ആശങ്ക ഉയര്‍ത്തി മുംബൈ

14
കോവിഡ് ഭേദമായി ചെന്നൈ സ്റ്റാന്‍ലി ആശുപത്രിയില്‍ നിന്നും പുറത്ത് പോകുന്നവരെ ജീവനക്കാര്‍ ബൊക്കെ നല്‍കി യാത്രയാക്കുന്നു

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതര്‍ 3000കവിഞ്ഞു, മുംബൈയില്‍ മരണം 116

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വൈറസിന്റെ ഹോട്ട്സ്പോട്ടായി മാറിയ മഹാരാഷ്ട്രയില്‍ ആശങ്കപ്പെടുത്തി മരണ നിരക്ക്. മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക് ലോകത്തിലെ തന്നെ ഏറ്റവും കൂടിയ നിരക്കാണെന്ന് (ശതമാന കണക്കില്‍) സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.
ഏപ്രില്‍ 10 മുതല്‍ 15 വരെ പൊതുജനാരോഗ്യ വകുപ്പ്, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ്, ഡ്രഗ്സ് വകുപ്പ് എന്നിവര്‍ ശേഖരിച്ച കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും കൂടിയ മരണ നിരക്കാണ് സംസ്ഥാനത്തുള്ളത്. സംസ്ഥാനത്തെ ഉയര്‍ന്ന കോവിഡ് രോഗവും മരണ നിരക്കും പരിഗണിച്ച് പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് മന്ത്രി രാജേഷ് തോപെ രണ്ട് ഉന്നതാധികാര കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
മുംബൈക്ക് മാത്രം ഒരു കമ്മിറ്റിയും സംസ്ഥാനത്തിന് മൊത്തമായി മറ്റൊരു കമ്മിറ്റിയും. ഉയര്‍ന്ന മരണ നിരക്കിനെ കുറിച്ച് അന്വേഷിക്കാനും ഇതിന് പരിഹാരം നിര്‍ദേശിക്കാനുമാണ് കമ്മിറ്റികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 187 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 6.84 ശതമാനമാണ് മഹാരാഷ്ട്രയിലെ കോവിഡ് മരണ നിരക്ക്. ആഗോള തലത്തില്‍ ഇത് 6.29 ശതമാനമാണ്. അതേ സമയം ഇന്ത്യയിലെ കോവിഡ് മരണ ശതമാനം 3.27 മാത്രമാണ്.
രാജ്യത്താദ്യമായി കോവിഡ് ബാധിതരുടെ എണ്ണം 3,000 കടന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. വ്യാഴാഴ്ച 165 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയിലെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,081 ആയി. വ്യാഴാഴ്ച സ്ഥിരീകരിച്ച 165 കേസുകളില്‍ 107 എണ്ണവും മുംബൈയില്‍ നിന്നുള്ളവയാണ്. മൂന്ന് മരണവും ഇന്നലെ മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ കോവിഡ് ബാധിതരുടെ എണ്ണം 2043 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം 116 പേരാണ് മരിച്ചത്. മുംബൈ ധാരാവിയില്‍ 26 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ ഒമ്പത് മരണം റിപ്പോര്‍ട്ട് ചെയ്ത ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം 86 ആയി.
പുനെ 19, നാഗ്പുര്‍ 10 എന്നിങ്ങനെയാണ് മറ്റു സ്ഥിരീകരിച്ച കണക്കുകള്‍. 295 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടത് മാത്രമാണ് സംസ്ഥാനത്തിന് ആശ്വാസമായിട്ടുള്ളത്.
ഓരോ ദിവസവും നൂറിലധികം പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇത് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരേയും ആശങ്കയിലാക്കുന്നുണ്ട്. അതേസമയം, രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 12,759 ആയി. അതില്‍ 420 പേര്‍ ഇതുവരെ മരിച്ചു. നിലവില്‍ 10,824 പേരാണ് ചികിത്സയിലുള്ളത്. 1,488 പേര്‍ രോഗമുക്തരായി.
മഹാരാഷ്ട്രക്ക് പിന്നാലെ മധ്യപ്രദേശിലും രാജസ്ഥാനിലും കോവിഡ് കേസുകള്‍ ഉയരുകയാണ്. മധ്യപ്രദേശില്‍ കോവിഡ് ബാധിതരുടെ എണ്ണം 987ല്‍ നിന്നും 1120 ആയി ഉയര്‍ന്നു. 53 പേരാണ് ഇവിടെ മരിച്ചത്. രാജസ്ഥാനില്‍ 1005 കോവിഡ് കേസുകളില്‍ നിന്നും ഇന്നലെ 1104 ആയി ഉയര്‍ന്നു.
കര്‍ണാടകയില്‍ രണ്ട് മരണം കൂടി ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി. 315 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുജറാത്തില്‍ രോഗ ബാധിതരുടെ എണ്ണം 695ല്‍ നിന്നും 871 ആയി ഉയര്‍ന്നു. മരണ സംഖ്യ 36 ആയി.
ഡല്‍ഹിയില്‍ 1578 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 32 മരണവും റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ 25 പേര്‍ക്ക് കൂടി പുതുതായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 1267 ആയി. 14 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.