സീബ്ര ക്രോസിംഗിലല്ലാതെ റോഡ്  മുറിച്ചു കടന്ന 48,000 പേര്‍ക്ക് പിഴ

അബുദാബി: കാല്‍നടക്കാര്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലൂടെയല്ലാതെ റോഡ് മുറിച്ചു കടന്ന 48,000 പേര്‍ക്ക് പിഴ ചുമത്തിയതായി അബുദാബി പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ഇത്രയും പേരെ പിടികൂടി പിഴ ഈടാക്കിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാല്‍നടക്കാര്‍ക്കായി പ്രത്യേകം ഒരുക്കിയ സീബ്ര ലൈനുകള്‍ വക വെക്കാതെ മറ്റിടങ്ങളില്‍ കൂടി മറുവശം കടന്നവരെയാണ് പിടികൂടി പിഴ ചുമത്തിയത്.
കാല്‍നടക്കാരുടെ സുരക്ഷിതത്വത്തിനും അപകടങ്ങള്‍ ഇല്ലാതാക്കാനുമുള്ള ലക്ഷ്യത്തോടെയാണ് സീബ്ര ക്രോസിംഗ് നിയമം കര്‍ശനമായി നടപ്പാക്കിയിട്ടുള്ളത്. എന്നാല്‍, ഇത്തരം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താതെ ജീവന്‍ തന്നെ നഷ്ടപ്പെടുന്ന വിധത്തില്‍ മറുവശത്തേക്ക് റോഡ് മുറിച്ചുകടന്ന് ഓടുന്നവരെയാണ് പൊലീസ് പിടികൂടിയത്. 400 ദിര്‍ഹമാണ് ഇവരില്‍ നിന്നും പിഴയായി ഈടാക്കിയത്.
സീബ്ര ക്രോസിംഗ് വളരെ പ്രധാനപ്പെട്ടതാണെന്നും കാല്‍നടക്കാര്‍ റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുകയും അവരുടെ സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി. വ്യവസായ നഗരി, ചെറിയ റോഡുകള്‍ കടന്നു പോകുന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാല്‍നടക്കാര്‍ക്ക് പരിഗണന നല്‍കുകയും വാഹനങ്ങള്‍ നിര്‍ത്തിക്കൊടുക്കുകയും വേണം. ഇതുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് തൊഴിലാളികള്‍ക്കിടയിലും മറ്റും വ്യാപക ബോധവത്കരണം നടത്തി വരുന്നുണ്ട്.