ആശങ്ക അകലുന്നില്ല

11

കോട്ടയം, ഇടുക്കി ജില്ലകളില്‍ 11 പേര്‍ക്കുകൂടി കോവിഡ്

തിരുവനന്തപുരം: കോവിഡ് വ്യാപനം സംബന്ധിച്ചസംസ്ഥാനത്തിന്റെ ആശങ്കകള്‍ അകലുന്നില്ല. രോഗത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടെന്ന് കരുതിയ മേഖലകളില്‍ വീണ്ടുംപുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ക്കാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഈ 11 കേസുകളും ഇടുക്കി, കോട്ടയം ജില്ലകളിലാണ്. കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനെതുടര്‍ന്ന് ഓറഞ്ച് സോണില്‍ ഉള്‍പ്പെടുത്തിയിരുന്ന ഈ ജില്ലകള്‍ ഇതോടെ വീണ്ടും ഭീതിയുടെ നിഴലിലായിട്ടുണ്ട്. മാത്രമല്ല, വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് 28 ദിവസത്തെ ക്വാറന്റൈനാണ് സാധാരണ നിശ്ചയിക്കാറ്. എന്നാല്‍ ഈ കാലയളവിനുശേഷമാണ് പലര്‍ക്കുംരോഗം സ്ഥിരീകരിക്കുന്നത്. രോഗലക്ഷണങ്ങള്‍ പ്രകടമല്ലാത്തവരിലും കോവിഡ് സ്ഥിരീകരിക്കുന്നു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇന്നലെ രോഗം സ്ഥിരീകരിച്ച മൂന്നുപേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്പെയിന്‍) രണ്ട് പേര്‍ തമിഴ്നാട്ടില്‍ നിന്നും വന്നതാണ്. മൂന്നു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്.
കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നതാണ്. നാലു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. തമിഴ്‌നാട്ടില്‍നിന്ന് എത്തുന്നവരില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ പൊതുവെ കോവിഡ് രോഗികളുടെ എണ്ണം കൂടുതലാണ്. ഇതിനു പുറമെ ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലും രോഗവ്യാപന തീവ്രത കൂടുതലാണ് . തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ഇടുക്കി ജില്ലയില്‍നിന്ന് അങ്ങോട്ടും തിരിച്ചുമുള്ള ആളുകളുടെ പോക്കുവരവ് കടുത്ത ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പുതിയ കേസുകള്‍കൂടിചേര്‍ത്ത് ഇടുക്കി ജില്ലയിലെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 20 ആയിട്ടുണ്ട്. വണ്ടന്‍മേട്, ഉപ്പുകണ്ടം, ഏലപ്പാറ (2), വണ്ടിപ്പെരിയാര്‍ (2) എന്നിങ്ങനെയാണ് പുതിയ രോഗികള്‍. വണ്ടന്‍മേട്ടില്‍ 24 കാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ മലപ്പുറത്ത് നിന്നാണ് മാര്‍ച്ച് 23ന് പനി ലക്ഷണങ്ങളോടെ വീട്ടില്‍ എത്തിയത്. ബൈക്കിലായിരുന്നു വന്നത്. തുടര്‍ന്ന് വീട്ടില്‍ കഴിയുകയായിരുന്നു.
ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തിലെ ഉപ്പുകണ്ടം സ്വദേശിയായ 50 കാരന്‍ കഴിഞ്ഞ മാര്‍ച്ച് 15ന് ജര്‍മനിയില്‍ നിന്നു സ്‌പെയിനിലൂടെ അബുദാബി വഴി നാട്ടിലെത്തി. ഇദ്ദേഹത്തിന് രോഗലക്ഷണങ്ങളൊന്നും ഇല്ലായിരുന്നു. വിദേശത്ത് നിന്നു വന്നതാകയാല്‍ സാധാരണ രീതിയില്‍ സ്രവം പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.ഏലപ്പാറ പിഎച്ച്‌സിയിലെ 41 കാരിയായ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. മൈസൂരില്‍ നിന്ന് വന്ന് രോഗബാധിതനായ വ്യക്തിയുടെ അമ്മയില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പകര്‍ന്നതെന്ന് കരുതുന്നു. ഡോക്ടര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. അമ്മ ഏലപ്പാറ പി.എച്ച്.സിയില്‍ ചികിത്സ തേടിയിരുന്നു.
ഏലപ്പാറയിലെ തന്നെ 54 കാരിയാണ് മറ്റൊരു രോഗി. ഇവര്‍ അടുത്ത് രോഗം ബാധിച്ച സ്ത്രീയുടെ വീട്ടില്‍ പാലും മുട്ടയും കൊടുക്കുന്നുണ്ടായിരുന്നു. വണ്ടിപ്പെരിയാര്‍ താമസക്കാരനായ അച്ഛനും (35), ഏഴു വയസുള്ള മകള്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇയാള്‍ തമിഴ്‌നാട്ടിലെ തിരുനല്‍വേലിയില്‍ പോയി എപ്രില്‍ 12 ന് വീട്ടില്‍ വന്നു. പിന്നീട് അച്ഛന്റെയും മകളുടെയും സ്രവം പരിശോധിച്ചപ്പോഴാണ് രോഗമുണ്ടെന്ന് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം തടയുന്നതിന് ജില്ലാ- സംസ്ഥാന അതിര്‍ത്തികളില്‍ കൂടുതല്‍ നിരീക്ഷണം അനിവാര്യമാണെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് നാലുപേരാണ് ഇന്നലെ രോഗമുക്തി നേടിയത്. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടെ പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതോടെ 342 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,127 പേര്‍ നിരീക്ഷണ