ലോകം അടച്ചുപൂട്ടലിലേക്ക്

58
കോവിഡ് ഭീതിയെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ ജാക്കാര്‍ത്തയില്‍ പരിശോധനക്കായി ക്യൂ നില്‍ക്കുന്നവര്‍

മരണം 13,000 കടന്നു; ഇറ്റലിയില്‍ ഒരു ദിവസം 793 മരണം; 188 രാജ്യങ്ങളില്‍ മൂന്ന് ലക്ഷത്തിലേറെ രോഗികള്‍; മരണം 84 രാജ്യങ്ങളില്‍; ചൈനയില്‍ വിദേശത്ത് നിന്നെത്തിയ 46 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ഫലസ്തീനില്‍ രണ്ട് പേര്‍ക്ക് രോഗം

റോം/ലണ്ടന്‍/ബെയ്ജിങ്: കൊവിഡ് 19 ലോകമെങ്ങും അതിവേഗം പടരുകയാണ്. കൂടുതല്‍ രാജ്യങ്ങള്‍ (ലോക്ക് ഡൗണ്‍) അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നു. കൂടുതല്‍ രാജ്യങ്ങളില്‍ മരണം റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ലോകം അതീവ ജാഗ്രതയിലാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലും മരണവും രോഗബാധയും റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ചൈനയെ കൂടാതെ 84 രാജ്യങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഐസ്‌ലന്‍ഡ്, ബോസ്‌നിയ ഹെര്‍സഗോവിന, സൈപ്രസ്, കോംഗോ, പരാഗ്വേ, ഘാന, പ്യൂട്ടോറിക്ക, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലാണ് പുതുതായി മരണം റിപ്പോര്‍ട്ട് ചെയ്തത്. 13050 പേരാണ് ഞായാറാഴ്ച രാവിലെ വരെ മരിച്ചത്.
188 രാജ്യങ്ങളിലായി 307995 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 95797 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇറ്റലിയിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കുറിനിടെ 793 പേര്‍ മരിച്ചതോടെ ഇറ്റലിയില്‍ മരണം 4825 ആയി. ഇറ്റലിയില്‍ 53575 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ലോകവ്യാപകമായി സംഭവിച്ച കോവിഡ് 19 മരണങ്ങളില്‍ മൂന്നിലൊന്ന് ഭാഗത്തേക്കാള്‍ കൂടുതലാണിത്. വെള്ളിയാഴ്ച്ച 627 പേരാണ് മരിച്ചതെങ്കില്‍ ശനിയാഴ്ച്ച അത് 793 പേരായി ഉയരുകയാണുണ്ടായത്. കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ ഇറ്റലിയില്‍ അവശ്യ സേവനങ്ങളും വസ്തുക്കളുമല്ലാത്ത എല്ലാത്തിന്റേയും ഉത്പാദനവും വിതരണവും നിര്‍ത്തിവെക്കാന്‍ പ്രധാനമന്ത്രി ഗുസെപ്പെ കോന്റെ ഉത്തരവിട്ടു. അര്‍ധരാത്രി ടെലിവിഷനിലൂടെ നാടകീയമായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമുണ്ടായത്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നാണ് കോവിഡ് 19 ബാധയെ അദ്ദേഹം വിശേഷിപ്പിച്ചത്. വടക്കന്‍ ഇറ്റലിയിലെ ലൊംമ്പാര്‍ഡി മേഖലയിലാണ് കൂടുതല്‍ മരണമുണ്ടായത്. ഫാഷന്‍, സാമ്പത്തിക കേന്ദ്രമായ ലൊംമ്പാര്‍ഡി മേഖലയില്‍ 546 പേരാണ് ഇന്നലെ മരിച്ചത്.
ഇറ്റലിക്ക് പിന്നാലെ സ്‌പെയിന്‍, ഫ്രാന്‍സ്, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളും നഗരങ്ങള്‍ അടച്ചുപൂട്ടി. യൂറോപ്പ് ഏതാണ്ട് പൂര്‍ണമായി സ്തംഭിച്ച അവസ്ഥയിലാണ്. ബ്രിട്ടനും നിശ്ചലമാണ്.
ചൈനയില്‍ ആറ് മരണമാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, ചൈനയില്‍ വിദേശത്ത് നിന്നെത്തിയ 46 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 81054 പേര്‍ക്കാണ് ചൈനയില്‍ രോഗം സ്ഥിരീകരിച്ചത്. 3261 പേരാണ് മരിച്ചത്. രോഗബാധിതരില്‍ 72440 പേര്‍ പൂര്‍ണമായും സുഖം പ്രാപിച്ചിട്ടുണ്ട്.
സ്‌പെയിനില്‍ 285 പേര്‍ കൂടി മരിച്ചതോടെ മരണം 1378 ആയി. 25496 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇറാനിലും ഫ്രാന്‍സിലും നൂറിലേറെ പേര്‍ 24 മണിക്കൂറിനിടെ മരിച്ചു. രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്ക ഇറ്റലിക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തി. ഒറ്റ ദിവസം 7686 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗികളുടെ എണ്ണം 27069 ആയി. ഇതില്‍ 176 പേര്‍ മാത്രമാണ് രോഗമുക്തരായത്.
അതിനിടെ കോവിഡ് പകര്‍ച്ചയില്‍ ചൈനയെ വീണ്ടും കുറ്റപ്പെടുത്തി യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. ‘ചൈനയോടു ബഹുമാനമുണ്ട്. പ്രസിഡന്റ് ഷി ചിന്‍ പിങ് എന്റെ സുഹൃത്താണ്. പക്ഷേ, കൊറോണ വൈറസ് ചൈനയില്‍ തുടങ്ങി, കൈവിട്ടു പോയത് കഷ്ടമായി’ എന്നായിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് പറഞ്ഞത്.