ആസൂത്രണമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി സോണിയ ഗാന്ധി

പ്രവര്‍ത്തക സമിതിയെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുന്ന സോണിയാ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാര്‍ ഒരു തയ്യാറെടുപ്പും നടത്തിയില്ലെന്ന് കോണ്‍ഗ്രസ്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയും മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഇക്കാര്യം ആവര്‍ത്തിച്ചു. 21 ദിവസത്തെ ദേശവ്യാപക ലോക്ക്ഡൗണ്‍ ആവശ്യമാണ്. എന്നാല്‍ ഇത് ഒരു തയാറെടുപ്പുമില്ലാതെ നടത്തിയതാണ് രാജ്യത്ത് കുടിയേറ്റ തൊഴിലാളികളുടെ കൂട്ട പലായനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്ന് സോണിയ പറഞ്ഞു. കോവിഡ് മഹാമാരി ലോകത്ത് ഇതിനോടകം തന്നെ പറഞ്ഞറിയിക്കാനാവാത്ത ദുരിതം സമ്മാനിച്ചു കഴിഞ്ഞുവെങ്കിലും സാഹോദര്യത്തെ ഊട്ടിയുറപ്പിക്കാന്‍ ഇതുവഴി ആയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് ദരിദ്രരും നിരാലംബരുമായവരെയാണ് കോവിഡ് വലിയ ദുരിതത്തിലാഴ്ത്തിയിരിക്കുന്നതെന്നും ഇത്തരക്കാരെ സഹായിക്കുന്നതിനായി എല്ലാവും ഒരുമിച്ചു നില്‍ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. ഇത്രയും കുടിയേറ്റ തൊഴിലാളികളുള്ള ഒരു രാജ്യവും അവര്‍ക്കുള്ള താമസവും ഭക്ഷണവും ഉറപ്പാക്കാതെ ഇത്തരമൊരു നടപടിയെടുക്കില്ലെന്ന് യോഗത്തില്‍ സംസാരിച്ച രാഹുല്‍ പറഞ്ഞു. ദീര്‍ഘകാലത്തിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി യോഗത്തില്‍ പങ്കെടുക്കുന്നത്.
ജൂണില്‍ അധ്യക്ഷ സ്ഥാനമൊഴിയുകയും ആഗസ്റ്റില്‍ സോണിയ ഗാന്ധിയെ ഇടക്കാല അധ്യക്ഷയാക്കുകയും ചെയ്ത ശേഷം പ്രവര്‍ത്തക സമിതി യോഗത്തില്‍ ആദ്യമായിട്ടാണ് രാഹുല്‍ പങ്കെടുക്കുന്നത്. കൊവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സോണിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്നത്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. പ്രായമായവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, പ്രമേഹരോഗികള്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവരെയാണ് കൊറോണ വൈറസ് കാര്യമായി അക്രമിച്ച് ദുര്‍ബലരാക്കുന്നത്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യേക പരിരക്ഷ നല്‍കണമെന്നും രാഹുല്‍ ഗാന്ധി യോഗത്തില്‍ നിര്‍ദേശിച്ചു.