ഇതിലും വലിയ തിരിച്ചടി ഇനി പിണറായിക്ക് കിട്ടാനില്ല

സ്പ്രിംഗ്ലര്‍ വിഷയത്തില്‍ കേരള ജനതയോട് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുപക്ഷ സര്‍ക്കാരും കൈക്കൊണ്ട ധാര്‍ഷ്ട്യത്തിനുള്ള ചുട്ട മറുപടിയാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്. സ്പ്രിംഗ്ലര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് തീര്‍ത്തും അപകടകരമാണെന്ന് തുറന്നടിച്ച ഹൈക്കോടതി ഇക്കാര്യത്തില്‍ തുടക്കം മുതല്‍ മുഖ്യമന്ത്രി പിണറായി എടുത്തണിഞ്ഞ മുഖംമൂടി പിച്ചിച്ചീന്തിയിരിക്കയാണ്.
കോവിഡിനെതിരെയുള്ള പോരാട്ടം നടക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പ്രസ്താവനയിലെ പല കാര്യങ്ങളിലും ഇപ്പോള്‍ ഇടപെടുന്നില്ലെന്നും ഈ വിഷയത്തില്‍ കോടതി മുഖം കറുപ്പിച്ചു കൊണ്ടു വ്യക്തമാക്കി. ഇതും സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്.
പ്രതിപക്ഷ നേതാവടക്കം കേരള ജനത ഒന്നടങ്കം സ്പ്രിംക്ലര്‍ ഇടപാടില്‍ സുതാര്യത വേണമെന്ന് അതിശക്തമായി ആവശ്യപ്പെട്ടിട്ടും പുറംതിരിഞ്ഞ് നിന്ന മുഖ്യമന്ത്രി കോവിഡ് പ്രതിരോധ മേഖലയില്‍ സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് സ്പ്രിംഗ്ലര്‍ അഴിമതിക്ക് തടയിടാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ താന്‍പോരിമക്കും ധാര്‍ഷ്ട്യത്തിനും മുന്നില്‍ ഗത്യന്തരമില്ലാതെയാണ് പ്രതിപക്ഷ നേതാവടക്കമുള്ളവര്‍ നിയമ പോരാട്ടത്തിന് തയ്യാറായത്. കര്‍ശന ഉപാധികളോടെ സ്പ്രിംഗ്ലര്‍ കരാര്‍ തുടരാന്‍ അനുമതി നല്‍കുന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നതില്‍ സര്‍ക്കാരിന് അല്‍പംപോലും ആശ്വസിക്കാന്‍ വകയില്ലെന്ന് നിയമസാക്ഷരതയുടെ ബാലപാഠം മാത്രം അറിയാവുന്നവര്‍ക്ക് പോലും മനസിലാകും. ലോകം മുഴുവന്‍ കോവിഡ്-19 എന്ന മഹാമാരിക്കെതിരെ അതിശക്തമായ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കെ സ്പ്രിംഗ്ലര്‍ കരാര്‍ റദ്ദാക്കിയാല്‍ കേരളത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിക്കുമെന്ന സന്ദേഹമാണ് അറ്റകൈ പ്രയോഗം നടത്തുന്നതില്‍ നിന്ന് ഹൈക്കോടതിയെ പിന്തിരിപ്പിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണ്.
കോടതി ഇടപെടല്‍ മൂലം രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത അല്‍പം പോലും കുറയാന്‍ ഹൈക്കോടതി ആഗ്രഹിക്കാത്തതു കൊണ്ടുമാത്രമാണ് കര്‍ശന ഉപാധികളോടെ കരാറിന് അനുമതി നല്‍കിയിരിക്കുന്നത്. സ്പ്രിംക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജികള്‍ പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാരിന്റെ വിശ്വാസ്യതയെ പച്ചക്ക് ചോദ്യം ചെയ്തതില്‍ നിന്ന് ഇക്കാര്യം വ്യക്തമാണ്. പ്രതിപക്ഷത്തോടും കേരള ജനതയോടും സ്പ്രിംഗ്ലര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞ തൊടുന്യായങ്ങള്‍ ദശലക്ഷങ്ങള്‍ മുടക്കി മുംബൈയില്‍ നിന്ന് ഐ.ടി വിദഗ്ധയായ അഭിഭാഷകയെ കൊണ്ടുവന്നിട്ടും ഹൈക്കോടതിയെ ബോധ്യപ്പെടുത്താനായില്ല. കേരളത്തിലെ സാധാരണ ജനത്തിന്റെ ചിന്തക്കും അവരുടെ സംശയങ്ങള്‍ക്കുമുള്ള നേരിട്ടുള്ള ഇടപെടലാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ഇതിനകം കോവിഡ് രോഗികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ശേഖരിച്ച വിവരങ്ങള്‍ രഹസ്യാത്മകത ഉറപ്പാക്കിയതിന് ശേഷം മാത്രമേ സ്പ്രിംഗ്ലറിന് കൈമാറാവൂ എന്ന കര്‍ശന ഉപാധിയാണ് ഹൈക്കോടതി മുന്നോട്ടുവച്ചിരിക്കുന്നത്. സ്പ്രിംഗ്ലര്‍ കമ്പനി ഇതുവരെ ശേഖരിച്ച ഡാറ്റകള്‍ വ്യക്തികളെ അറിയിക്കണമെന്നും വ്യക്തികളുടെ സമ്മതം മേടിച്ചതിന് ശേഷം മാത്രമേ ഈ ഡാറ്റകള്‍ ശേഖരിക്കാന്‍ പാടുള്ളൂവെന്നും ഹൈക്കോടതി പറഞ്ഞു. വ്യക്തികളെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധത്തിലായിരിക്കണം ഡാറ്റ സ്പ്രിംക്ലറിന് കൈമാറേണ്ടതെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇതേ ആവശ്യങ്ങളാണ് പ്രതിപക്ഷവും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നത്. കേരള ജനത വളരെ ലളിതമായി ആവശ്യപ്പെട്ടിരുന്നതും വൈകുന്നേരത്തെ പത്രസമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നതും ഇതു തന്നെയാണ്. അപ്പോഴെല്ലാം മുഖ്യമന്ത്രിയുടെ മറുപടി സ്വതസിദ്ധമായ ധാര്‍ഷ്ട്യവും അഹങ്കാരവുമായിരുന്നു. ചോദിക്കുന്നവരെ പേടിപ്പിച്ചു നിര്‍ത്തുന്ന ഫാസിസ്റ്റ് തന്ത്രം പയറ്റിയിരുന്ന മുഖ്യമന്ത്രി അതേ കുതന്ത്രത്തിന്റെ ഭാഗമായാണ് മുംബൈയില്‍ നിന്ന് സൈബര്‍ വിദഗ്ധയായ അഭിഭാഷകയെ ഇറക്കിയത്. ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷക വാദിച്ചപ്പോഴാണ് സ്പ്രിംഗ്ലര്‍ കരാറിനെ പൊരിച്ചടുക്കുന്നതിന് സമാനമായ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. സര്‍ക്കാരുമായുണ്ടാക്കിയ കരാറില്‍ സ്പ്രിംഗ്ലര്‍ കമ്പനിക്ക് കൂടി കനത്ത തിരിച്ചടി നല്‍കുന്നതാണ് ഹൈക്കോടതി ഉത്തരവ്. കോവിഡുമായി ബന്ധപ്പെട്ട് ശേഖരിക്കുന്ന ഡാറ്റകള്‍ വാണിജ്യ ആവശ്യത്തിന് ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും ഹൈക്കോടതി അമേരിക്കന്‍ കമ്പനിക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.