‘ഇയര്‍ ഓഫ് ടോളറന്‍സ് 1000 സ്‌റ്റോറീസ്’ പുറത്തിറക്കി; സഹിഷ്ണുത മുഖമുദ്ര

ഇത്തിഹാദ് ഗ്രൂപ്പ് തയ്യാറാക്കിയ ഇയര്‍ ഓഫ് ടോളറന്‍സ്-1000 സറ്റോറീസ് സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍നഹ്യാന്‍ ഏറ്റുവാങ്ങുന്നു

ദുബൈ: ഇത്തിഹാദ് ഗ്രൂപ്പ് തയ്യാറാക്കിയ ‘ഇയര്‍ ഓഫ് ടോളറന്‍സ്-1000 സ്‌റ്റോറീസ് പുറത്തിറക്കി. സഹിഷ്ണുത മന്ത്രി ശൈഖ് നഹ്്‌യാന്‍ പുസ്തകം ഏറ്റുവാങ്ങി. സഹിഷ്ണുത എന്ന ആശയം രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മുന്നോട്ടുവച്ച ഉറച്ച എമിറാത്തി സമീപനമാണ് സഹിഷ്ണുത മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പറഞ്ഞു. ഒപ്പം സമാധാനം, സ്‌നേഹം എന്നിവയുടെ തത്വങ്ങളും രാജ്യത്തിന്റെ മുഖമുദ്രയാണ്. യുഎഇ സ്ഥാപിതമായതുമുതല്‍, സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ രാജ്യം സവിശേഷമായ ഒരു അനുഭവം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഷെയ്ഖ് നഹ്യാന്‍ പറഞ്ഞു, സാംസ്‌കാരിക സമൃദ്ധി, മാനവ വികസനം, പരിഷ്‌കൃത ഇടപെടല്‍ എന്നിവ ഉള്‍ക്കൊള്ളുന്ന എമിറാത്തി സമൂഹത്തില്‍ അന്തര്‍ലീനമായ ഒരു മൂല്യമാണിത്.
ഇത്തിഹാദ് എയര്‍പോര്‍ട്ട് സര്‍വീസസ് തയ്യാറാക്കിയ ‘ഇയര്‍ ഓഫ് ടോളറന്‍സ് – 1,000 സ്റ്റോറികള്‍’ പുസ്തകം സ്വീകരിച്ചുകൊണ്ടാണ് യുഎഇ സഹിഷ്ണുത മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇത്തിഹാദ് ഏവിയേഷന്‍ ഗ്രൂപ്പിലുള്ളവരുടെ ആയിരക്കണക്കിന് സഹിഷ്ണുതയുടെ കഥകള്‍ പകര്‍ത്തിയിട്ടുണ്ട്. ഗാഫ് മരത്തിന്റെ ശിഖരങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചാണ് താളുകള്‍ തയ്യാറാക്കിയിട്ടുള്ളത്- യുഎഇയുടെ ദേശീയ വൃക്ഷവും സഹിഷ്ണുതയുടെ പ്രതീകവുമാണ് ഗാഫ് മരങ്ങള്‍. അല്‍ ഐന്‍ മേഖലയില്‍ നിന്നുള്ള മരത്തിന്റെ ഭാഗങ്ങള്‍ ഉപയോഗിച്ച് കൈകൊണ്ടാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്.