താനില്‍ സര്‍ക്കാര്‍ അണുബാധ മേഖലയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജോര്‍ദാനില്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരങ്ങളെല്ലാം അടച്ചിട്ട അവസ്ഥയിലാണ്. അത്യാവശ്യക്കാര്‍ക്ക് മാത്രമേ പുറത്തിറങ്ങാന്‍ അനുമതി നല്‍കിയിട്ടുള്ളൂ. കര്‍ഫ്യൂ ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണ് രാജ്യത്തുള്ളത്.
തായ്ലാന്റില് ഇന്നലെ മാത്രം പുതിയ 89 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഇതുവരെ 411 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് സാഹചര്യത്തില്‍ പോലും അയല്‍ രാജ്യമായ മലേഷ്യയില്‍ സംഘടിപ്പിച്ച ബോക്സിംഗ് മത്സരവും വിനോദ സമുച്ചയത്തിലെ ആളുകള്‍ കൂടിയതും മത സമ്മേളനവുമാണ് മേഖലയില്‍ രോഗം വ്യാപിക്കാന്‍ കാരണമായത്. ഫിലിപ്പീന്‍സില്‍ ഇതുവരെ 262 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോവിഡ് ബാധിച്ച് രാജ്യത്തെ പ്രമുഖ പ്രഫസര്‍മാരില്‍ ഒരാള്‍ മരണപ്പെട്ടു. ആകെ മരണം 19 ആയി.
കൊളംബിയയില്‍ നിര്‍ബന്ധിത ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പൗര്‍മാര്‍ക്ക് പുറത്തിറങ്ങാന്‍ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 13 വരെ വീടുകളില്‍ കഴിയണമെന്ന് പ്രസിഡന്റ് ഇവാന് ഡ്യൂക്ക് അറിയിച്ചു. കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ട ഇന്നലെ മുതല്‍ ശൂന്യമായ സാഹചര്യമാണ്. പെറു, ഇക്വഡോര്‍, വെനിസ്വേല എന്നിവയും സമാനമായ നടപടികള്‍ സ്വീകരിച്ച മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങളാണ്.
നിയന്ത്രണം ലംഘിച്ച് ഓസ്ട്രേലിയയിലെ സിഡ്നി ബോണ്ടി ബീച്ചില്‍ സഞ്ചാരികള്‍ എത്തിയതു മൂലം ബീച്ച് അടച്ചു. രാജ്യത്ത് ഇതുവരെ അണുബാധ ഏറ്റവരുടെ എണ്ണം 874 ആണ്. ഏഴ് പേര് മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
സിങ്കപ്പൂരില്‍ ഇന്നലെ രണ്ട് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. 385 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 131 പേര്‍ക്ക് സുഖം പ്രാപിക്കുകയും ചെയ്തു. വൈറസ് ബാധയെ തുടര്‍ന്ന് ഡയമണ്ട് പ്രിന്‍സസ് ക്രൂയിസ് കപ്പലിലെ കനേഡിയന്‍ വംശജന് ജപ്പാനില്‍ മരണപ്പെട്ടു. കപ്പലിലെ എട്ടാമത്തെ മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. കപ്പലില്‍ നിന്നും 712 പേരെ രോഗ ബാധിതരായതിനെ തുടര്‍ന്ന് ആശുപത്രികളിലേക്ക് മാറ്റിയിരുന്നു. 551 പേര് സുഖം പ്രാപിക്കുകയും ചെയ്തു.
ദക്ഷിണ കൊറിയയില്‍ 147 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കേസുകള്‍ 8,799 ആയി. രാജ്യത്ത് ഇതുവരെ 100 പേര് രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്. ന്യൂസിലാന്റിലും രോഗം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. പുതിയ 13 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ആകെ 52 പേര്‍ക്ക് രോഗമുണ്ട്. രാജ്യത്ത് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തുടര്‍ച്ചയായ മൂന്നാം ദിവസവും വുഹാനില്‍ പുതിയ കൊറോണ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ചൈനയിലെ വുഹാനിലെ വൈറസ് ബാധയുടെ പ്രഭവകേന്ദ്രത്തില്‍ നിന്നുള്ള ആശ്വാസ വാര്‍ത്തകളാണ് ചൈന പുറത്തുവിടുന്നത്. രോഗം സംശയിക്കുന്നവരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊറോണ വൈറസ് കേസുകള്‍ കൂടുതലായി വരുന്നത് തടയാന്‍ രാജ്യം താല്‍ക്കാലികമായി വിനോദസഞ്ചാരികളെ വിലക്കുകയാണെന്ന് ക്യൂബന്‍ പ്രസിഡന്റ് മിഗുവല്‍ ഡയസ്-കാനല്‍ പറഞ്ഞു. തുര്‍ക്കിയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം വര്‍ധിച്ചു. ഇതുവരെ ഒന്‍പത് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 670 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധിച്ച് ഇസ്രാഈലില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.