ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. ഒരു ദിവസത്തിനിടെ 1324 പേര്‍ക്കാണ് പുതുതായി കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്. 31 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 16116 ആയി.
മരണം 519 ആയും ഉയര്‍ന്നു. അതേ സമയം ഏറ്റവും കുടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. 328 പേര്‍ക്കാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് 3651 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 211 മരണങ്ങളും മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ മുംബൈയിലെ ധാരാവിയില്‍ ഇന്നലെ 20 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ധാരാവിയില്‍ മാത്രം കോവിഡ് ബാധിതരുടെ എണ്ണം 138 ആയി ഉയര്‍ന്നു. 11 പേരാണ് ധാരാവിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. 10 ലക്ഷം പേര അധിവസിക്കുന്ന ചേരി പ്രദേശത്ത് കോവിഡ് വ്യാപിക്കുന്നത് അധികൃതരില്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. മുംബൈ നഗരത്തില്‍ 135 പേര്‍ക്കാണ് ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ആറു മരണങ്ങളും നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2798 ആയി. 131 മരണങ്ങളും മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
186 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഡല്‍ഹിയില്‍ കോവിഡ് ബാധിതര്‍ 1893 ആയി. ഒരു മരണം കൂടി സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയതു. ആകെ 43 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. ഗുജറാത്തിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 139 പുതിയ കേസുകളും അഞ്ചു മരണങ്ങളും സംസ്ഥാനത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. മൊത്തം 1743 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 63 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ ഇന്നലെ 52 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 1407 ആയി 70പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
ഇന്നലെ മരിച്ചവരില്‍ ഒരു പൊലീസുകാരനും ഉള്‍പ്പെടും. ജുനി ഇന്‍ഡോര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ദേവേന്ദ്ര ചന്ദ്രവംശി (45) ആണ് മരിച്ചത്. ഇന്‍ഡോറില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 49 പേരാണ് 890 കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ല പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണ്.
തമിഴ്നാട്ടില്‍ പുതുതായി 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 1477 ആയി. 15 പേരാണ് തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചത്. പഞ്ചാബില്‍ മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 16 ആയി. 219 പേര്‍ക്കാണ് ഇവിടെ കോവിഡ് ബാധയുള്ളത്.