കോഴിക്കോട്: പ്രതികാര മനോഭാവത്തോടെ ആയിരം കേസുകള്‍ കെട്ടിച്ചമച്ചാലും നിശ്ശബ്ദനാക്കാനാവില്ലെന്ന് മുസ്്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. വിമര്‍ശനം ഉന്നയിച്ചാല്‍ അതിന് മറുപടി പറയുക എന്നതാണ് ശരിയായ രീതി. വിജിലന്‍സിനെകൊണ്ട് കേസെടുപ്പിച്ചാലും നിലപാടുകളില്‍ നിന്നോ പ്രതികരണങ്ങളില്‍ നിന്നോ പിന്നോട്ടു പോവില്ല. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും ഷാജി പറഞ്ഞു.
അഴീക്കോട് മണ്ഡലത്തില്‍ പെട്ട പൊതുപങ്കാളിത്തത്തോടെ നടക്കുന്ന സ്കൂളിന് പ്ലസ്ടു അനുവദിച്ചത് 2014 ലാണ്. സി.പി.എം അങ്ങേയറ്റം വേട്ടയാടിയിട്ടും 2016ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ പോലും ഇത്തരമൊരു ആരോപണം ഉയര്‍ന്നിട്ടില്ല. 2016ല്‍ രഹസ്യമായി അന്നത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.വി നികേഷിനു വേണ്ടി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മുസ്്ലിംലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട നൗഷാദാണ് 2017ല്‍ ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് സി.പി.എം നേതാക്കള്‍ വിഷയം ഏറ്റെടുത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭവന്‍ വഴി വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.
മുസ്്ലിംലീഗ് നേതൃത്വമോ എം.എല്‍.എയോ പണം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് വിജിലന്‍സിന് മൊഴിനല്കിയതെന്ന് സ്കൂള്‍ മാനേജര്‍ പി.വി പത്മനാഭന് ഉള്‍പ്പെടെയുളളവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തിടുക്കപ്പെട്ട് കേസെടുത്തത് പിണറായി വിജയന് കോടികള്‍ മുടക്കി കൃത്രിമമായി നിര്‍മ്മിച്ച പ്രതിഛായ തകര്‍ന്നതിന്റെ പകയാണ്. എം. എല്‍.എക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കില്‍ നിയമസഭയെ അറിയിക്കണമെന്നുണ്ട്. നിയമസഭ ഇല്ലാത്തപ്പോഴാണെങ്കില്‍ എം. എല്‍.എയെ നേരിട്ട് അറിയിക്കുകയും വേണമെന്നാണ് ചട്ടം. പക്ഷെ വാര്‍ത്താ മാധ്യമങ്ങളിലൂടെയാണ് കെട്ടിച്ചമച്ച കേസിനെക്കുറിച്ച് അറിയുന്നത്.
കോടികളുടെ പൊതുപണം ദുരുപയോഗം ചെയ്ത് രാഷ്ട്രീയ കൊലയാളികളെ രക്ഷിക്കുന്നത് ചൂണ്ടിക്കാണിച്ചതിനാണ് പിണറായി പൊലീസ് വേട്ടയാടുന്നത്. സര്‍ക്കാറിന്റെ ധൂര്‍ത്തും വഴിവിട്ട ചെലവും പ്രളയകാലത്തെക്കാള്‍ രൂക്ഷമായി കോവിഡ് കാലത്തും തുടരുമ്പോള്‍ ജനങ്ങളാണ് അതിന് ഇരയാവുന്നത്. ജനപ്രതിനിധിയും പൊതുപ്രവര്‍ത്തകനുമെന്ന നിലയില്‍ തന്റെ ബാധ്യതയാണ് സര്‍ക്കാറിനെ നേര്‍വഴിക്ക് നയിക്കാന്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുകയെന്നതെന്നും കെ.എം ഷാജി പറഞ്ഞു.