18.4 ദശലക്ഷം ബസ് ട്രിപ്പുകള്‍; 19.8 ദശലക്ഷം ടാക്‌സി യാത്രക്കാര്‍
റസാഖ് ഒരുമനയൂര്‍
അബുദാബി: അബുദാബിയില്‍ പൊതുഗതാഗത സംവിധാനം ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി അബുദാബി സംയോജിത ഗതാഗത കേന്ദ്രം (ഐടിസി) വ്യക്തമാക്കി. ഈ വര്‍ഷം ആദ്യ മൂന്നു മാസം 18.4 ദശലക്ഷം ട്രിപ്പുകളാണ് പൊതുഗതാഗത ബസുകള്‍ ഓടിയത്. 19.8 ദശലക്ഷം പേര്‍ ടാക്‌സി കാറുകളുടെ സേവനം പ്രയോജനപ്പെടുത്തി. ഇതിനായി 11 ദശലക്ഷം ട്രിപ്പുകളാണ് ടാക്‌സികള്‍ ഓടിയത്. ഊബര്‍, കറീം കാറുകളുടെ പ്രതിദിന ട്രിപ്പുകള്‍ 5,130 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.
കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി 632 ബസുകള്‍, 6,390 ടാക്‌സി കാറുകള്‍, 7625 സ്‌കൂള്‍ ബസുകള്‍ എന്നിവ അണുമുക്തമാക്കുന്ന പ്രക്രിയ പൂര്‍ത്തീകരിക്കുകയുണ്ടായി. 410 ബസുകള്‍ അബുദാബി നഗരത്തിലും 152 എണ്ണം അല്‍ ഐനിലും 70 എണ്ണം അല്‍ദഫ്‌റ മേഖലയിലും സര്‍വീസ് നടത്തുന്നവയാണ്. ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് 148 മെഴ്‌സിഡസ് (സ്പ്രിന്റര്‍, സിറ്റാറോ) വോള്‍വോ ബസുകള്‍ക്ക് പുതുതായി ഓര്‍ഡര്‍ നല്‍കുകയുണ്ടായി. ഇതില്‍ 86 എണ്ണം ഇതിനകം നിരത്തിലിറക്കിയതായി അധികൃതര്‍ വ്യക്തമാക്കി. 62 ബസുകള്‍ നിരത്തിലിറക്കുന്നതിന്റെ മുന്നോടിയായി ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിനുള്ള പരിശോധനയിലാണ്.
അബുദാബി, അല്‍ ഐന്‍ നഗരങ്ങളിലെ പ്രധാന ബസ് സ്റ്റേഷനുകളിലെ പ്രവേശന കവാടങ്ങളില്‍ സ്വയം പ്രവര്‍ത്തിക്കുന്ന അണുമുക്ത സംവിധാനം ഏര്‍പ്പെടുത്തിയതും ശ്രദ്ധേയമാണെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി. ഈ വര്‍ഷത്തെ ആദ്യ മൂന്നു മാസം 1,091,580 ഇടപാടുകളില്‍ 896,204 ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തിയത്. ഇതില്‍ 82.33 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് നിര്‍വഹിച്ചത്.
പൊതുജനാരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ എന്നിവരെ ആശുപത്രികളിലേക്കും വീടുകളിലേക്കും എത്തിക്കുകയെന്ന ദൗത്യം കൂടി ഗതാഗത വിഭാഗം സൗജന്യമായി നടത്തി വരുന്നുണ്ട്. കൊറോണ കാലയളവില്‍ പൊതുജനങ്ങള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നും വീടുകളില്‍ എത്തിച്ചു കൊടുക്കുന്ന സംവിധാനവും സാമ്പത്തിക കാര്യാലയ സഹകരണത്തോടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രഖ്യാപനം നടത്തി ആദ്യ മൂ ന്നു ദിവസം 230 ടാക്‌സികളിലായി 477 പേര്‍ക്ക് സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയുണ്ടായി.
എട്ട് കമ്പനികളുടേതായി 6,390 ടാക്‌സികളാണ് അബുദാബിയില്‍ സര്‍വീസ് നടത്തി വരുന്നത്. 955 കാറുകളാണ് ഊബര്‍, കറീം റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശരാശരി 5130 ട്രിപ്പുകളാണ് ഇവ ദിനേന നടത്തിക്കൊണ്ടിരിക്കുന്നത്. കറീം കാറുകള്‍ അല്‍ഫലാഹ്, അല്‍ശംഖ, ബനിയാസ്, അല്‍ശവാമഖ്, അല്‍ഷഹാമ എന്നിവിടങ്ങളിലേക്കും തങ്ങളുടെ സേവനം വ്യാപിപ്പിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ റോഡ് സര്‍വീസ് പട്രോള്‍ സേവനം 5747 എണ്ണമാണ് രേഖപ്പെടുത്തിയത്. അല്‍ ഐനിലെ അല്‍ഹുസന്‍, അല്‍മുറബ, അല്‍കുവൈത്താത്ത്, അല്‍നിയാദാത്ത് എന്നീ നാലു മേഖലകളിലായി 5,198 പാര്‍ക്കിംഗുകള്‍ അനുവദിക്കുകയുണ്ടായി.
അബുദാബി ഫെറി സര്‍വീസുകള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തുകയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 13,301 പേരാണ് സേവനം ഉപയോഗപ്പെടുത്തിയത്. 2,938 വാഹനങ്ങള്‍ കൊണ്ടു പോകുന്നതിനും ഫെറി സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.