യോഗി സര്‍ക്കാറിന് വന്‍ തിരിച്ചടി

ലക്‌നോവില്‍ സ്ഥാപിച്ച പൗരത്വ പ്രക്ഷോഭകരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റര്‍ വീക്ഷിക്കുന്നവര്‍

സി.എ.എ പ്രക്ഷോഭം: ചിത്രങ്ങള്‍ നീക്കണമെന്ന് കോടതി

ലക്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പ്രതികാര നടപടിയുമായി മുന്നോട്ടു പോകുന്ന യു.പിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാറിന് വന്‍ തിരിച്ചടി. സി.എ. എ പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് യു.പി സര്‍ക്കാര്‍ പ്രതിചേര്‍ത്തവരുടെ ചിത്രങ്ങളും മേല്‍വിലാസവും പ്രദര്‍ശിപ്പിച്ച ഹോര്‍ഡിങ് ഉടന്‍ നീക്കം ചെയ്യണമെന്ന് അലഹാബാദ് ഹൈക്കോടതി ഉത്തരവിട്ടു.
ഹോര്‍ഡിങ് നീക്കം ചെയ്തതിന് ശേഷം ലഖ്നോ ജില്ലാ ഭരണകൂടം മാര്‍ച്ച് 16-ന് രജിസ്ട്രാര്‍ ജനറലിന് റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. സി.എ.എക്കെതിരെ പ്രതിഷേധിച്ചവരുടെ ഹോര്‍ഡിങ് സ്ഥാപിച്ച സംസ്ഥാനത്തിന്റെ നടപടി ഭരണഘടനയുടെ അനുഛേദം 21ന്റെ ലംഘനമാണ്. ഇത് പൗരന്‍മാരുടെ വ്യക്തിഗത സ്വകാര്യതയും സ്വാതന്ത്രവും കൈയ്യേറുന്ന നടപടിയാണെന്നും ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂര്‍, ജസ്റ്റിസ് രമേഷ് സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പറയുന്ന നൈസര്‍ഗികമായ ഘടകമാണ് സ്വകാര്യത. സമത്വം, അഭിപ്രായ സ്വാതന്ത്ര്യം, സഞ്ചാര സ്വാതന്ത്ര്യം, ജീവനും സ്വത്തിനുമുള്ള സംരക്ഷണം എന്നിവയുടെ അടിസ്ഥാനം ഇതാണ്. ഇതിന്‍മേലുള്ള കടന്നു കയറ്റമാണ് ജില്ലാ, പൊലീസ് ഭരണകൂടങ്ങളുടേതെന്നും കോടതി നിരീക്ഷിച്ചു.
ജനാധിപത്യ സമൂഹത്തില്‍ ഇത്തരം ബാനറുകള്‍ സ്ഥാപിക്കേണ്ടതിന്റെ ആവശ്യം എന്തെന്നത് സംബന്ധിച്ച് സംതൃപ്തമായ മറുപടി നല്‍കാന്‍ സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറലിന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു. പ്രതികളുടെ പേരുവിവരങ്ങളും ചിത്രങ്ങളും നഗരത്തില്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ കോടതി ഞായറാഴ്ച സ്വമേധയാ കേസെടുത്തിരുന്നു. ചീഫ് ജസ്റ്റിസ് ഗോവിന്ദ് മാഥൂരിന്റേതായിരുന്നു നടപടി. പൗരന്മാരുടെ വ്യക്തിഗത സ്വകാര്യതയും, സ്വാതന്ത്ര്യവും കൈയ്യേറുന്ന നടപടിയാണിതെന്നും വിഷയത്തില്‍ കോടതി വാദം ആരംഭിക്കുന്നതിന് മുന്‍പ് സര്‍ക്കാര്‍ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട് നടന്ന അക്രമ സംഭവങ്ങളില്‍ പ്രതികളായിട്ടുള്ളവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും നഷ്ടം നികത്തുന്നതിനായി പിഴ ഈടാക്കുന്നതിനുള്ള നോട്ടീസുകള്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതിനു പിന്നാലെയാണ് പ്രതിചേര്‍ത്തവരുടെ ചിത്രങ്ങളും പേരുവിവരങ്ങളും ലഖ്‌നോ നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ പ്രദര്‍ശിപ്പിച്ചത്. പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം പ്രതികളില്‍നിന്ന് ഈടാക്കുമെന്നും പിഴ നല്‍കാത്തവരുടെ വസ്തുവകകള്‍ കണ്ടുകെട്ടുമെന്നും ചിത്രങ്ങള്‍ക്കൊപ്പം വ്യക്തമാക്കിയിരുന്നു.
ആക്ടിവിസ്റ്റ് സദഫ് ജാഫര്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുഹമ്മദ് ഷുഹൈബ്, മുന്‍ ഐ. പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ആര്‍ ധാരാപുരി തുടങ്ങിയവരുടേതടക്കമുള്ള ഫോട്ടോകളും പേരുവിവരങ്ങളും ലക്‌നോവില്‍ ഉയര്‍ത്തിയ പോസ്റ്ററുകളിലുണ്ടായിരുന്നു. സിഎഎക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടര്‍ന്ന് 60ഓളം പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടതായി പൊലീസ് വ്യക്തമാക്കിയിരുന്നു.