ന്യൂഡല്‍ഹി: ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയോ ഇവരുടെ വാഹനം തകര്‍ക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. ആരോഗ്യ പ്രവര്‍ത്തകരെ അക്രമിക്കുന്നതിനെ ഒരു നിലക്കും വച്ചുപൊറുപ്പിക്കില്ലെന്ന് ഓര്‍ഡിനന്‍സ് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവര്‍ക്ക് ഏഴു വര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയുമാണ് ഓര്‍ഡിനന്‍സില്‍ ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. മഹാമാരിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ കഠിനാധ്വാനം ചെയ്യുന്നവരാണ് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍. ഇവര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ നിര്‍ഭാഗ്യകരമാണ്. ഒരു നിലക്കും ഇതിനെ വച്ചുപൊറുപ്പിക്കാനാവില്ല. അതുകൊണ്ടാണ് ശിക്ഷ കടുപ്പിക്കുന്നത്. ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചാലുടന്‍ നിയമം നടപ്പാക്കുമെന്ന് ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.1897ലെ പകര്‍ച്ചവ്യാധി തടയല്‍ നിയമം ഭേദഗതി ചെയ്താണ് പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. ഭേദഗതി പ്രകാരം ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതും അധിക്ഷേപിക്കുന്നതും ഗുരുതരവും ജാമ്യമില്ലാത്തതുമായ കുറ്റകൃത്യമാക്കി മാറ്റിയിട്ടുണ്ട്. അക്രമത്തിന് ഇരയാകുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാനും സ്വത്തുവകകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ ആയതിന് നഷ്ടപരിഹാരം നല്‍കാനും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യുന്നു. ഇതുസംബന്ധിച്ച പരാതികള്‍ ലഭിച്ചാല്‍ ഒരുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. ഒരു വര്‍ഷത്തിനകം വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി കേസ് തീര്‍പ്പാക്കണമെന്നും ഓര്‍ഡിനന്‍സ് പറയുന്നു. നിസ്സാര സംഭവങ്ങളില്‍ മൂന്നു മാസം മുതല്‍ അഞ്ചുവര്‍ഷം വരെയാണ് ശിക്ഷ വ്യവസ്ഥ ചെയ്യുന്നത്. 50,000 മുതല്‍ രണ്ടുലക്ഷം രൂപ വരെ പിഴയും. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗൗരവം കൂടുതലാണെങ്കില്‍ ശിക്ഷ ആറു മാസം മുതല്‍ ഏഴു വര്‍ഷം വരെയായിരിക്കും. പിഴത്തുക ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയും. ഐ.എം.എ പ്രതിനിധികളുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്‍ എന്നിവര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ ചര്‍ച്ചയിലാണ് ശിക്ഷ വര്‍ധിപ്പിക്കാന്‍ ധാരണയായത്.