അവശ്യസാധനങ്ങള്‍ക്കായി തമിഴ്‌നാട്ടില്‍ പരക്കംപാച്ചില്‍

44
ചെന്നൈയില്‍ അവശ്യ സാധനങ്ങള്‍ വാങ്ങാനായുള്ള തിരക്ക്‌

ചെന്നൈ: തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളില്‍ ഞായറാഴ്ച വൈകുന്നേരം മുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചതോടെ അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ ജനങ്ങളുടെ പരക്കംപാച്ചില്‍. ചെന്നൈ അടക്കമുള്ള നഗരങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന കടകളില്‍ സാമൂഹിക അകലമെന്ന മാനദണ്ഡം ലംഘിച്ചു കൊണ്ട് വലിയ ജനത്തിരക്കാണ് ശനിയാഴ്ച അനുഭവപ്പെട്ടത്.
ഞായര്‍ വൈകുന്നേരം ആറ് മണിമുതല്‍ ലോക്ക്ഡൗണ്‍ കൂടുതല്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസാമി അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി അവശ്യസാധന കടകള്‍ വൈകുന്നേരം മൂന്നു മണിവരെ തുറക്കാനും അദ്ദേഹം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് ആയിരക്കണക്കിന് പേരാണ് ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ മറികടന്ന് നഗരങ്ങളിലെ കടകള്‍ക്കു മുന്നില്‍ തടിച്ചുകൂടിയത്. തമിഴ്‌നാട്ടിലെ ചെന്നൈ, മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച മുതല്‍ നാലുദിവസത്തെ ശക്തമായ ലോക്ക്ഡൗണ്‍ നടപ്പിലാക്കുമെന്ന് വെള്ളിയാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. സേലം, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ മൂന്നു ദിവസത്തെ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ശക്തമാക്കുന്ന ഇടങ്ങളില്‍ പച്ചക്കറി, പലവ്യജ്ഞന കടകള്‍ അടക്കം എല്ലാം അടച്ചിടുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. ഈ സമയത്ത് വീടുകളില്‍ എത്തിച്ച് നല്‍കുന്ന കച്ചവടങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടാവൂ. ഭക്ഷണ സാധനങ്ങളുടെ ഹോം ഡെലിവറിയും അനുവദിക്കും. സര്‍ക്കാര്‍ നടത്തുന്ന അമ്മ കാന്റീനുകളും തുറക്കും.