കരുതലോടെ ലോകം

കോവിഡ് 19 വൈറസ് ഭീതി വര്‍ദ്ധിച്ചതോടെ വിജനമായ ന്യൂയോര്‍ക്കിലെയും ലോസ് ആഞ്ചല്‍സിലെയും തെരുവുകള്‍

ലോകവ്യാപമായി കോവിഡ് 19 ബാധിച്ച് മരിച്ചുവരുടെ എണ്ണം 6,714  ആയി വര്‍ദ്ധിച്ചതോടെ അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കി. വിദ്യാലയങ്ങളും വിനോദ കേന്ദ്രങ്ങളുമെല്ലാം അടച്ചു. അവശ്യ സേവനങ്ങള്‍ക്ക് മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളൂ. പ്രമുഖ രാജ്യങ്ങളെല്ലാം യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. അകത്തേക്കും പുറത്തേക്കുമുള്ള യാത്രകളെല്ലാം തടയുകയാണ്.
അമേരിക്കയില്‍ അമ്പതിലേറെ പേര്‍ ഒരുമിച്ച് കൂടരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. എട്ടാഴ്ച വരെ വിലക്ക് ബാധകമാണ്. കോണ്‍ഫറന്‍സുകള്‍, ഫെസ്റ്റിവല്‍, പരേഡുകള്‍, സ്‌പോര്‍ട്‌സ് ഇവന്റ്, വിവാഹങ്ങള്‍, സംഘടനകളുടെ പ്രത്യേക പരിപാടികള്‍ എന്നിവയെല്ലാം ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അമേരിക്കയില്‍ ഇതുവരെ 69 പേര്‍ മരിക്കുകയും 3,806 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂയോര്‍ക്ക് സിറ്റിയില്‍ സ്‌കൂളുകള്‍ അടച്ച് ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി. സോമാലിയയില്‍ ആദ്യ കേസ് സ്ഥിരീകരിച്ചു. മൊറോക്കോയില്‍ മുഴുവന്‍ പള്ളികളും ഭക്ഷണശാലകളും വിനോദ കേന്ദ്രങ്ങളും അടക്കും. ഇറാനില്‍ മരണം 853 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം മാത്രം 129 പേരാണ് മരിച്ചത്. രോഗബാധിതരുടെ എണ്ണം 14,991 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ഇറാന്‍ മതനേതാവ് ആയതുല്ല ഹാഷിം ബതായി ഗോല്‍പയേഗാനിയും മരിച്ചവരില്‍ പെടും. അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം തന്നെ മരണം സംഭവിച്ചു. ലോകവ്യാപക യാത്രാ നിയന്ത്രണങ്ങളും യാത്രക്കാരുടെ എണ്ണം കുറയുകയും ചെയ്തതു കാരണം ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ ഓസ്ട്രിയന്‍, ഓസ്‌ട്രേലിയന്‍ യൂണിറ്റുകള്‍ സര്‍വീസ് നിര്‍ത്തി. സിംഗപ്പൂരില്‍ 17 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
സ്‌പെയിനില്‍ പൂഴ്ത്തിവെക്കാന്‍ ശ്രമിച്ച ഒന്നര ലക്ഷം മാസ്‌കുകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കസഖ്‌സ്താനില്‍ ആളുകളോട് പരമാവധി വീടുകളില്‍ തന്നെ ഇരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാകിസ്താനില്‍ കോവിഡ് 19 രോഗികളുടെ എണ്ണം 106 ആയി. അര്‍മീനിയ ഒരു മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് മുപ്പത് പേരില്‍ രോഗം സ്ഥിരീകരിച്ചു. 300ലേറെ പേര്‍ നിരീക്ഷണത്തിലാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടക്കാന്‍ അര്‍മീനിയന്‍ ഭരണകൂടം തീരുമാനിച്ചു. ജോര്‍ജിയ, ഇറാന്‍ അതിര്‍ത്തികള്‍ അടച്ചു.
ഹംഗറിയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് പ്രവേശനം അനുവദിക്കില്ല. അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ ഒഴികെയുള്ള മുഴുവന്‍ കടകളും അടച്ചു. റെസ്‌റ്റോറന്റുകള്‍ വൈകീട്ട് മൂന്ന് മണിക്ക് അടച്ചിരിക്കണം. ഈ വര്‍ഷം ചൈനക്കാര്‍ക്കും ഇറാനികള്‍ക്കും അനുവദിച്ച പതിനായിരത്തോളം വിസകള്‍ ദക്ഷിണാഫ്രിക്ക റദ്ദാക്കി.
മലേഷ്യയില്‍ 123 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ മലേഷ്യയില്‍ കൊറോണ ബാധിതര്‍ 553 ആയി.