അതിനൂതന കോവിഡ് ആശുപത്രി വിദഗ്ധസംഘം കാസര്‍ക്കോട്ട്

33

തിരുവനന്തപുരം: കാസര്‍ക്കോട് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്ള 26 അംഗ സംഘം കാസര്‍കോടെത്തി. നാലു ദിവസം കൊണ്ട് കാസര്‍ക്കോട് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം യാഥാര്‍ത്ഥ്യമാക്കുക എന്നതാണ് ഇവരുടെ മുന്നിലുള്ള ദൗത്യം.
സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് രോഗികളുള്ളത് കാസര്‍കോട്ട് മികച്ച ചികിത്സാ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായാണ് കാസര്‍ക്കോട് മെഡിക്കല്‍ കോളജിലെ പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനെ കോവിഡ് ആശുപത്രിയാക്കി മാറ്റുന്നത്. 200 ഓളം കിടക്കകളുള്ള ഐസൊലേഷന്‍ വാര്‍ഡുകളും 20 തീവ്ര പരിചരണ വിഭാഗങ്ങളുമാണ് സജ്ജമാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ ഏഴ് കോടി രൂപയാണ് ആശുപത്രിക്ക് അനുവദിച്ചിട്ടുള്ളത്. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളുമെല്ലാം അടിയന്തരമായി സജ്ജമാക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ്. സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുള്‍പ്പെടുന്ന 5 ടീമുകളാണ് പ്രവര്‍ത്തിക്കുക. കോവിഡ് ഒ.പി., കോവിഡ് ഐ.പി., കോവിഡ് ഐ.സി.യു. എന്നിവയെല്ലാം സജ്ജമാക്കും.
അനസ്തീഷ്യാ വിഭാഗത്തിലെ ഡോ. നരേഷ് കുമാര്‍, ഡോ. രാജു രാജന്‍, ഡോ. മുരളി, ന്യൂറോളജി വിഭാഗത്തിലെ ഡോ. ജോസ് പോള്‍ കുന്നില്‍, ഡോ. ഷമീം, ജനറല്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. സജീഷ്, പള്‍മണറി മെഡിസിന്‍ വിഭാഗത്തിലെ ഡോ. പ്രവീണ്‍, ഡോ.ആര്‍. കമല, നെഫ്രോളജി വിഭാഗത്തിലെ ഡോ. എബി, പീഡിയാട്രിക്‌സിലെ ഡോ. മൃദുല്‍ ഗണേഷ്, സ്റ്റാഫ് നഴ്‌സുമാരായ ജോസഫ് ജെന്നിംഗ്‌സ്, എസ്.കെ. അരവിന്ദ്, പ്രവീണ്‍ കുമാര്‍, അനീഷ് രാജ്, വിഷ്ണു പ്രകാശ്, എസ്.റാഷിന്‍, എം.എസ്. നവീന്‍, റിതുഗാമി, ജെഫിന്‍ പി. തങ്കച്ചന്‍, ഡി. ശരവണന്‍, നഴ്‌സിംഗ് അസിസ്റ്റന്റുമാരായ ആര്‍.എസ്. ഷാബു, കെ.കെ. ഹരികൃഷ്ണന്‍, എസ്. അതുല്‍ മനാഫ്, സി. ജയകുമാര്‍, എം.എസ്. സന്തോഷ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്കുള്ള ഗതാഗതം സുഗമമാക്കുന്നതും ഭക്ഷണ സൗകര്യങ്ങള്‍ ഒരുക്കുന്നതും പോലീസാണ്.