മുംബൈ: എഴുപതുകള്‍ മുതല്‍ തൊണ്ണൂറുകള്‍ വരെ ബോളിവുഡിനെ ത്രസിപ്പിച്ച പ്രണയ നായകനായിരുന്നു ഇന്നലെ അന്തരിച്ച പ്രശസ്ത നടന്‍ ഋഷി കപൂര്‍. പ്രണയ നായകനില്‍ നിന്നും പിന്നീട് എല്ലാ തരം കഥാപാത്രങ്ങളും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു.
മുത്തച്ഛന്‍ പൃഥ്വിരാജ് കപൂറിനെയും അച്ഛന്‍ രാജ് കപൂറിനെയും പിന്തുടര്‍ന്ന് ചലച്ചിത്രലോകത്തെത്തിയ ഋഷി, 1970ല്‍ രാജ് കപൂര്‍ സംവിധാനം ചെയ്ത മേരാ നാം ജോക്കറിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയതോടെ ശ്രദ്ധേയനായി. തുടര്‍ന്ന് ബോബി, ഹം കിസീ സെ കം നഹി, അമര്‍ അക്ബര്‍ ആന്റണി, സര്‍ഗം, സാഗര്‍, ബോല്‍ രാധാ ബോല്‍ തുടങ്ങി ഒട്ടേറെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. രണ്ടായിരത്തിന് ശേഷം പ്രണയ നായകനെന്ന പ്രതിച്ഛായയില്‍ നിന്ന് മാറി ഗൗരവമുള്ള കഥാപാത്രങ്ങളും ഹാസ്യ കഥാപാത്രങ്ങളും ഋഷി കപൂര്‍ തെരഞ്ഞെടുത്തു. അതുവഴി വൈവിധ്യമുള്ള നടനാണ് താനെന്ന് അദ്ദേഹം തെളിയിച്ചു. മലയാളി സംവിധായകന്‍ ജീത്തു ജോസഫിന്റെ ‘ദ ബോഡി’ ആയിരുന്നു ഋഷി കപൂറിന്റെ ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഇന്ത്യന്‍ ചലച്ചിത്രലോകം കണ്ട എക്കാലത്തെയും ജനപ്രിയ നടന്മാരിലൊരാളും സംവിധായകനും നിര്‍മാതാവുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനായ ഋഷി കപൂര്‍, പിതാവ് സംവിധാനം ചെയ്ത ‘ശ്രീ 420’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘പ്യാര്‍ ഹുവാ ഇക്റാര്‍ ഹുവാ…’ എന്ന ഗാനത്തില്‍ മുഖം കാട്ടിയാണ് ചലച്ചിത്ര രംഗത്ത് അരങ്ങേറിയത്.
1973 ല്‍ രാജ് കപൂറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘ബോബി’യില്‍ ഋഷി കപൂര്‍ ആദ്യമായി നായകവേഷം അണിഞ്ഞു. ഡിംപിള്‍ കപാഡിയ നായികയായ ഈ ചിത്രത്തിലെ റൊമാന്റിക് രംഗങ്ങള്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ‘ഹം തും എക് കമ്രേ മേം ബന്ദ് ഹോ’ എന്ന ഇതിലെ ഗാനം എക്കാലത്തേയും ജനപ്രിയ ഹിറ്റായി മാറി. 1973 ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പണം വാരിയബോബി എന്ന സിനിമ അദ്ദേഹത്തിന് മികച്ച നടനുളള ഫിലിം ഫെയര്‍ പുരസ്‌കാരവും നേടിക്കൊടുത്തു. സോവിയറ്റ് യൂണിയന്റെ ചരിത്രത്തിലെ ഏക്കാലത്തെയും 20 വലിയ ഹിറ്റ് സിനിമകളിലൊന്നും ഈ ഹിന്ദി സിനിമയാണ്. 1973-2000 കാലയളവില്‍ 92 സിനിമകളില്‍ ഋഷി കപൂര്‍ നായകനായി. തുടര്‍ന്ന് സഹനടന്റെ റോളുകളിലേക്ക് മാറി. 2012 ല്‍ ‘അഗ്നിപഥി’ലും 2018 ല്‍ ‘മുല്‍ക്കി’ലും അദ്ദേഹത്തിന്റെ വേഷങ്ങള്‍ ഏറെ ശ്രദ്ധ നേടി. ബോളിവുഡിലെ പ്രശസ്തമായ ആര്‍കെ ഫിലിംസ് കമ്പനി ഉടമ കൂടിയായ അദ്ദേഹം സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2008 ല്‍ ആജീവനാന്ത മികവിനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.
ട്വിറ്ററില്‍ ഏറെ സജീവമായിരുന്ന ഋഷി കപൂര്‍ ബീഫ് തിന്നുന്ന ഹിന്ദുവാണ് താനെന്ന് ട്വീറ്റ് ചെയ്തത് വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ‘ദി ഇന്റേണ്‍’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമേക്കില്‍ ദീപിക പദുക്കോണിന്റെ കൂടെ അഭിനയിക്കാനിരിക്കെയാണ് തിരശ്ശീലക്ക് പിന്നിലേക്ക് ഋഷി കപൂര്‍ മാഞ്ഞത്.