അതിര്‍ത്തികള്‍ അടച്ച് ലോകം

ചൊവ്വാഴ്ച രാവിലെ ലണ്ടനിലെ ക്ലഫാം ജങ്ഷനില്‍ തുറന്ന സൂപ്പര്‍മാര്‍ക്കറ്റിലേക്ക് അവശ്യസാധനങ്ങള്‍ വാങ്ങാനായി ഇടിച്ചുകയറുന്നവര്‍

സാമ്പത്തിക മാന്ദ്യമുണ്ടാകുമെന്ന് മുന്നറിയിപ്പ്; ഒമാന്‍ പൊതുഗതാഗതം നിരോധിച്ചു

കോവിഡ് വൈറസിന്റെ വ്യാപനം തടയാന്‍ ലോകരാജ്യങ്ങളെല്ലാം ആത്മരക്ഷാര്‍ത്ഥം അതിര്‍ത്തികള്‍ അടച്ച് സ്വന്തം സുരക്ഷയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തിയതിന് പുറമെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും അതിര്‍ത്തികളും അടക്കുകയാണ്. കാനഡയും അമേരിക്കയും അതിര്‍ത്തി അടക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. അവശ്യസാധന കടത്തിന് മാത്രമേ അതിര്‍ത്തി തുറക്കൂ.
ലോകവ്യാപാകമായി രോഗബാധിതരുടെ എണ്ണം രണ്ട് ലക്ഷം കവിയുകയും 8,272 പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ എല്ലാ രാജ്യങ്ങളും ഭീതിയിലാണ്. ഇറ്റലിയില്‍ മരണം 2,503 ആയി ഉയര്‍ന്നു. ഇറാനില്‍ 1,135 പേരും സ്‌പെയിനില്‍ 623 പേരും മരിച്ചു. എല്ലാ രാജ്യങ്ങളിലും മരണനിരക്കും പുതുതായി രോഗബാധിതരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ലോകത്തെ പല യു.എസ് എംബസികളും പ്രവര്‍ത്തനം നിര്‍ത്തി. ഫ്രാന്‍സും പോളണ്ടും സമ്പര്‍ക്ക വിലക്കുകള്‍ പ്രഖ്യാപിച്ചു.
വ്യാപാര സ്ഥാപനങ്ങളും വിദ്യാലയങ്ങളും അടച്ച് അസാധാരണ നീക്കങ്ങളാണ് ഫ്രാന്‍സ് നടത്തുന്നത്.  വൈറസ് വ്യാ പനം തടയാന്‍ ഒമാന്‍ പൊതുഗതാഗതം നിരോധിക്കാന്‍ തീരുമാനിച്ചു. കോവിഡ് ബാധയില്‍നിന്ന് തൊഴില്‍മേഖലയെ രക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ആഗോള സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും 2.5 കോടി തൊഴിലുകളെ തകര്‍ക്കുമെന്നും അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കി. രോഗത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളെ നേരിടുന്നതിന് ഏകോപിത നീക്കങ്ങളുണ്ടാകണമെന്ന് യു.എന്‍ അഭ്യര്‍ത്ഥിച്ചു. പൗണ്ടിന്റെ മൂല്യം മൂന്ന് പതിറ്റാണ്ടിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് ഇടിഞ്ഞു.